Saturday, February 5, 2011

നാടകാന്തം കവിത്വം

"പ്രദീപേ ...നിനക്ക് അടുത്ത പീരീഡ് ഒന്‍പതിനല്ലേ ?"
ഉണ്ണി സ്റ്റാഫ് റൂമിന് പുറത്ത് നിന്ന് സാമാന്യം ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു.
"അതേ ..എന്താ കാര്യം ..?"
"അല്ല അതൊന്നു ചെയിന്‍ജ് ചെയ്തു കിട്ടിയിരുന്നെങ്കില്‍ വലിയ ഉപകാരമായിരുന്നു ..എന്‍റെ പോര്‍ഷനസ് തീരാന്‍ കുറേ ബാക്കിയാ ...അടുത്താഴ്ച ഒന്‍പതു 'ബി 'ക്കാര്‍ക്ക് സ്കൂളില് ടെസ്റ്റ്‌പേപ്പര്‍ ഉണ്ടെന്നു പിള്ളാര് പറഞ്ഞാരുന്നെ ....ഒന്നാമത് അതില് പകുതീം പേടാ ..അതിന്റെ കൂടെ സിലബസ്സൂടെ തീര്‍ന്നില്ലേല്‍ ഈപ്പന്‍ സാര്‍ ആദ്യം തന്നെ അതേ കേറിപ്പിടിക്കും......."


"എന്‍റെ ഉണ്ണിസാറേ നിങ്ങള് മൂന്ന് പേരും ഇവിടെ ജോയിന്‍ ചെയ്ത നാളു തൊട്ടേ ഞാന്‍ പറേന്നതാ പിള്ളാര് കേള്‍ക്കെ അങ്ങോട്ടും ഇങ്ങോട്ടും ഇങ്ങനെ എടാ പോടാന്നു വിളിക്കല്ലേന്നു.. കാര്യം നിങ്ങള് കൂട്ടുകാരാ ....പക്ഷേ ഇതൊരു സ്ഥാപനമാണെന്ന കാര്യം മറക്കരുത് ..നിങ്ങടെ ജോലീം ....... "
ഈപ്പന്‍സാറ് തൊട്ടപ്പുറത്തെ ക്ലസ്സിലുണ്ടാരുന്നത് ഉണ്ണി അപ്പോഴാണ്‌ കണ്ടത് ..

"പിന്നേ ....ഇപ്പൊ പറഞ്ഞത് ആരും കേട്ടില്ല ...... ഒരു വിശ്വ കലാലയം .! മാസാവസാനമാകുമ്പോഴും ആ ഓര്‍മ്മ വേണം, ഇതൊരു സ്ഥാപനമാണെന്ന്..അല്ലാതെ................"
ഉണ്ണി പിറുപിറുത്തു കൊണ്ട് ക്ലാസ്സിലേക്ക് പോയി .

മൂന്ന് വര്‍ഷം മുന്‍പ് ഏതാണ്ട് ഒരേ സമയത്താണ് പ്രദീപും,അജയനും , ഉണ്ണിയും ഈപ്പന്‍ സാറിന്റെ കൈരളി ട്യൂഷന്‍ സെന്‍റ്ററില്‍ ജോലിക്കെത്തിയത് . മൂന്ന് പേരും ഒരേ കോളേജില്‍ നിന്ന് ഡിഗ്രി കഴിഞ്ഞു നിന്ന സമയം ..ഉണ്ണിയാണ് , ഒരു സ്ഥിര വരുമാനം ആകും വരെ ട്യൂഷന്‍ പ്രസ്ഥാനം എന്ന ആശയം മുന്നോട്ടു വെച്ചത് .രാപകല്‍ കവല നിരങ്ങുന്നൂന്നുള്ള വീട്ടുകാരുടെ പരാതിക്കൊരിടക്കാലാശ്വാസവുമാകും . പ്രദീപിനതില്‍ ഒട്ടും താല്പര്യമില്ലാരുന്നു ..കാരണം ഒരു എം. ബി .എ ക്കാരനാവുക എന്നതായിരുന്നു അവന്‍റെ ആത്യന്തികമായ ലക്‌ഷ്യം .തുടര്‍ന്നുള്ള ബിരുദ സമ്പാദനം സ്വന്തം വിയര്‍പ്പു കൊണ്ട് മതി എന്ന അച്ഛന്‍റെ പ്രഖ്യാപനം കീറാമുട്ടിയായപ്പോള്‍ ഒടുവിലവനും സമ്മതം മൂളുകയായിരുന്നു.

സ്വന്തമായൊരെണ്ണം കെട്ടിപ്പൊക്കി ആള്‍ക്കാരുടെ വിശ്വാസം പിടിക്കാന്‍തക്ക തഴക്കവും പഴക്കവും ഇല്ലാത്തത് കൊണ്ട് ഈപ്പന്‍ സാറിന്റെ കൈരളി തന്നെ കളരിയായി തേടിപ്പിടിച്ചതും ഉണ്ണി തന്നെ . യുദ്ധകാലാടിസ്ഥാനത്തില്‍ മാത്രമുള്ള ശമ്പളവിതരണമൊഴിച്ചാല്‍ മൂന്ന് പേരും ഏറെക്കുറെ കൃതാര്‍ത്ഥരായി തന്നെ കൈരളിയില്‍ സേവനമനുഷ്ടിച്ചു പോന്നു .

"ഉണ്ണി സാറേ , മണി പതിനൊന്നായി . ഒന്നു തൊണ്ട നനച്ചേച്ചും വരാം . "
പ്രദീപ്‌ പത്തിന് ക്ലാസ്സെടുക്കുകയായിരുന്ന ഉണ്ണിയെ പുറത്ത് നിന്ന് നീട്ടി വിളിച്ചു.
"ഓ ..പറഞ്ഞ പോലെ നേരം പോയതറിഞ്ഞില്ല .."
ഉണ്ണി ക്ലാസ് മതിയാക്കി പുറത്തേയ്ക്ക് വന്നു .

"പിന്നേയ് .. ശനിയാഴ്ചകളിലെ ഈ അഖന്ധനാമജപം തുടര്‍ന്നു കൊണ്ട് പോകാന്‍ എന്നെക്കൊണ്ട്‌ പറ്റത്തില്ല. രാവിലെ ഏഴു മണിക്ക് തുടങ്ങുന്നതാ ..ഒരു മണി വരെ ഒറ്റ പീരീഡ് ഒഴിവില്ല .തൊണ്ടേലെ വെള്ളം വറ്റി..ചോക്കുപൊടി കേറി മൂക്കുവടഞ്ഞു ..സാറീ ടൈംടെബിളൊന്ന് അടിയന്തിരമായി വെട്ടിത്തിരുത്തിയെ പറ്റൂ .."
അജയന്‍ യു .പി ക്ലാസില്‍ നിന്ന് നേരെ വന്നു ഈപ്പന്‍ സാറിനോട് തട്ടിക്കയറി ..

"സാറ് തല്‍ക്കാലം ഒരു ചായ കുടിച്ചു തൊണ്ട നനയ്ക്ക്. ബാക്കിക്കാര്യം ഞാന്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാം .."
"അനുഭാവിച്ചാലും ഇല്ലെങ്കിലും അടുത്താഴ്ച ഇതനുഭവിക്കാന്‍ എന്നെ കിട്ടുമെന്ന് കരുതണ്ട."
അജയന്‍ കൈയ്യിലെ പുസ്തകം മേശപ്പുറത്തിട്ട് പുറത്തേയ്ക്ക് നടന്നു.

"ഈ പരിപാടി അടിയന്തിരമായി അവസാനിപ്പിച്ചേ മതിയാകൂ ."
ശശിയണ്ണന്റെ ചായക്കട ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ അജയന്‍ പറഞ്ഞു .
"എന്ത് ? ചായകുടിയോ?"
ഉണ്ണി ചോദ്യ ഭാവത്തില്‍ അവനെ നോക്കി.
"അല്ല , ഈ ഇടക്കാലോദ്യോഗം .കൊല്ലം മൂന്നായി ,ഇതിനകത്ത് കിടന്നു തുരുമ്പ് പിടിക്കാന്‍ തുടങ്ങീട്ട് .
ഇടക്കാലാശ്വാസമെന്നു പറഞ്ഞു തുടങ്ങീട്ട് ഇതിപ്പോ ഏതാണ്ട് വേരുറച്ച മട്ടാ. ഇന്നലെ അച്ഛന്‍ ചോദിച്ചു : അവിടുന്ന് തന്നെ പെന്‍ഷന്‍ പറ്റാനാണോ മോനുദ്ദേശമെന്ന് ."

"വീട്ടുകാരുടെ വിചാരം പാന്റും കോട്ടും ഇട്ട് ചെന്നാ ഉടനെ പെട്ടീലെടുത്തു വെച്ചേക്കുവാന്നാ ഉദ്ദ്യോഗം ."
അത് പറയുമ്പോള്‍ പ്രദീപിന്റെ മുഖത്ത് ഈര്‍ഷ്യയും , പുച്ഛവും പ്രകടമായിരുന്നു ..
"ഗള്‍ഫിലെ അളിയനെ വിളിക്കുമ്പോഴെല്ലാം പുള്ളി അതി വിദഗ്തമായി ഒഴിഞ്ഞു മാറുന്നുണ്ട് ..പിന്നെ സര്‍ട്ടിഫികേറ്റിന്റെ കനം നോക്കാതെ കേറിപ്പോരുന്നേല്‍ പോരാനും പറഞ്ഞു ."
"അതായത് കമ്പ്യൂട്ടര്‍ പഠിച്ചവന് കമ്പിപ്പണി .. ഹ ഹാ ..കൊള്ളാം ,"
അജയന്‍ കൂട്ടിച്ചേര്‍ത്തു..

"അജയന്‍സാറ് പിള്ളാരെ വല്ലാതെ മേല് നോവിക്കൂന്നൂന്നു ഒരു പരാതിയുണ്ടല്ലോ ."
ചായേം പരിപ്പ് വടേം കൊണ്ട് വെയ്ക്കുന്നതിനിടെല്‍ ശശിയണ്ണന്‍ ഒരു കമന്റു പാസ്സാക്കി .
"ആരാ പറഞ്ഞെ ? എന്നാ പിന്നെ മടീലിരുത്തി താരാട്ട് പാടി പഠിപ്പിക്കാം .തല്ലി പഠിപ്പിക്കേണ്ടി വന്നാല്‍ അങ്ങനെ തന്നെ ചെയ്യണം .എന്നാലേ പിള്ളാര് നന്നാവൂ .."
അജയന്‍ ദേഷ്യത്തോടെ തിരിച്ചടിച്ചു.

"എന്റെ സാറേ നിങ്ങള് ചെറുപ്പമായാത് കൊണ്ടാ ഈ തെളപ്പ്‌ . സ്വന്തം ജീവനെപ്പോലെ ആറ്റു നോറ്റു വളര്‍ത്തുന്ന പിള്ളരെടെ മേലെ കൈ വെയുക്കുംമ്പം അതുങ്ങളുടെ തന്തയ്ക്കും തള്ളയ്ക്കുമാ നോവുന്നെ .
കൈ വളരുന്നോ , കാലു വളരുന്നോന്നു നോക്കി വളര്‍ത്തുന്നതിന്റെ പ്രയാസം നിങ്ങള്‍ക്കു മനസ്സിലാവില്ല ..അതിന് കുറേക്കൂടി പ്രായമാകണം .ഇത് പോലെ ഒന്നു രണ്ടെണ്ണത്തിന്റെ തന്തയാകുംമ്പം മനസ്സിലാകും .
എന്റെ മൂത്ത പെങ്കൊച്ചിനെ ഒരുത്തന്‍ വീട്ടീ വന്നു പഠിപ്പിച്ചോണ്ടിരുന്നതാ..ഏതാണ്ട് ചോദ്യത്തിനുത്തരം പറഞ്ഞില്ലാന്നു പറഞ്ഞു അവന്‍ ചൂരലിന് വലിച്ചടിച്ചത് കൊണ്ട് പൊട്ടിയത് കൊച്ചിന്റെ പറയാന്‍ വയ്യാത്തിടത്താ..
അതോടെ നിര്‍ത്തി അവന്റെ ഒടുക്കത്തെ പഠിപ്പിക്കല്. അല്ല പിന്നെ ..!!"
ശശിയണ്ണന്‍ വികാരത്താല്‍ വിതുമ്പി വിറച്ചു .
അജയന്‍ ദേഷ്യത്തോടെ ചായകുടി പകുതിയില്‍ നിറുത്തി വേഗത്തില്‍ പുറത്തേയ്ക്ക് നടന്നു.
"കാര്യം പറഞ്ഞാല്‍ ഇപ്പഴത്തെ ചെറുപ്പക്കാര്‍ക്ക് പിടിക്കില്ലാ ..ഇതാ കുഴപ്പം .."
ശശിയണ്ണന്‍ ആരോടെന്നില്ലാതെ പറഞ്ഞു .
പ്രദീപും, ഉണ്ണിയും ഏറെ വിളിച്ചിട്ടും അജയന്‍ നില്‍ക്കാതെ പോയി .

"അല്ലേലും അവന്റെ ചൂരല്‍ പ്രയോഗം ഇത്തിരി ഓവറാ .."
തിരിച്ചു നടക്കുന്നതിനിടയില്‍ ഉണ്ണി ,പ്രദീപിനോട് പറഞ്ഞു .
"കാളേ അടിക്കുന്ന പോലെ പിള്ളാരെ അടിച്ചാല്‍ അവര് താങ്ങുവോ ?
ഇന്നലെ പത്തിലെ യമുനേടെ കൈയ്യീന്ന് എന്തോ ലൌ ലെറ്റര്‍ കിട്ടീന്നു പറഞ്ഞു ചില്ലറ പുകിലല്ലാരുന്നു .ആ കുട്ടീടെ അച്ഛന്‍ വരാതെ അടങ്ങില്ലെന്ന മട്ടായിരുന്നു .ഈപ്പന്‍ സാറ് വല്ലാതെ പണിപ്പെട്ടാണ് ഒന്നു തണുപ്പിച്ചത്‌ ."
പ്രദീപ് പറഞ്ഞു നിര്‍ത്തി .

"ഈ കമ്പ്യൂട്ടെര്‍ യുഗത്തില്‍ മുട്ടേലെഴേന്ന പിള്ളേര് വരെ എസ്‌.എം.എസ്‌ വിട്ടു തുടങ്ങും .പിന്നാ പതിനഞ്ചു തികഞ്ഞ പെണ്ണ് ലെറ്റര്‍ വിടുന്നത് ..!!"

"ആ ..എനിക്കിനി ഒരു പീരീടെ ഉള്ളൂ ..വൈകിട്ട് ലൈബ്രറീ കാണാം.."
ഉണ്ണി ചോക്കുമെടുത്തു ക്ലാസ്സിലേക്ക് നടന്നു ..

പിറ്റേന്ന് രാവിലെ ഉണ്ണി കൈരളിയുടെ മുന്നിലെത്തുമ്പോള്‍ മുറ്റത്തോരാള്‍ക്കൂടം.നടുവിലായി ഈപ്പന്‍ സാറും , അജയനും .
"എന്ത് പറ്റി സാറേ ?"
ഉണ്ണി ചോദ്യ ഭാവത്തില്‍ ഈപ്പന്‍ സാറിനെ നോക്കി .
"എന്നാലും ആ പെണ്ണ് കാണിച്ച പണിയേ !! എനിക്കിപ്പഴും വിശ്വാസം വരുന്നില്ല കര്‍ത്താവേ .."
"ആര് ?"
"നമ്മുടെ യമുനയേ ?"
"അവള്‍ക്കെന്തു പറ്റി ?"
"അവളാ ചായക്കടക്കാരന്‍ ശശിയുടെ കൂടെ ഇന്നലെ രാത്രി ഒളിച്ചോടിയെന്ന്.!"
"ഹെ..!!
ഒരമ്പതീച്ചയ്ക്ക് ഒരുപോലെ കേറാവുന്ന തരത്തില്‍ ഉണ്ണീടെ വായ പിളര്‍ന്നു പോയി !"
"ഇതാര് പറഞ്ഞു ?"
"പെണ്ണ് വീട്ടീ കത്തെഴുതി വെച്ചിട്ടാ പോയിരിക്കുന്നെ..
ശശീടെ പെണ്ണുമ്പിള്ളേം പിള്ളാരും ചായക്കടയ്ക്ക് മുന്നീക്കിടന്ന്‌ നെലവിളിക്കുന്നുണ്ട് .."
ഉണ്ണി അജയന്‍റെ മുഖത്തേയ്ക്കു നോക്കി ..
അവന്‍ ചിറികോട്ടിച്ചിരിച്ചു
"' ഇവനൊക്കെ ഭൂലോക ഫ്രാടാണെന്നു ഞാന്‍ പണ്ടേ പറഞ്ഞതല്ലേന്ന വ്യക്തമായ ഭാവം പ്രകടമാക്കുന്ന ഒരു പുച്ഛച്ചിരി' !"
"വാ ..പോയിട്ട് വരാം .."
അജയന്‍ ഉണ്ണിയെ വിളിച്ചു .
"എങ്ങോട്ട് ?"
"സുഗതന്റെ ചായക്കടയിലേക്ക് ..പുതിയ പറ്റു തുടങ്ങണ്ടേ ..ഐശ്വര്യമായി രാവിലെ തന്നെ ഒരു ചായ കുടിച്ചു തുടങ്ങാം ."
"അ ..ത് ..പി..ന്നെ .."
വിക്കി ..വിക്കി അജയന്റെ പിന്നാലെ നടക്കുമ്പോള്‍ ഉണ്ണി അറിയാതെ പറഞ്ഞു പോയീ :

"എന്നാലും എന്റെ ശശിയണ്ണാ ...രണ്ടു കുഞ്ഞുങ്ങളുടെ മഹാനായ പിതാവേ ..
ഇന്നലത്തെ അങ്ങയുടെ ഒരു സ്പീച്ചേ ..!!

No comments:

Post a Comment