Saturday, August 13, 2011

ഒരു പതിനഞ്ചുകാരിയുടെ (അ)വ്യക്ത സ്വപ്‌നങ്ങള്‍

ഇറയത്തു നിന്ന് രണ്ട് കൈകളും ആയത്തില്‍ വീശി മഴവെള്ളം തട്ടിത്തെറിപ്പിക്കുമ്പോള്‍ മേലാകെ ചിതറി വീണ വെള്ളത്തുള്ളികളുടെ ഇക്കിളിപ്പെടുത്തലില്‍ രശ്മിയ്ക്ക് കുളിരുകോരി. ഇന്നലത്തെ രാത്രിയിലെ സ്വപ്നത്തിലും താനിതു പോലെ ഇറയത്തു നിന്ന് മഴ നനഞ്ഞെന്നവളോര്‍ത്തു. ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി സ്വപനത്തില്‍ കാണാന്‍ കഴിയുമോ ? ചില സ്വപ്‌നങ്ങള്‍ ശരിക്കും ഫലിക്കുമെന്ന് കിഴക്കേതിലെ ജാനുവേട്ടത്തി പറയാറുണ്ട്‌ ; വെളുപ്പാന്‍കാലത്തു കാണുന്ന സ്വപ്‌നങ്ങള്‍ പ്രത്യേകിച്ചും! രാത്രിയിലെ സ്വപ്നങ്ങള്‍ക്കും കാലത്തെ സ്വപ്നങ്ങള്‍ക്കും തമ്മിലെന്താണ് വ്യത്യാസം? അറിയില്ല .തന്റെ സ്വപ്നങ്ങളുടെ നേരവും കാലവും ഓര്‍ത്തെടുക്കാന്‍ രശ്മി വെറുതേ ശ്രമിച്ചു നോക്കി. ഇല്ല ..കഴിയുന്നേയില്ല ..പലപ്പോഴും ഉറക്കത്തിലെ സ്വപ്‌നങ്ങള്‍ ഒടുവില്‍ ഉറക്കത്തിലൂടെ തന്നെ തീരം കടന്ന് പോകാറാണ് പതിവ് . ഒന്നു രണ്ട് തവണ ചില ദു:സ്വപ്‌നങ്ങള്‍ കണ്ടു ഞെട്ടിയുണര്‍ന്നിട്ടുണ്ട് . അപ്പോഴെല്ലാം നേരം പാതിരാ കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ . ഇന്നലെ മഴ പെയ്യുന്നത് എപ്പോഴാണ് കണ്ടത് ? രാത്രിയിലോ കാലത്തോ ? ഇല്ല ..അതും ഓര്‍ക്കാന്‍ കഴിയുന്നില്ല . പക്ഷേ സ്വപ്നത്തിലും ഇതുപോലൊരു വൈകുന്നേരമായിരുന്നു. മങ്ങിത്തുടങ്ങിയ സൂര്യ വെളിച്ചത്തെ കറുപ്പിച്ചുകൊണ്ട്‌ ഞൊടിയിടയില്‍ ഒരു മൂടിക്കെട്ടല്‍.അങ്ങ് ദൂരെ നിന്ന് തുരങ്കത്തിലൂടെന്നപോലെ അടുത്തടുത്തു വരുന്ന കാറ്റിന്റെ ചൂളം വിളി .വേനല്‍ മഴയുടെ വിളംബരം പോലെ ഒരു മിന്നല്‍ച്ചുഴി വന്നുപോകും മുന്‍പേ മണ്ണിനെ വിറപ്പിച്ചുകൊണ്ടൊരിടിനാദം!

അപ്പോഴാണ്‌ അവളതോര്‍ത്തത് . ഇന്നത്തെ മഴയ്ക്ക്‌ ഇതുവരെ ഇടി മുഴങ്ങിയിട്ടില്ല ..സ്വപ്നത്തിലെ കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി പറയാന്‍ ഇതു മാത്രം . പൊടുന്നനെ കാതടയ്ക്കുന്ന ഒച്ചയില്‍ ഇടി മുഴങ്ങി !
"അമ്മേ!!:
നിലവിളിക്കുന്നതിനിടയില്‍ തന്നെ രശ്മി പുറകോട്ടു മറിഞ്ഞിരുന്നു . ശരീരം മുഴുവന്‍ ഭീതിയുടെ തരംഗങ്ങള്‍ തീ പടര്‍ത്തുന്നതവളറിഞ്ഞു .
"രശ്മീ ....എന്തുണ്ടായീ.....??"
ഇന്ദു അകത്തു നിന്നോടിയെത്തുമ്പോള്‍ രശ്മി നിലത്തു ഭിത്തിയില്‍ ചാരി ഇരിക്കുകയായിരുന്നു. അവള്‍ പേടിയും സംശയവും ഇടകലര്‍ന്ന ഭാവത്തില്‍ അമ്മയെ നോക്കി .
"മോളേ ..നിനക്കെന്തെങ്കിലും പറ്റിയോ ?"
രശ്മിയെ താങ്ങി എഴുന്നേല്‍പ്പിക്കുന്നതിനിടയില്‍ അവര്‍ തിരക്കി .
"ഇല്ല ഒന്നുവില്ലമ്മേ ..ഓര്‍ക്കാപ്പുറത്ത് ഇടി വെട്ടിയപ്പോള്‍ പേടിച്ചു പോയി ."
"നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് മഴയത് ഇങ്ങനെ പുറത്തിറങ്ങി നില്‍ക്കരുതെന്ന് . അതും പോരാത്തതിന് വേനല്‍ മഴ ..ഇടീം മിന്നലും കൂടെ കാണുമെന്നറിയാത്തതൊന്നുമല്ല..നീ കൊച്ചു കുട്ടിയൊന്നുമല്ലെന്നോര്‍ക്കുന്നത് നന്ന് ."

ഇന്നലത്തെ സ്വപ്നത്തെക്കുറിച്ച് അമ്മയോട് സൂചിപ്പിക്കണമെന്നുണ്ടായിരുന്നു. പിന്നെ അത് വേണ്ടെന്ന് വെച്ചു. അതമ്മയെ കൂടുതല്‍ ശുണ്ഠി പിടിപ്പിച്ചേക്കുമെന്ന് തോന്നി . അമ്മയുടെ കൂടെ അകത്തേയ്ക്ക് നടക്കുമ്പോള്‍ രശ്മിയുടെ മനസ്സു മുഴുവന്‍ കുട്ടികളും മുതിര്‍ന്നവരും തമ്മിലുള്ള അതിര്‍വരമ്പായിരുന്നു..'മുതിര്‍ന്നവര്‍ സ്വപ്നം കാണാറില്ലേ ? മുതിര്‍ന്നു കഴിഞ്ഞാല്‍ മുറ്റത്തിറങ്ങി മതിയാവോളം മഴ കൊണ്ടൂടേ ? പൂന്തോട്ടത്തിലെ പൂക്കളെ തഴുകി മണത്തൂടേ? പാട്ട് പാടുന്ന കിളികളെ തേടി തൊടിയിലൂടെ ഓടി നടന്നൂടെ? അതിലെന്താ പൊരുത്തക്കേട് ..ഒന്നുമില്ല അത്ര തന്നെ . എന്നിട്ടും അമ്മ എന്തിനാണ് ഇടയ്ക്കിടയ്ക്ക് തന്റെ പ്രായത്തെ ഓര്‍മ്മപ്പെടുത്തുന്നത്? പോരാത്തതിന് പെണ്‍ കിട്ടിയാണെന്നൊരെടുത്തു പറച്ചിലും!'
രശ്മിക്ക്‌ ശരിക്കും അരിശം തോന്നി .

ഇന്ദു കുളി കഴിഞ്ഞ്‌ നനഞ്ഞ മുടി തോര്‍ത്തിക്കൊണ്ട്‌ വരുമ്പോഴും രശ്മി അതേ ഇരിപ്പായിരുന്നു . അച്ഛന്റെ ടേബിളിനടുത്തേയ്ക്ക് കസേര വലിച്ചിട്ട് കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡില്‍ അലസമായി വിരലോടിച്ചു വെറുതേയിരിക്കുന്നു .
"മോളേ .."
അവര്‍ അടുത്ത് വന്ന് മകളുടെ ചുമലില്‍ പിടിച്ച് കൊണ്ട് വിളിച്ചു .
"പേടിയൊക്കെ മാറിയോ ?"
"മഹും..അതപ്പഴേ പോയമ്മേ .."
അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു .
"അമ്മേ ..നീനുവും രേഷ്മയുമെല്ലാം കംബ്യൂട്ടര്‍ കോഴ്സിനു ചേരുന്നുണ്ട് .അവര്‍ മാത്രമല്ല ക്ലാസ്സിലെ മിക്ക കുട്ടികളും പോകുന്നുണ്ട് .എനിയുക്കും കോഴ്സിനു ചേരണമെന്നുണ്ട് . വൈകിട്ട് ആറ് മുതല്‍ ഏഴ് വരേയുള്ളൂ..ട്യൂഷന്‍ കഴിഞ്ഞാല്‍ നേരേ കംബ്യൂട്ടര്‍ സെന്‍ററിലേയ്ക്ക് പോകാന്‍ സാധിയ്ക്കും."
അവള്‍ പ്രതീക്ഷയോടെ അമ്മയെ നോക്കി .
"എന്തിനാ ഇപ്പോള്‍ പ്രത്യേകിച്ചൊരു കോഴ്സിനു ചേരല്‍ സ്കൂളില്‍ കബ്യൂട്ടര്‍ ലാബ് ഉള്ളതല്ലേ ? മാത്രമല്ല ഇപ്പോള്‍ റഗുലര്‍ കോഴ്സിന്റെ ആവിശ്യമില്ലതാനും .."
അവര്‍ നെറ്റി ചുളിച്ച് മകളെ നോക്കി .
"സ്കൂളിലെ ലാബൊക്കെ പേരിനു മാത്രമാ ..അതിലെ സിസ്റ്റം പകുതിയും ചത്തതാ..ആളെ കാണിക്കാന്‍ വേണ്ടി മാത്രം ഒരു കബ്യൂട്ടര്‍ ലാബ് .."
"എന്നാല്‍ പിന്നെ മോര്‍ണിംഗ് ബാച്ചില്‍ ജോയിന്‍ ചെയ്യാന്‍ പറ്റില്ലേ ?"
"രാവിലേ ട്യൂഷന്‍ ഇല്ലേ അമ്മേ ? പിന്നെപ്പോഴാ സമയം ?"
"വേണ്ട വേണ്ട ..ആറു മണിക്കു ശേഷമുള്ള പഠിത്തമൊന്നും വേണ്ട ..അല്ലെങ്കില്‍ തന്നെ തിരിച്ച് വരുന്ന വരെ ആധിയാ..നീയൊരു വളര്‍ന്ന പെണ്‍കുട്ടിയാ രശ്മീ ..നീ അതെന്താ ആലോചിക്കാത്തേ?? "
അവര്‍ വീണ്ടും മകളെ അവളുടെ പ്രായത്തിന്റെ പരിമിതികളെപ്പറ്റി ഓര്‍മ്മപ്പെടുത്തി .
"എന്തു പറഞ്ഞാലും വളര്‍ന്ന പെണ്‍കുട്ടി അല്ലെങ്കില്‍ മുതിര്‍ന്ന പെണ്‍കുട്ടി !! കേട്ടു കേട്ട്‌ മടുത്തു ..ഞാന്‍ വളര്‍ന്നതെന്റെ കുറ്റമാണോ ? അമ്മയെന്തിനാണിങ്ങനെ പേടിക്കുന്നത്? ഇതു പഴേ കാലമൊന്നുമല്ല എനിക്കൊരു പേടിയുമില്ല ."
രശ്മിയുടെ ശബ്ദം ദേഷ്യവും സങ്കടവും ഇടകലര്‍ന്നിടറിയിരുന്നു.
"നീ പറഞ്ഞത് തന്നെയാണ് മോളേ കാരണം .ഇതു പഴയ കാലമല്ല ..പെണ്‍കുട്ടികള്‍ ഉള്ളവര്‍ക്കേ അത് മനസ്സിലാകൂ ..പെണ്ണിന് കാലത്തെയും പ്രായത്തേയും ഒരുപോലെ പേടിച്ചേ മതിയാകൂ കുട്ടീ ..നിനക്കതിപ്പോള്‍ മനസ്സിലാകില്ല .."
കയ്യിലെ നനഞ്ഞ തോര്‍ത്ത്‌ നിവര്‍ത്തി കുടഞ്ഞ്‌ അവര്‍ അകത്തേയ്ക്ക് നടന്നു.

രാത്രി ഭക്ഷണത്തിനൊരുമിച്ചിരിയ്ക്കുമ്പോള്‍ രശ്മി അച്ഛന്റെ മുന്നില്‍ വീണ്ടും വിഷയമവതരിപ്പിച്ചു .ഇത്തവണ അമ്മ പഴയതിലും ശക്തിയായി തന്നെ എതിര്‍ത്തു .
"അല്ലെങ്കില്‍ തന്നെ ഹൈ സ്കൂള്‍ കഴിയട്ടെ റെഗുലര്‍ കോഴ്സിനു ചേരാവല്ലോ? അതുമല്ലെങ്കില്‍ വെക്കേഷന്‍ സമയത്ത് നോക്കാം ..അത് വരെ സ്കൂള്‍ ലാബിലെ പഠിത്തം മതി .."
രശ്മി നിരാശ നിഴലിച്ച കണ്ണുകളോടെ അച്ഛനെ നോക്കി.
"തല്‍ക്കാലം നീ അമ്മ പറേന്നത് കേള്‍ക്കു മോളേ .. അല്ലെങ്കില്‍ നീയീ കോഴ്സ് കമ്പ്ലീറ്റ് ചെയ്യുന്നത് വരെ ഇവിടെ അടിയന്തിരാവസ്ഥ നില നില്‍ക്കും ..അതിലും ഭേദമല്ലേ തല്‍ക്കാലം ഇതു വേണ്ടെന്ന് വെയ്ക്കുന്നത് . "
"ഹും !"
രശ്മി നീരസത്തോടെ മുഖം താഴ്ത്തി . പിന്നെ കഴിപ്പ്‌ മതിയാക്കി എഴുന്നേറ്റു പോയി .
"അച്ഛനും മോള്‍ക്കും എല്ലാം ഒരുതരം കുട്ടിക്കളിയാ .പത്രത്തിലും ടീവീലുമൊക്കെ ഓരോ വാര്‍ത്തകള് കാണുകേം കേള്‍ക്ക്വേം ചെയ്താല് ചില ദിവസങ്ങളില്‍ ഉറങ്ങാറ് കൂടിയില്ല .."
"എന്റെ ഇന്ദൂ നീയിങ്ങനെ അവള്‍ടെ മുന്നീ വെച്ച് , ഓരോന്ന് വിളിച്ചു കൂവല്ലേ ..അവള്‍ കൊച്ചു കുട്ടിയല്ലേ . നീ പറയുന്നപോലെ ചിന്തിക്കാനുള്ള പാകതയൊന്നും അവള്‍ക്കായിട്ടില്ല .."
"മ്ഹും ..വിശ്വേട്ടനെന്തറിഞ്ഞിട്ടാ ഈ പറേന്നെ. അവള്‍ക്കു വയസ്സ് പതിനഞ്ചു കഴിഞ്ഞു. ഞാനവളുടെ അമ്മയാ ..എനിക്കാധിയുണ്ട് ..കാരണം ഞാനുമൊരു പെണ്ണാ ..പെണ്‍കുട്ടികള്‍ വളരുമ്പോള്‍ അമ്മമാരുടെ മനസ്സില്‍ തീയാളുമെന്നു പറേന്നത്‌ വെറുതെയല്ല ..നിങ്ങള്‍ക്കത് മനസ്സിലാവില്ല .ഇനി ഇപ്പൊ എന്തു ന്യായം പറഞ്ഞാലും ശരി സന്ധ്യയ്ക്ക് ശേഷമുള്ള ഒരു കോഴ്സിനു പോക്കും വേണ്ട ..അതിനി ഡോക്ടറേറ്റെടുക്കാനായാലും ശരി. "
അവര്‍ കഴിച്ച പാത്രങ്ങള്‍ ഓരോന്നായി അടുക്കിയെടുത്തു.
അയാള്‍ മറുപടിയൊന്നും പറയാതെ വെറുതേ ആലോചനയില്‍ മുഴുകിയിരുന്നു ..
"കൈ കഴുകുന്നില്ലേ ? അതോ മോളേപ്പോലെ സ്വപ്നം കണ്ടു തുടങ്ങിയോ ?"
"അവള്‍ക്കെന്തു സ്വപ്നം ? "
അയാള്‍ മുഖമുയര്‍ത്തി ചോദിച്ചു .
"എന്തെന്നും ഏതെന്നുവൊന്നുവറിയില്ല ..അന്തോം കുന്തോമില്ലാതെ ദിവസവും ഓരോന്ന് കണ്ടെന്നു പറേന്നെ കേള്‍ക്കാം .."
"ഹഹ ..അത് കൊള്ളാം അതും അവളുടെ കുറ്റമാ? ഈ പ്രായത്തില്‍ എല്ലാ കുട്ടികളും ഇങ്ങനൊക്കെ തന്നയാ..നീ എല്ലാ കാര്യത്തിലും അവളെയിങ്ങനെ വരിഞ്ഞു മുറുക്കരുത്.. അത് പിന്നീടവള്‍ക്ക് തന്നെ ദോഷം ചെയ്യും .."
"ഞാന്‍ വരിയാനും മുറുക്കാനുമൊന്നും പോകുന്നില്ലേ ..അല്ലെങ്കില്‍ തന്നെ ഞാന്‍ വെറും നാട്ടിന്‍ പുറത്തുകാരി. അച്ഛനും മോള്‍ക്കും എപ്പോഴുമുള്ള ന്യായവും അത് തന്നെയാണല്ലോ ."
ഇന്ദു ഒരു ദീര്‍ഘ നിശ്വാസത്തോടെ അടുക്കളയിലേയ്ക്ക് നടന്നു .
ടീ വിയുടെ റിമോട്ടും കയ്യില്‍ പിടിച്ച് ഹാളില്‍ നിന്നിരുന്ന രശ്മി അമ്മയുടെ സംസാരം മുഴുവന്‍ കേള്‍ക്കുന്നുണ്ടായിരുന്നു .അവള്‍ക്കെന്തെന്നില്ലാത്ത ഒരസ്വസ്ഥത അനുഭവപ്പെട്ടു . ഒരു വലിയ തെറ്റ് ചെയ്ത പോലെ മനസ്സിന്‍റെ പിരിമുറുക്കം അവളുടെ മുഖഭാവം എടുത്തുകാട്ടി .

അന്നുറങ്ങാന്‍ കിടക്കുമ്പോഴും രശ്മിയുടെ മനസ്സു മുഴുവന്‍ അമ്മയുടെ വാക്കുകളായിരുന്നു ..'തന്റെ വളര്‍ച്ചയില്‍ അമ്മയെന്തിനാണിങ്ങനെ പേടിക്കുന്നത് . രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് തനിക്കു പ്രായം തികഞ്ഞു എന്നറിഞ്ഞ ദിവസം അമ്മയ്ക്കെന്തു സന്തോഷമായിരുന്നു.
അടുത്ത വീടുകളിലൊക്കെ മധുരം കൊടുത്തു . വീട്ടിലന്ന് സദ്യ തന്നെയുണ്ടാക്കി . കുളിച്ചു വന്ന തന്നെ പട്ടു പാവാടയും ബ്ലൌസുവിടുവിച്ച്
അണിയിച്ചോരുക്കിയതും അമ്മ തന്നെ. തന്റെ നിറുകയില്‍ ഉമ്മ വെച്ചമ്മ പറഞ്ഞതിപ്പോഴും ഓര്‍ക്കുന്നു .
"എന്റെ കുഞ്ഞൊരു വലിയ പെണ്ണായി ..!"
അന്നമ്മ ഒരുപാട് നേരം വാ തോരാതെ സംസാരിച്ചു . അമ്മയുടെ കുട്ടിക്കാലത്തെക്കുറിച്ചും , തെരണ്ട് കുളിയുടെ നാളുകളില്‍ ചന്ദനവും മഞ്ഞളും മേലാകെ തേച്ച്‌ പിടിപ്പിച്ച് അമ്മമ്മയുടെ കുളിപ്പിക്കലും...അങ്ങനെ ഒരുപാടു കാര്യങ്ങള്‍ ..
അമ്മമ്മയുടെ ചെറുപ്പത്തില്‍ പെണ്‍കുട്ടികള്‍ ഋതു മതിയാകുന്നത് ഒരുത്സവം പോലെ ആഘോഷിക്കപ്പെട്ടിരുന്നത്രേ !. വീട്ടിലെയും അയലത്തെയും പെണ്ണുങ്ങള്‍ ഒത്ത് ചേര്‍ന്ന് കുരവയിട്ട് ആര്‍പ്പു വിളിച്ചിരുന്നു ..വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ സദ്യ വിളമ്പുന്ന പതിവുമുണ്ടായിരുന്നു . വയസ്സ് തികഞ്ഞ പെണ്‍കുട്ടികളുടെ പേരില്‍ ഗന്ധര്‍വ ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകള്‍ നടത്തുമായിരുന്നു.
ഗന്ധര്‍വ്വന്‍ കൂടിയ പെണ്ണിന്റെ ജീവിതം ഇടിയേശി മണ്ട കരിഞ്ഞ തെങ്ങുപോലെയെന്ന് അമ്മമ്മ പറയുമാരുന്നത്രേ..അമ്മമ്മയുടെ ഒന്‍പത് മക്കളില്‍ ഏറ്റവും ഇളയതായിരുന്നു അമ്മ ..അതുകൊണ്ട് തന്നെ തനിക്കു അമ്മമ്മയെ കാണാനുള്ള ഭാഗ്യം ലഭിച്ചില്ല.എങ്കിലും അമ്മയുടെ ഓര്‍ത്തെടുക്കലുകളിലൂടെ പലപ്പഴായി അമ്മമ്മയുടെ ഒരു ഏകദേശ രൂപം മനസ്സില്‍ പതിഞ്ഞിട്ടുണ്ട് .

ഒരിക്കല്‍ വെറുതേയൊരു നേരമ്പോക്കിന് അമ്മയോട് ചോദിച്ചു ;

'അമ്മ സ്വപ്നം കണ്ടിട്ടുണ്ടോ? .'
ഋതുമതിയായ രാവില്‍ ആഭരണങ്ങളും അലങ്കാരങ്ങളുമണിഞ്ഞ്‌ മംഗല്യ താലത്തില്‍ പുടവ പിടിച്ച് നില്‍ക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. മാത്രമല്ല ആ നാളുകളില്‍ എല്ലാ പെണ്‍കുട്ടികളും അങ്ങനൊക്കെ കാണാറുണ്ടത്രെ .

പക്ഷേ വര്‍ഷങ്ങള്‍ക്കു ശേഷം അതേപോലൊരു രാത്രിയില്‍ താന്‍ കണ്ട സ്വപ്നം പേടിപ്പിക്കുന്നതായിരുന്നു .സ്വപ്നത്തിലെ കാഴ്ച്ചയുടെ കടും നിറം ചുവപ്പ് മാത്രമായിരുന്നു . അതെ.. കട്ട പിടിച്ച ചോരച്ചുവപ്പ് . കിടക്കവിരിയാകെ ചോരയില്‍ കുതിര്‍ന്നു ചോരത്തുള്ളികള്‍ താഴെയ്ക്കിറ്റുവീഴുന്നുണ്ടായിരുന്നു .. തനിക്കു പിറകില്‍ ആജാനുബാഹുവായ ഒരുമനുഷ്യന്‍ ..അല്ല മനുഷ്യനെപ്പോലെ എന്നേ പറയാനാകൂ ...അയാളുടെ ശരീരമാകെ കരടിയെപ്പോലെ നീണ്ടു വളര്‍ന്ന കട്ടിരോമങ്ങള്‍ .. എഴുന്നു നിന്ന കട്ടിരോമങ്ങള്‍ അയാളുടെ മുഖം അവ്യക്തമാക്കിയിരുന്നു ..കണ്ണുകള്‍ തീക്കട്ട പോലെ ചുവന്നു തുടുത്തിരുന്നു ..അയാളുടെ കൈവിരലുകളില്‍കത്തിപോലെ കൂര്‍ത്തു വളഞ്ഞ നീണ്ട നഖങ്ങള്‍ .കൈകള്‍ രണ്ടും കോര്‍ത്ത്‌ പിടിച്ച് പിന്നിലൂടെ തന്റെ കഴുത്തിലെയ്ക്ക് അയാള്‍ കൂര്‍ത്ത നഖങ്ങള്‍ ആഴ്ന്നിറക്കുന്നു..
ശരിക്കും അലറി വിളിച്ചു പോയി ..
അച്ഛനും അമ്മയും ഓടിയെത്തുമ്പോള്‍ താന്‍ ബെഡില്‍ കുത്തിയിരുന്ന് കാല്‍മുട്ടുകളില്‍ തല കുമ്പിട്ട്‌ തേങ്ങുകയായിരുന്നു ..പിന്നീട് അന്ന് മുഴുവന്‍ അമ്മയെ കെട്ടിപ്പിടിച്ചാണൂറങ്ങിയത് . അന്നത്തെ സ്വപ്നത്തെക്കുറിച്ച് പിറ്റേന്നമ്മയോട് പറഞ്ഞിരുന്നു .
അമ്മ നെഞ്ചോട് ചേര്‍ത്ത് പിടിച്ചാശ്വസിപ്പിക്കുകയാണുണ്ടായത്‌ ..
"സാരല്ലാ...ന്റെ കുട്ടി അങ്ങനൊന്നും കണ്ടിട്ടില്ല ..ഒക്കെ വെറുതേ തോന്നുന്നതാ ..നാളെ തന്നെ ദേവിയ്ക്കൊരു നിറമാല നേരണം.."
നിറമാല ദേവി സ്വീകരിച്ചിട്ടോ എന്തോ ?..അറീല്ല ..പിന്നീടൊരിക്കലും ഉറക്കത്തില്‍ നിലവിളിച്ചിട്ടില്ല .

ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഒരു രാത്രിയില്‍ രശ്മി വീണ്ടുമൊരു സ്വപ്നത്തിലേയ്ക്കു വഴുതി വീണു ..ഒരു വൈകുന്നേരം... വിജനമായ കടല്‍ക്കരയില്‍ കാറ്റ് കൊണ്ട് നടക്കുകയാണ് അച്ഛനും അമ്മയും താനും ..മുണ്ടും ആഷ് കളര്‍ ഷേര്‍ട്ടുമാണ്‌ അച്ഛന്റെ വേഷം..അമ്മ റോസ് കളറില്‍ വയലറ്റ് പൂക്കളുള്ള സാരി ഉടുത്തിരിക്കുന്നു .. ഇതിനു മുന്‍പൊരിക്കലും അമ്മ അതുടുത്ത് കണ്ടിട്ടില്ല ..ക്രീം കളറിലെ മിഡീം ടോപ്പുമാണ് താന്‍ ധരിച്ചിരുന്നത് ..അച്ഛന്റെയും അമ്മയുടെയും നടുവിലായി രണ്ട് പേരുടെയും കൈകള്‍ കോര്‍ത്ത്‌ പിടിച്ചാണ് തന്റെ നടത്തം ..ഇടയ്ക്കിടയ്ക്ക് അച്ഛന്റെ തമാശകളി ല്‍ മൂവരും ഒരുപോലെ ആര്‍ത്തു ചിരിക്കുന്നുണ്ട് .. പെട്ടെന്നാണ് ആര്‍ത്തലച്ചോരു തിരമാല തീരം കവര്‍ന്നത് ..തിരയിറങ്ങിയപ്പോള്‍ അമ്മയെ കാണാനില്ല താനും അച്ഛനും മണ്ണില്‍ പറ്റിപ്പിടിച്ചു കിടക്കുകയായിരുന്നു ..പൊടുന്നനെ അമ്മയുടെ നിലവിളി കേട്ട്‌ കടല്‍ തിരകളിലേക്ക് നോക്കി ..അവിടെ ..തിരകള്‍ക്കു മീതേ ഇളകിയാടി അയാള്‍ നടന്നു നീങ്ങുന്നു ...ശരീരം മുഴുവന്‍ നീണ്ടു വളര്‍ന്ന രോമങ്ങളുമായി അതേ കരടി മനുഷ്യന്‍ ..അയാളുടെ തോളില്‍ തല കീഴായി കിടന്ന് അമ്മ അലറി വിളിക്കുന്നു ..
"അച്ഛാ... അമ്മ . .അയ്യോ ...അച്ഛാ .!!"
താന്‍ അച്ഛനെ നോക്കി കരഞ്ഞ് വിളിക്കുന്നുണ്ട് ..അഛന്‍ പക്ഷേ ..കടലിലേയ്ക്ക് നോക്കി മിഴിയനക്കാതെ ഒരേ നില്‍പ്പ് തന്നെ ..താന്‍ വീണ്ടും വെപ്രാളത്തോടെ തീരത്തേയ്ക്കോടുന്നു..ഇളകി മറിഞ്ഞ് വന്ന ഒരു തിര തന്നെ വീണ്ടും കരയിലേയ് ക്കടിച്ചുതെറിപ്പിച്ചു.
ഒരിക്കല്‍ക്കൂടി അച്ഛനെ വിളിച്ചു തിരിഞ്ഞപ്പോള്‍ ഒരു വിളിപ്പടകലെയ്ക്ക് അഛന്‍ തിരിച്ച് നടന്നു തുടങ്ങിയിരുന്നു ...അച്ഛനെന്താണിങ്ങനെ..
അച്ഛന് അമ്മയെ വേണ്ടേ.?? ഇപ്പോള്‍ കടലില്‍ അങ്ങ് ദൂരെ ഒരു പൊട്ടുപോലെ അമ്മയെ കാണാം ..പൂഴി മണ്ണില്‍ കാല്‍ മുട്ടുകളൂന്നി കിതപ്പോടെ തിരിഞ്ഞു നോക്കി .... കടലിനു സമാന്തരമായി കണ്ണെത്താത്ത തീരത്തിലെയ്ക്ക് അച്ഛനും നടന്നു മറയുന്നു .. കരയിലും കടലിലുമായി അച്ഛനും അമ്മയും പൊട്ടു പോലെ മറയുന്നതും നോക്കി നിസ്സഹായയായ ഒരു പെണ്‍കുട്ടി തീരത്തിരുന്നു ശബ്ദമില്ലാതെ നിലവിളിച്ചു ..കാതങ്ങള്‍ക്കപ്പുറത്ത് നിന്ന് അമ്മയുടെ ശബ്ദം ചിലമ്പിച്ച് വരുന്നപോലെ തോന്നി ;
"മോളേ ...നീ മുതിര്‍ന്ന പെണ്‍കുട്ടിയാണെന്നോര്‍ക്കണം ..
നിന്നെ നോക്കാന്‍ ഇനി നീ മാത്രമേയുള്ളൂ ..സൂക്ഷിക്കണം .."

യുക്തിവാദി !

അപ്പുണ്ണി മാഷിന്റെ വീട് ലക്ഷ്യമാക്കി നടക്കുമ്പോള്‍ ഗൌതമന്‍ ലക്ഷ്മിയെക്കുറിച്ചാണ് ചിന്തിച്ചത് .മീനമാസത്തിലെ സൂര്യന്‍ തലയ്ക്കു മുകളില്‍ കനല്‍ കൂട്ടിയിടുന്നതൊന്നും അയാള്‍ അറിയുന്നതേ ഉണ്ടായിരുന്നില്ല . ഒരു പക്ഷേ അതിനെ വെല്ലുന്ന പൊള്ളുന്ന ചിന്തകള്‍ ഉള്ളിലുണ്ടായിരുന്നത് കൊണ്ടാകാം . സ്ഥിരചിത്തനല്ലാത്ത ഒരുവന്റെ തോക്കില്‍ നിന്നു ലക്ഷ്യമില്ലാതെ തെറിക്കുന്ന വെടിയുണ്ടകള്‍ പോലെ തലങ്ങും വിലങ്ങും കണ്ണഞ്ചിപ്പിക്കുന്ന വേഗതയില്‍ കുതിക്കുന്ന വാഹനങ്ങള്‍ ..ഈ നട്ടുച്ചയ്ക്കും ആളുകള്‍ പരക്കം പായുന്നതില്‍ അയാള്‍ക്കല്‍ഭുതം തോന്നിയില്ല , മറിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി താന്‍ ഓഫീസില്‍ പോകാറെയില്ലെന്ന ചിന്തയിലേക്ക് അത് വഴി തുറന്നപ്പോള്‍ അസ്വസ്ഥത തോന്നുകയും ചെയ്തു .

അപ്പുണ്ണി മാഷിന്റെ വീടിന്റെ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തുമ്പോള്‍ മാഷുണ്ടാകുമോ എന്നൊരാശങ്ക തോന്നാതിരുന്നില്ല. ചിന്തിച്ചു നില്‍ക്കുമ്പോള്‍ തന്നെ ഡോര്‍ തുറന്നു..ചോറ് കുഴച്ച വലത്തേ കൈ മടക്കിപ്പിടിച്ചു കൊണ്ട് മാഷ്‌ വാതില്‍ മലക്കെ തുറന്നു ..
"ആഹാ ..ഗൌതമനോ ? വാ.. കേറി വന്നാട്ടെ .താന്‍ വന്നത് നല്ല സമയത്ത് തന്നെ ..കൈ നനച്ചിട്ടിരുന്നോ.ഞാന്‍ പ്ലേറ്റെടുക്കാം.."
"വേണ്ട മാഷേ ..ഇപ്പോള്‍ വേണ്ട ......."
അയാള്‍ തിടുക്കത്തില്‍ പറഞ്ഞു ..
"എന്താ..താന്‍ ഊണ് കഴിഞ്ഞിട്ടാ വരുന്നേ ?"
"അതല്ലാ.......ഇ..പ്പൊ ..."
ഊണ് കഴിച്ചതാണ് എന്നൊരു കള്ളം പറയാത്തതില്‍ അയാള്‍ നാവിനെ പഴിച്ചു.
"ആഹാ ..ഇതാപ്പോ നന്നായെ ..കൈ കഴുകി ഇരുന്നോളൂ ..ഇനീപ്പോ എന്തു വലിയ കാര്യമായാലും ഊണ് സമയത്ത് അത് തന്നെ മുഖ്യം ."
ഊണ് കഴിക്കുന്നതിനിടയില്‍ മാഷിന്റെ സംസാരം മുഴുവനും തന്റെ നള പാചകത്തിലെ പൊടിക്കൈകളെക്കുറിച്ചായിരുന്നു .. വര്‍ഷങ്ങളായി ഒരേ വീട്ടില്‍ ഒറ്റയ്ക്ക് സ്വന്തം ഇഷ്ടത്തിനൊത്ത് വെച്ചുണ്ടാക്കി തിന്നും കുടിച്ചും ശരിക്കും ഒറ്റപ്പെട്ട തുരുത്തുപോലെ മാഷ്‌ ജീവിച്ചു പോരുന്നു ..ഇഷ്ടങ്ങളും അനിഷ്ടങ്ങളും, വിശ്വാസങ്ങളും അവിശ്വാസങ്ങളും ഒന്നും തര്‍ക്കിച്ചിരമ്പാതിരിക്കാന്‍ ഇതിലും നല്ല പോം വഴി വേറെയില്ലെന്ന് ഗൌതമന് തോന്നി .

"താനെന്താ ഹെ! ..പരലോക ചിന്തയിലാണോ ? മതിയാക്കി എണീക്കാന്‍ നോക്ക് ..അതോ ഒന്നും വായ്ക്കു പിടിച്ചില്ലാന്നുണ്ടോ? "
മാഷിന്റെ ചോദ്യം അയാളെ ഉണര്‍ത്തി .
"ഹേയ് അങ്ങനൊന്നുമില്ല എല്ലാം നന്നായിട്ടുണ്ട് .."
പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒട്ടും ആത്മാര്‍ഥതയില്ലാത്ത ഒരു മറുപടിയായിരുന്നു അതെന്നു അയാള്‍ക്ക്‌ തോന്നി .അല്ലെങ്കില്‍ തന്നെ ഹോട്ടല്‍ ഭക്ഷണത്തിന്റെ പുളിച്ച രുചികള്‍, നല്ലതും ചീത്തയും തിരിച്ചറിയാനുള്ള നാവിന്റെ വിരുത് ക്രമേണ ഇല്ലാതാക്കിയിരുന്നു.
"ആട്ടെ ..താനെന്താ ഈ നേരത്ത് ..? വിശേഷി ച്ചെ ന്തെങ്കിലും ...?"
ഊണ് കഴിഞ്ഞ്‌ ഒരു സിഗരറ്റിനു തീ കൊളുത്തി , പായ്ക്കറ്റ് അയാള്‍ക്ക്‌ നേരേ നീട്ടുന്നതിനിടയില്‍ മാഷ്‌ ചോദിച്ചു .
കുറച്ച് നേരത്തേയ്ക്ക് അയാള്‍ നാവനക്കിയില്ല .പിന്നെ നേര്‍ത്ത ശബ്ദത്തില്‍ മറുപടി പറഞ്ഞു ..
"ഞാന്‍ ഓഫീസില്‍ പോയിട്ട് കുറേ ദിവസങ്ങളായി ."
"എന്താ ലീവാണോ ? എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ..?"
"അല്ല മാഷേ ..ഒന്നിലും മനസ്സുറയ്ക്കുന്നില്ല ..ആകെ ഒരു തരം .....എന്താ പറയുക ..ഒറ്റയ്ക്കായീന്നൊക്കെ നമ്മള്‍ പറയില്ലേ .. വായില്‍ നിന്നു വെറുതേ പൊട്ടി വീഴുന്ന വാക്കുകള്‍ പോലും ശത്രുക്കളെ ഉണ്ടാക്കുന്നു. വയ്യ മാഷേ ..മുറിയില്‍ നിന്നു പുറത്തിറങ്ങുന്നത് തന്നെ വിരളമായിട്ടുണ്ട്..ആള്‍ക്കാരുടെ കണ്ണില്‍ ഞാനേതാണ്ടൊരു മനോരോഗിയെപ്പോലാണ് .അല്ലെങ്കില്‍ തന്നെ സ്വബോധമുള്ള ഒരു ഭര്‍ത്താവിനെ പ്രത്യേകിച്ചോരു കാരണവുമില്ലാതെ ഒരു ഭാര്യ ഉപേക്ഷിച്ചു പോകുമോ .."
ചൂണ്ടു വിരല്‍ ഉയര്‍ത്തി തട്ടി സിഗരറ്റ് ചാരം തെറിപ്പിച്ച്‌ വീണ്ടും ചുണ്ടത് വെച്ചു പുകയൂതുന്ന തിനിടയില്‍ അയാള്‍ അപ്പുണ്ണി മാഷിനെ നോക്കി .
"അല്ലാ ..ഇപ്പൊ പെട്ടെന്നിങ്ങനെ ചിന്തിക്കാനൊക്കെ....ലക്ഷ്മി പോയിട്ട് കാലം കുറേ ആയില്ലേ..?ഞാന്‍ കഴിഞ്ഞ ആഴ്ച തന്റച്ഛനെ കണ്ടിരുന്നു ...തനിക്കൊരു പുതിയ ബന്ധത്തിന്റെ കാര്യം ഞാന്‍ അദ്ദേഹത്തോട് സൂചിപ്പിക്കുകയും ചെയ്തു...ഇനി നാട്ടുകാരുടെ തല്ലു കൂടി കൊള്ളണോ എന്നൊരു പൊട്ടിത്തെറി ആയിരുന്നു പ്രതികരണം .."
മാഷ്‌ ചോദ്യ രൂപത്തില്‍ അയാളെ നോക്കി ..
"മ്ഹും .."
അയാള്‍ സിഗരറ്റ് കുറ്റി ആഷ് ട്രെയില്‍ കുത്തിക്കെടുത്തുന്നതിനിടയില്‍ അമര്‍ത്തി മൂളി ..



"ഒന്നോര്‍ത്താല്‍ എല്ലാം താന്‍ വരുത്തി വെച്ചതാണന്നേ ഞാന്‍ പറയൂ ... തന്റെ യുക്തിവാദവും പുരോഗമന ചിന്തേം എല്ലാം നല്ലത് തന്നെ ..ഞാനതിനോടെല്ലാം പൂര്‍ണമായും യോജിക്കുന്നു താനും ..പക്ഷേ സ്വന്തം ജീവിതത്തിന്റെ താളം തെറ്റുന്ന രീതിയില്‍ അതിനെ വഴി തെറ്റിച്ചു വിടരുതായിരുന്നു ...താനൊരാള്‍ വിചാരിച്ചാലൊന്നും നാട് നന്നാവില്ല ..അത്ര എളുപ്പമൊന്നും സമൂഹത്തില്‍ ഒരു മാറ്റമൊന്നും ഇത്തരം ചിന്തകള്‍ വരുത്തുകയുമില്ല ..അത്രത്തോളം ആഴ്ന്നിറങ്ങി വേര് പടര്‍ന്നിട്ടുണ്ട് ആചാരങ്ങളും അനുഷ്ടാനങ്ങളും സാധാരണക്കാരുടെ മനസ്സില്‍ ..."



"സമ്മതിച്ചു മാഷേ ...പക്ഷേ സ്വന്തം ഭാര്യയെങ്കിലും എന്നെ മനസ്സിലാക്കിയില്ലെങ്കില്‍ ......അവള്‍ എന്റെ ചിന്തകള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പിന്നെ നാട്ടുകാര്‍ എങ്ങനെ വില വെയ്ക്കും ..
കല്യാണം കഴിഞ്ഞപ്പോഴേ ഞാന്‍ പറഞ്ഞു ...ഞാനൊരവിശ്വാസിയാണ്... അമ്പലങ്ങളിലും പൂജകളിലും എനിക്ക് വിശ്വാസമില്ലന്നും ....മാത്രമല്ല യുക്തിവാദസംഘവുമായി ചേര്‍ന്ന് പ്രവര്ത്തിക്കുകയാണെന്നും ...ആദ്യമൊക്കെ അവളെന്നെ തിരുത്താന്‍ നോക്കി ...നടക്കില്ലാന്ന് കണ്ടപ്പോള്‍ അവളെ അവള്‍ടെ വഴിക്ക് വിട്ടേക്കാന്‍ പറഞ്ഞു ..ഒന്നോര്‍ത്തു നോക്കിക്കേ... ഞാന്‍ ഇരുപത്തിനാല് മണിക്കൂറും യുക്തിവാദി പ്രസ്ഥാനവുമായി നടക്കുമ്പോള്‍ എന്റെ ഭാര്യ എന്ന് പറയുന്നവള്‍ പൂജേം മന്ത്രവാദവുമായി മറുവശത്ത് ..പ്രവര്‍ത്തകര്‍ക്കിടയില്‍ ഞാന്‍ ശരിക്കും നാണം കെട്ടു..അവരെ കുറ്റം പറയാന്‍ കഴിയുമോ ? സ്വന്തം ഭാര്യയെ തിരുത്താന്‍ കഴിയാത്തവന്‍ നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങിയാല്‍
എങ്ങനിരിക്കും..?"

"അവിടെയാണ് ഗൌതമാ നിനക്ക് തെറ്റിയത് ...ഒന്നുകില്‍ നീ കല്യാണത്തിന് മുന്നേ തന്നെ അവളോട്‌ എല്ലാം തുറന്ന് പറയണമായിരുന്നു.അത് ചെയ്തില്ലെന്ന് മാത്രമല്ല ,നാട്ടുകാരുടെ മുന്നിലെ നിന്റെ ഇമേജ് നിലനിര്‍ത്താന്‍ നീ പാട് പെട്ടപ്പോള്‍ മറന്നത് നിന്റെ ജീവിതമാണ് ..അവളെ നിനക്ക് തിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവളെ അവളുടെ വഴിക്ക് വിടണമായിരുന്നു..എല്ലാ വിശ്വാസങ്ങള്‍ക്കും മീതെയാണ് പരസ്പരം അഗീകരിക്കുക എന്നത് ..അപ്പോള്‍ പിന്നെ വിശ്വാസങ്ങളുടെ നിഴല്‍ യുദ്ധത്തിന് അര്‍ത്ഥമില്ലാതായിക്കോളും..വ്യക്തികള്‍ സമരസപ്പെടുകയും ചെയ്യും ..അത് ഭാര്യയും ഭര്‍ത്താവുമായാലും വ്യക്തിയും സമൂഹവുമായാലും അങ്ങനെ തന്നെ .."



"ഓഹോ ..അത് ശരി .മാഷ്‌ തന്നെ ഇതു പറയണം ....വര്‍ഷങ്ങള്‍ക്കു മുന്‍പ് മാഷിന്റെ പ്രസംഗ വേദികളില്‍ രക്തം തിളച്ച് എന്നെപ്പോലെ കുറേ ചെറുപ്പക്കാര്‍ ഇതിലേക്ക് എടുത്ത് ചാടിയിട്ടുണ്ട്‌ ..ഇപ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ വേദി മാറിയപ്പോള്‍ ഞങ്ങള്‍ മുഖ്യധാരയ്ക്ക് വെറുക്കപ്പെട്ടവരായി മാറി .. അപ്പോള്‍ കാലത്തിനൊത്ത് കോലം മാറുമ്പോള്‍ ആദര്‍ശങ്ങളെ കടലിലെറിയണമെന്നു സാരം ..
അല്ലെങ്കില്‍ എന്നെപ്പോലെ കുറേ കോമാളികള്‍ ആള്‍ക്കാര്‍ക്ക് നേരമ്പോക്കായി നരകിച്ചു തീരും ..അത്ര തന്നെ. "
അയാള്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി ..
"ഞാന്‍ നേരത്തേ തന്നെ പറഞ്ഞല്ലോ ഗൌതമാ ഞാനിപ്പോഴും എന്റെ വിശ്വാസങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നുവെന്ന്...പക്ഷേ നമ്മുടെ ബന്ധുക്കള്‍ ഉള്‍പ്പടെ എല്ലാവരും ഒറ്റയടിക്ക് നമ്മുടെ പാതയില്‍ നില കൊള്ളണമെന്ന വാശി ഗുണത്തെക്കാളേറെ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുമെന്നേ ഞാനുദ്ദേശിച്ചുള്ളൂ ..ലക്ഷ്മി നിന്റെ ജീവിതത്തില്‍ നിന്നകന്നത് തന്നെ ഏറ്റവും വലിയ ഉദാഹരണം ..അത് നിന്നെപ്പോലെ എനിക്കും വളരെ വിഷമമുണ്ടാക്കിയ കാര്യം തന്നെ ....."

"ഞാനതത്ര കാര്യമാക്കിയിട്ടില്ലെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്... വിവാഹമെന്നാല്‍ ഒരു കുരിശെന്ന നിലയില്‍ അവസാനം വരെ ചുമക്കണ്ടതാണെന്നു കരുതുന്നുമില്ല ..അതവള്‍ തന്നെ തുറന്ന് സമ്മതിച്ചിട്ടുമുണ്ട് ..ഒരിക്കല്‍ അവള്‍ പറഞ്ഞു എനിക്ക് വീട്ടുകാര്‍ അറിഞ്ഞു പേരിട്ടതാണെന്ന് ...ഗൌതമ ബുദ്ധനെപ്പോലെ ഞാനും അവളെ ഉപേക്ഷിച്ചു പോകുമെന്ന് ..പറഞ്ഞത് സത്യമായി ..പക്ഷേ പോയതവളാണെന്ന് മാത്രം ......"
കുറച്ച് നേരത്തേയ്ക്ക് ഇരുവരും ഒന്നും മിണ്ടിയില്ല ..ഒടുവില്‍ ഗൌതമന്‍ തന്നെ മൌനത്തെ വാക്കുകള്‍ കൊണ്ട് പൂരിപ്പിച്ചു ..
"ഞാനിറങ്ങുന്നു മാഷേ... വെറുതേ ഇരുന്ന് മുഷിഞ്ഞപ്പോള്‍ മാഷിനെ കാണണമെന്ന് തോന്നി...വരണ്ടായിരുന്നൂന്നു ഇപ്പോള്‍ തോന്നാതെയില്ല ...."
അതും പറഞ്ഞു അയാള്‍ എഴുന്നേറ്റപ്പോള്‍ മാഷ്‌ തടയാന്‍ ശ്രമിച്ചു ..
"ഇരിക്ക് ഗൌതമാ വെയിലാറട്ടേ ...അല്‍പ നേരം കഴിഞ്ഞ്‌ പോകാം ...."
അയാള്‍ അതിന് പ്രത്യേകിച്ച് മറുപടിയൊന്നും പറയാതെ പുറത്തേക്കിറങ്ങി നടന്നു കഴിഞ്ഞിരുന്നു ...

പിറ്റേന്നു രാവിലെ ഗൌതമന്റെ കൂട്ടുകാരന്‍ മഹേഷിന്റെ ഫോണ്‍ കോളിലൂടെയാണ്‌ അപ്പുണ്ണി മാഷ്‌ ആ വിവരം അറിഞ്ഞത് ..ഗൌതമന്‍ ടൌണിലെ ഹോസ്പ്പിറ്റലില്‍ അഡ്മിറ്റാ ണ് . രാത്രി ഏതോ വണ്ടി തട്ടിയതാണത്രെ...ബന്ധുക്കളെല്ലാരും ആശുപത്രിയില്‍ എത്തിയിട്ടുണ്ട് ....താനുടനേ എത്തിക്കോളാമെന്ന് പറഞ്ഞ് കൂടുതല്‍ വിശദീകരണം കാക്കാതെ മാഷ്‌ ഫോണ്‍ വെയ്ക്കുകയായിരുന്നു ..

മാഷ്‌ റിസപ്ഷനില്‍ എത്തിയപ്പോള്‍ തന്നെ ഗൌതമന്റെ അച്ഛനെയും ഒന്നുരണ്ട് അടുത്ത ബന്ധുക്കളെയും പുറത്ത് കണ്ടു ..
"എന്താ ഉണ്ടായത് ?"
മാഷ്‌ തിടുക്കത്തില്‍ അച്ഛനോട് തിരക്കി ..
"വ്യകതമായൊന്നുമറിയില്ല....ഇന്നലെ രാത്രി ആരൊക്കെയോ ചേര്‍ന്നിവിടെ എത്തിക്കുകയായിരുന്നു .. ഏതോ വണ്ടി ഇടിച്ചു വീഴ്തീന്നാ അവര്‍ പറഞ്ഞത് ..വണ്ടി നിര്‍ത്താതെ പോയത്രേ ..."

"ഇപ്പോഴെങ്ങനുണ്ട് ...എന്തെങ്കിലും സീരിയസായി .........??"
മാഷ്‌ പകുതിയില്‍ നിര്‍ത്തി ..
"ഇന്നലെ രാത്രി ബോധമുണ്ടായിരുന്നില്ല ...തലയില്‍ ആഴത്തിലൊരു മുറിവുണ്ട് രക്തം കുറേ പോയിട്ടുണ്ടെന്ന് പറഞ്ഞു..ഇപ്പോള്‍ റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ട് .."
"ഞാനൊന്ന് കണ്ടിട്ട് വരാം ..ഏതാ റൂം ?"
"ബീ ബ്ലോക്കില്‍ ഏഴാമത്തെ റൂം .."
മാഷ്‌ ചെല്ലുമ്പോള്‍ അടുത്ത് മഹേഷും മറ്റ് ചില സംഘം പ്രവര്‍ത്തകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ ..
"കുറച്ച് മുന്നേ ഒന്നു മയങ്ങി ...ഇനി പേടിക്കാനില്ലെന്നാ ഡോക്ടര്‍ പറഞ്ഞെ ..ബ്ലഡു കൊടുക്കുന്നുണ്ട് .."
മഹേഷ്‌ അപ്പുണ്ണി മാഷിന്റെ അടുത്തേയ്ക്ക് വന്ന് പറഞ്ഞു ..
"ഗൌതമന്റെ അമ്മ വന്നില്ലേ ?"
മാഷ്‌ പെട്ടെന്ന് ചോദിച്ചു ..
"ഇപ്പോള്‍ വീട്ടിലേക്ക്‌ കൊണ്ട് പോയതേയുള്ളൂ..ഇന്നലെ രാത്രി മുഴുവന്‍ കരഞ്ഞ് വിളിച്ചും ,ഉറങ്ങാതെയും ആകെ വല്ലാണ്ടായി ...ഗൌതമന്റെ ചേച്ചീം ഭര്‍ത്താവും വളരെ നിര്‍ബന്ധിച്ചാ കൂട്ടിക്കോണ്ടു പോയത് .."
"മം .."
മാഷ്‌ വെറുതേ മൂളി ..
"നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നെന്നാ ഡോക്ടര്‍ പറഞ്ഞത് ...ഒരു പക്ഷേ അങ്ങനെ എന്തേലും ആകാനെ തരമുള്ളൂ ........."
"മ്ഹൂം ... "
മഹേഷിന്റെ ആ മറുപടിക്കും മാഷ്‌ വെറുതേ മൂളുക മാത്രം ചെയ്തു ..

ഉച്ച കഴിഞ്ഞാണ് തികച്ചും അവിചാരിതമായി ലക്ഷ്മിയും ഭര്‍ത്താവും ഗൌതമനെ കാണാനെത്തിയത് ..
അച്ഛനും മഹേഷും അയാള്‍ക്കരുകില്‍ തന്നെയുണ്ടായിരുന്നു ..
ലക്ഷ്മി ഗൌതമന്റെ അച്ഛനെ നോക്കി വളരെ പാടുപെട്ട് ചിരിച്ചെന്നു വരുത്തി..
എന്തെങ്കിലും മറുപടി പറയാതെ അദ്ദേഹം പുറത്തേയ്ക്ക് നടന്നു ..
ഗൌതമന്‍ ലക്ഷ്മിയെ വെറുതേ ഒന്നു നോക്കി ..പിന്നെ മുഖം ചരിച്ച് മിണ്ടാതെ കിടന്നു..
"ഇപ്പോള്‍ എങ്ങനുണ്ട് ഗൌതമാ? പെയിന്‍ തോന്നുന്നുണ്ടോ ?"
ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ വകയായിരുന്നു ചോദ്യം ..
"ഇല്ലാ .."
ഗൌതമന്‍ അയാളെ സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ പറഞ്ഞു..
"എന്റെ ഹസ്ബന്റാണ് .."
ആ നോട്ടം കണ്ടിട്ടെന്നോണം ലക്ഷ്മി അയാളോടായി പറഞ്ഞു ..
"അറിയാം .."
ഗൌതമന്‍ ഒറ്റ വാക്കില്‍ പ്രതിവചിച്ചു ..
"ഞങ്ങള്‍ മണ്ണാറശാലയില്‍ തൊഴുതു വരുന്ന വഴിയാ അറിഞ്ഞത് ... അപ്പോള്‍ തന്നെ ഇങ്ങോട്ട് തിരിക്കുകയായിരുന്നു .."
ഇപ്പോഴും സംസാരിച്ചത് ലക്ഷ്മിയുടെ ഭര്‍ത്താവായിരുന്നു ..
"അമ്പലത്തില്‍ വിശേഷിച്ചെന്തെങ്കിലും ..........."
മഹേഷാണ് ചോദിച്ചത് ..
"രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളാകാത്തത്തില്‍ ഇവള്‍ക്ക് ലേശം പരിഭ്രമം ... അപ്പോഴാണ്‌ അവിടുത്തെ ഉരുളി കമഴ്ത്തല്‍ വഴിപാടിനെക്കുറിച്ച് ഇവളുടെ അമ്മ പറഞ്ഞത് .. അപ്പോള്‍ പിന്നെ എല്ലാരുടെയും ഒരു സമാധാനത്തിന് അത് നടത്തിയേക്കാമെന്ന് വിചാരിച്ചു .."
അയാള്‍ പറഞ്ഞു നിര്‍ത്തി ..
തന്നെ മനപ്പൂര്‍വ്വം ഒന്നിരുത്താന്‍ വേണ്ടി ലക്ഷ്മി അതയാളെ കൊണ്ട് പറയിച്ചതാണെന്ന് ഗൌതമന് തോന്നി ...ഒരു ഭര്‍ത്താവിന്റെ കടമ കണ്ട് പഠിച്ചോളൂ എന്ന് പറയും പോലെ ..
പിന്നെയും കുറച്ച് നേരം എന്തൊക്കെയോ പറഞ്ഞ് അവര്‍ തിരിച്ചു പോയി ..ഗൌതമന്‍ അവരുടെ സംസാരം ശ്രദ്ധിക്കുന്നുപോലുമില്ലായിരുന്നു എന്നതായിരുന്നു സത്യം ..
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ ഒരു വീര്‍പ്പുമുട്ടല്‍ ഒഴിഞ്ഞ പോലെയായി ..

"എന്നാലും അവള്‍ക്കതിന്റെ ആവിശ്യമില്ലായിരുന്നു...."
ഗൌതമന്‍ ആരോടെന്നില്ലാതെ പറഞ്ഞു..
"അതിപ്പോ പറഞ്ഞിട്ടെന്താ കാര്യം ഗൌതമാ ..നിനക്ക് നല്ല വിഷമമായീന്നറിയാം ..അന്ന് നീയൊന്നു മനസ്സ് വച്ചിരുന്നെങ്കില്‍ ലക്ഷ്മി ഇപ്പോളും നിന്റെ കൂടെ കണ്ടേനെ ..ഇനീപ്പോ .........."
മഹേഷ്‌ പാതിയില്‍ നിര്‍ത്തി ...
"അതല്ലാ ഞാനുദ്ദേശിച്ചത് ...അവരുടെ കല്യാണം കഴിഞ്ഞിട്ട് വര്‍ഷം രണ്ടല്ലേ ആയിട്ടുള്ളൂ ...അതിലിത്ര ആധി പിടിക്കേണ്ട എന്തു കാര്യമാ ഉള്ളെ ...അത് മനസ്സിലാക്കാതെ ഉരുളീം, ചെമ്പും കമഴ്ത്താന്‍ പോയിരിക്കുന്നു ...കഷ്ടം !!"

ആ മറുപടി മഹേഷിന്റെ മേല്ച്ചുണ്ടിനും കീഴ്ചുണ്ടിനുമിടയില്‍ ഒരു വിടവ് തീര്‍ക്കുമ്പോഴും ഗൌതമന്‍ പുച്ഛത്തില്‍ മുഖം വക്രിച്ച് ബ്ലഡ് ബാഗില്‍ നിന്നും തന്റെ ജീവ കോശങ്ങളിലേക്ക് ഒഴുകിയിറങ്ങുന്ന രക്ത തുള്ളികളില്‍ കണ്ണുറപ്പിച്ചു കിടന്നു ...