Saturday, August 13, 2011

ഒരു പതിനഞ്ചുകാരിയുടെ (അ)വ്യക്ത സ്വപ്‌നങ്ങള്‍

ഇറയത്തു നിന്ന് രണ്ട് കൈകളും ആയത്തില്‍ വീശി മഴവെള്ളം തട്ടിത്തെറിപ്പിക്കുമ്പോള്‍ മേലാകെ ചിതറി വീണ വെള്ളത്തുള്ളികളുടെ ഇക്കിളിപ്പെടുത്തലില്‍ രശ്മിയ്ക്ക് കുളിരുകോരി. ഇന്നലത്തെ രാത്രിയിലെ സ്വപ്നത്തിലും താനിതു പോലെ ഇറയത്തു നിന്ന് മഴ നനഞ്ഞെന്നവളോര്‍ത്തു. ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി സ്വപനത്തില്‍ കാണാന്‍ കഴിയുമോ ? ചില സ്വപ്‌നങ്ങള്‍ ശരിക്കും ഫലിക്കുമെന്ന് കിഴക്കേതിലെ ജാനുവേട്ടത്തി പറയാറുണ്ട്‌ ; വെളുപ്പാന്‍കാലത്തു കാണുന്ന സ്വപ്‌നങ്ങള്‍ പ്രത്യേകിച്ചും! രാത്രിയിലെ സ്വപ്നങ്ങള്‍ക്കും കാലത്തെ സ്വപ്നങ്ങള്‍ക്കും തമ്മിലെന്താണ് വ്യത്യാസം? അറിയില്ല .തന്റെ സ്വപ്നങ്ങളുടെ നേരവും കാലവും ഓര്‍ത്തെടുക്കാന്‍ രശ്മി വെറുതേ ശ്രമിച്ചു നോക്കി. ഇല്ല ..കഴിയുന്നേയില്ല ..പലപ്പോഴും ഉറക്കത്തിലെ സ്വപ്‌നങ്ങള്‍ ഒടുവില്‍ ഉറക്കത്തിലൂടെ തന്നെ തീരം കടന്ന് പോകാറാണ് പതിവ് . ഒന്നു രണ്ട് തവണ ചില ദു:സ്വപ്‌നങ്ങള്‍ കണ്ടു ഞെട്ടിയുണര്‍ന്നിട്ടുണ്ട് . അപ്പോഴെല്ലാം നേരം പാതിരാ കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ . ഇന്നലെ മഴ പെയ്യുന്നത് എപ്പോഴാണ് കണ്ടത് ? രാത്രിയിലോ കാലത്തോ ? ഇല്ല ..അതും ഓര്‍ക്കാന്‍ കഴിയുന്നില്ല . പക്ഷേ സ്വപ്നത്തിലും ഇതുപോലൊരു വൈകുന്നേരമായിരുന്നു. മങ്ങിത്തുടങ്ങിയ സൂര്യ വെളിച്ചത്തെ കറുപ്പിച്ചുകൊണ്ട്‌ ഞൊടിയിടയില്‍ ഒരു മൂടിക്കെട്ടല്‍.അങ്ങ് ദൂരെ നിന്ന് തുരങ്കത്തിലൂടെന്നപോലെ അടുത്തടുത്തു വരുന്ന കാറ്റിന്റെ ചൂളം വിളി .വേനല്‍ മഴയുടെ വിളംബരം പോലെ ഒരു മിന്നല്‍ച്ചുഴി വന്നുപോകും മുന്‍പേ മണ്ണിനെ വിറപ്പിച്ചുകൊണ്ടൊരിടിനാദം!

അപ്പോഴാണ്‌ അവളതോര്‍ത്തത് . ഇന്നത്തെ മഴയ്ക്ക്‌ ഇതുവരെ ഇടി മുഴങ്ങിയിട്ടില്ല ..സ്വപ്നത്തിലെ കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി പറയാന്‍ ഇതു മാത്രം . പൊടുന്നനെ കാതടയ്ക്കുന്ന ഒച്ചയില്‍ ഇടി മുഴങ്ങി !
"അമ്മേ!!:
നിലവിളിക്കുന്നതിനിടയില്‍ തന്നെ രശ്മി പുറകോട്ടു മറിഞ്ഞിരുന്നു . ശരീരം മുഴുവന്‍ ഭീതിയുടെ തരംഗങ്ങള്‍ തീ പടര്‍ത്തുന്നതവളറിഞ്ഞു .
"രശ്മീ ....എന്തുണ്ടായീ.....??"
ഇന്ദു അകത്തു നിന്നോടിയെത്തുമ്പോള്‍ രശ്മി നിലത്തു ഭിത്തിയില്‍ ചാരി ഇരിക്കുകയായിരുന്നു. അവള്‍ പേടിയും സംശയവും ഇടകലര്‍ന്ന ഭാവത്തില്‍ അമ്മയെ നോക്കി .
"മോളേ ..നിനക്കെന്തെങ്കിലും പറ്റിയോ ?"
രശ്മിയെ താങ്ങി എഴുന്നേല്‍പ്പിക്കുന്നതിനിടയില്‍ അവര്‍ തിരക്കി .
"ഇല്ല ഒന്നുവില്ലമ്മേ ..ഓര്‍ക്കാപ്പുറത്ത് ഇടി വെട്ടിയപ്പോള്‍ പേടിച്ചു പോയി ."
"നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് മഴയത് ഇങ്ങനെ പുറത്തിറങ്ങി നില്‍ക്കരുതെന്ന് . അതും പോരാത്തതിന് വേനല്‍ മഴ ..ഇടീം മിന്നലും കൂടെ കാണുമെന്നറിയാത്തതൊന്നുമല്ല..നീ കൊച്ചു കുട്ടിയൊന്നുമല്ലെന്നോര്‍ക്കുന്നത് നന്ന് ."

ഇന്നലത്തെ സ്വപ്നത്തെക്കുറിച്ച് അമ്മയോട് സൂചിപ്പിക്കണമെന്നുണ്ടായിരുന്നു. പിന്നെ അത് വേണ്ടെന്ന് വെച്ചു. അതമ്മയെ കൂടുതല്‍ ശുണ്ഠി പിടിപ്പിച്ചേക്കുമെന്ന് തോന്നി . അമ്മയുടെ കൂടെ അകത്തേയ്ക്ക് നടക്കുമ്പോള്‍ രശ്മിയുടെ മനസ്സു മുഴുവന്‍ കുട്ടികളും മുതിര്‍ന്നവരും തമ്മിലുള്ള അതിര്‍വരമ്പായിരുന്നു..'മുതിര്‍ന്നവര്‍ സ്വപ്നം കാണാറില്ലേ ? മുതിര്‍ന്നു കഴിഞ്ഞാല്‍ മുറ്റത്തിറങ്ങി മതിയാവോളം മഴ കൊണ്ടൂടേ ? പൂന്തോട്ടത്തിലെ പൂക്കളെ തഴുകി മണത്തൂടേ? പാട്ട് പാടുന്ന കിളികളെ തേടി തൊടിയിലൂടെ ഓടി നടന്നൂടെ? അതിലെന്താ പൊരുത്തക്കേട് ..ഒന്നുമില്ല അത്ര തന്നെ . എന്നിട്ടും അമ്മ എന്തിനാണ് ഇടയ്ക്കിടയ്ക്ക് തന്റെ പ്രായത്തെ ഓര്‍മ്മപ്പെടുത്തുന്നത്? പോരാത്തതിന് പെണ്‍ കിട്ടിയാണെന്നൊരെടുത്തു പറച്ചിലും!'
രശ്മിക്ക്‌ ശരിക്കും അരിശം തോന്നി .

ഇന്ദു കുളി കഴിഞ്ഞ്‌ നനഞ്ഞ മുടി തോര്‍ത്തിക്കൊണ്ട്‌ വരുമ്പോഴും രശ്മി അതേ ഇരിപ്പായിരുന്നു . അച്ഛന്റെ ടേബിളിനടുത്തേയ്ക്ക് കസേര വലിച്ചിട്ട് കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡില്‍ അലസമായി വിരലോടിച്ചു വെറുതേയിരിക്കുന്നു .
"മോളേ .."
അവര്‍ അടുത്ത് വന്ന് മകളുടെ ചുമലില്‍ പിടിച്ച് കൊണ്ട് വിളിച്ചു .
"പേടിയൊക്കെ മാറിയോ ?"
"മഹും..അതപ്പഴേ പോയമ്മേ .."
അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു .
"അമ്മേ ..നീനുവും രേഷ്മയുമെല്ലാം കംബ്യൂട്ടര്‍ കോഴ്സിനു ചേരുന്നുണ്ട് .അവര്‍ മാത്രമല്ല ക്ലാസ്സിലെ മിക്ക കുട്ടികളും പോകുന്നുണ്ട് .എനിയുക്കും കോഴ്സിനു ചേരണമെന്നുണ്ട് . വൈകിട്ട് ആറ് മുതല്‍ ഏഴ് വരേയുള്ളൂ..ട്യൂഷന്‍ കഴിഞ്ഞാല്‍ നേരേ കംബ്യൂട്ടര്‍ സെന്‍ററിലേയ്ക്ക് പോകാന്‍ സാധിയ്ക്കും."
അവള്‍ പ്രതീക്ഷയോടെ അമ്മയെ നോക്കി .
"എന്തിനാ ഇപ്പോള്‍ പ്രത്യേകിച്ചൊരു കോഴ്സിനു ചേരല്‍ സ്കൂളില്‍ കബ്യൂട്ടര്‍ ലാബ് ഉള്ളതല്ലേ ? മാത്രമല്ല ഇപ്പോള്‍ റഗുലര്‍ കോഴ്സിന്റെ ആവിശ്യമില്ലതാനും .."
അവര്‍ നെറ്റി ചുളിച്ച് മകളെ നോക്കി .
"സ്കൂളിലെ ലാബൊക്കെ പേരിനു മാത്രമാ ..അതിലെ സിസ്റ്റം പകുതിയും ചത്തതാ..ആളെ കാണിക്കാന്‍ വേണ്ടി മാത്രം ഒരു കബ്യൂട്ടര്‍ ലാബ് .."
"എന്നാല്‍ പിന്നെ മോര്‍ണിംഗ് ബാച്ചില്‍ ജോയിന്‍ ചെയ്യാന്‍ പറ്റില്ലേ ?"
"രാവിലേ ട്യൂഷന്‍ ഇല്ലേ അമ്മേ ? പിന്നെപ്പോഴാ സമയം ?"
"വേണ്ട വേണ്ട ..ആറു മണിക്കു ശേഷമുള്ള പഠിത്തമൊന്നും വേണ്ട ..അല്ലെങ്കില്‍ തന്നെ തിരിച്ച് വരുന്ന വരെ ആധിയാ..നീയൊരു വളര്‍ന്ന പെണ്‍കുട്ടിയാ രശ്മീ ..നീ അതെന്താ ആലോചിക്കാത്തേ?? "
അവര്‍ വീണ്ടും മകളെ അവളുടെ പ്രായത്തിന്റെ പരിമിതികളെപ്പറ്റി ഓര്‍മ്മപ്പെടുത്തി .
"എന്തു പറഞ്ഞാലും വളര്‍ന്ന പെണ്‍കുട്ടി അല്ലെങ്കില്‍ മുതിര്‍ന്ന പെണ്‍കുട്ടി !! കേട്ടു കേട്ട്‌ മടുത്തു ..ഞാന്‍ വളര്‍ന്നതെന്റെ കുറ്റമാണോ ? അമ്മയെന്തിനാണിങ്ങനെ പേടിക്കുന്നത്? ഇതു പഴേ കാലമൊന്നുമല്ല എനിക്കൊരു പേടിയുമില്ല ."
രശ്മിയുടെ ശബ്ദം ദേഷ്യവും സങ്കടവും ഇടകലര്‍ന്നിടറിയിരുന്നു.
"നീ പറഞ്ഞത് തന്നെയാണ് മോളേ കാരണം .ഇതു പഴയ കാലമല്ല ..പെണ്‍കുട്ടികള്‍ ഉള്ളവര്‍ക്കേ അത് മനസ്സിലാകൂ ..പെണ്ണിന് കാലത്തെയും പ്രായത്തേയും ഒരുപോലെ പേടിച്ചേ മതിയാകൂ കുട്ടീ ..നിനക്കതിപ്പോള്‍ മനസ്സിലാകില്ല .."
കയ്യിലെ നനഞ്ഞ തോര്‍ത്ത്‌ നിവര്‍ത്തി കുടഞ്ഞ്‌ അവര്‍ അകത്തേയ്ക്ക് നടന്നു.

രാത്രി ഭക്ഷണത്തിനൊരുമിച്ചിരിയ്ക്കുമ്പോള്‍ രശ്മി അച്ഛന്റെ മുന്നില്‍ വീണ്ടും വിഷയമവതരിപ്പിച്ചു .ഇത്തവണ അമ്മ പഴയതിലും ശക്തിയായി തന്നെ എതിര്‍ത്തു .
"അല്ലെങ്കില്‍ തന്നെ ഹൈ സ്കൂള്‍ കഴിയട്ടെ റെഗുലര്‍ കോഴ്സിനു ചേരാവല്ലോ? അതുമല്ലെങ്കില്‍ വെക്കേഷന്‍ സമയത്ത് നോക്കാം ..അത് വരെ സ്കൂള്‍ ലാബിലെ പഠിത്തം മതി .."
രശ്മി നിരാശ നിഴലിച്ച കണ്ണുകളോടെ അച്ഛനെ നോക്കി.
"തല്‍ക്കാലം നീ അമ്മ പറേന്നത് കേള്‍ക്കു മോളേ .. അല്ലെങ്കില്‍ നീയീ കോഴ്സ് കമ്പ്ലീറ്റ് ചെയ്യുന്നത് വരെ ഇവിടെ അടിയന്തിരാവസ്ഥ നില നില്‍ക്കും ..അതിലും ഭേദമല്ലേ തല്‍ക്കാലം ഇതു വേണ്ടെന്ന് വെയ്ക്കുന്നത് . "
"ഹും !"
രശ്മി നീരസത്തോടെ മുഖം താഴ്ത്തി . പിന്നെ കഴിപ്പ്‌ മതിയാക്കി എഴുന്നേറ്റു പോയി .
"അച്ഛനും മോള്‍ക്കും എല്ലാം ഒരുതരം കുട്ടിക്കളിയാ .പത്രത്തിലും ടീവീലുമൊക്കെ ഓരോ വാര്‍ത്തകള് കാണുകേം കേള്‍ക്ക്വേം ചെയ്താല് ചില ദിവസങ്ങളില്‍ ഉറങ്ങാറ് കൂടിയില്ല .."
"എന്റെ ഇന്ദൂ നീയിങ്ങനെ അവള്‍ടെ മുന്നീ വെച്ച് , ഓരോന്ന് വിളിച്ചു കൂവല്ലേ ..അവള്‍ കൊച്ചു കുട്ടിയല്ലേ . നീ പറയുന്നപോലെ ചിന്തിക്കാനുള്ള പാകതയൊന്നും അവള്‍ക്കായിട്ടില്ല .."
"മ്ഹും ..വിശ്വേട്ടനെന്തറിഞ്ഞിട്ടാ ഈ പറേന്നെ. അവള്‍ക്കു വയസ്സ് പതിനഞ്ചു കഴിഞ്ഞു. ഞാനവളുടെ അമ്മയാ ..എനിക്കാധിയുണ്ട് ..കാരണം ഞാനുമൊരു പെണ്ണാ ..പെണ്‍കുട്ടികള്‍ വളരുമ്പോള്‍ അമ്മമാരുടെ മനസ്സില്‍ തീയാളുമെന്നു പറേന്നത്‌ വെറുതെയല്ല ..നിങ്ങള്‍ക്കത് മനസ്സിലാവില്ല .ഇനി ഇപ്പൊ എന്തു ന്യായം പറഞ്ഞാലും ശരി സന്ധ്യയ്ക്ക് ശേഷമുള്ള ഒരു കോഴ്സിനു പോക്കും വേണ്ട ..അതിനി ഡോക്ടറേറ്റെടുക്കാനായാലും ശരി. "
അവര്‍ കഴിച്ച പാത്രങ്ങള്‍ ഓരോന്നായി അടുക്കിയെടുത്തു.
അയാള്‍ മറുപടിയൊന്നും പറയാതെ വെറുതേ ആലോചനയില്‍ മുഴുകിയിരുന്നു ..
"കൈ കഴുകുന്നില്ലേ ? അതോ മോളേപ്പോലെ സ്വപ്നം കണ്ടു തുടങ്ങിയോ ?"
"അവള്‍ക്കെന്തു സ്വപ്നം ? "
അയാള്‍ മുഖമുയര്‍ത്തി ചോദിച്ചു .
"എന്തെന്നും ഏതെന്നുവൊന്നുവറിയില്ല ..അന്തോം കുന്തോമില്ലാതെ ദിവസവും ഓരോന്ന് കണ്ടെന്നു പറേന്നെ കേള്‍ക്കാം .."
"ഹഹ ..അത് കൊള്ളാം അതും അവളുടെ കുറ്റമാ? ഈ പ്രായത്തില്‍ എല്ലാ കുട്ടികളും ഇങ്ങനൊക്കെ തന്നയാ..നീ എല്ലാ കാര്യത്തിലും അവളെയിങ്ങനെ വരിഞ്ഞു മുറുക്കരുത്.. അത് പിന്നീടവള്‍ക്ക് തന്നെ ദോഷം ചെയ്യും .."
"ഞാന്‍ വരിയാനും മുറുക്കാനുമൊന്നും പോകുന്നില്ലേ ..അല്ലെങ്കില്‍ തന്നെ ഞാന്‍ വെറും നാട്ടിന്‍ പുറത്തുകാരി. അച്ഛനും മോള്‍ക്കും എപ്പോഴുമുള്ള ന്യായവും അത് തന്നെയാണല്ലോ ."
ഇന്ദു ഒരു ദീര്‍ഘ നിശ്വാസത്തോടെ അടുക്കളയിലേയ്ക്ക് നടന്നു .
ടീ വിയുടെ റിമോട്ടും കയ്യില്‍ പിടിച്ച് ഹാളില്‍ നിന്നിരുന്ന രശ്മി അമ്മയുടെ സംസാരം മുഴുവന്‍ കേള്‍ക്കുന്നുണ്ടായിരുന്നു .അവള്‍ക്കെന്തെന്നില്ലാത്ത ഒരസ്വസ്ഥത അനുഭവപ്പെട്ടു . ഒരു വലിയ തെറ്റ് ചെയ്ത പോലെ മനസ്സിന്‍റെ പിരിമുറുക്കം അവളുടെ മുഖഭാവം എടുത്തുകാട്ടി .

അന്നുറങ്ങാന്‍ കിടക്കുമ്പോഴും രശ്മിയുടെ മനസ്സു മുഴുവന്‍ അമ്മയുടെ വാക്കുകളായിരുന്നു ..'തന്റെ വളര്‍ച്ചയില്‍ അമ്മയെന്തിനാണിങ്ങനെ പേടിക്കുന്നത് . രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് തനിക്കു പ്രായം തികഞ്ഞു എന്നറിഞ്ഞ ദിവസം അമ്മയ്ക്കെന്തു സന്തോഷമായിരുന്നു.
അടുത്ത വീടുകളിലൊക്കെ മധുരം കൊടുത്തു . വീട്ടിലന്ന് സദ്യ തന്നെയുണ്ടാക്കി . കുളിച്ചു വന്ന തന്നെ പട്ടു പാവാടയും ബ്ലൌസുവിടുവിച്ച്
അണിയിച്ചോരുക്കിയതും അമ്മ തന്നെ. തന്റെ നിറുകയില്‍ ഉമ്മ വെച്ചമ്മ പറഞ്ഞതിപ്പോഴും ഓര്‍ക്കുന്നു .
"എന്റെ കുഞ്ഞൊരു വലിയ പെണ്ണായി ..!"
അന്നമ്മ ഒരുപാട് നേരം വാ തോരാതെ സംസാരിച്ചു . അമ്മയുടെ കുട്ടിക്കാലത്തെക്കുറിച്ചും , തെരണ്ട് കുളിയുടെ നാളുകളില്‍ ചന്ദനവും മഞ്ഞളും മേലാകെ തേച്ച്‌ പിടിപ്പിച്ച് അമ്മമ്മയുടെ കുളിപ്പിക്കലും...അങ്ങനെ ഒരുപാടു കാര്യങ്ങള്‍ ..
അമ്മമ്മയുടെ ചെറുപ്പത്തില്‍ പെണ്‍കുട്ടികള്‍ ഋതു മതിയാകുന്നത് ഒരുത്സവം പോലെ ആഘോഷിക്കപ്പെട്ടിരുന്നത്രേ !. വീട്ടിലെയും അയലത്തെയും പെണ്ണുങ്ങള്‍ ഒത്ത് ചേര്‍ന്ന് കുരവയിട്ട് ആര്‍പ്പു വിളിച്ചിരുന്നു ..വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ സദ്യ വിളമ്പുന്ന പതിവുമുണ്ടായിരുന്നു . വയസ്സ് തികഞ്ഞ പെണ്‍കുട്ടികളുടെ പേരില്‍ ഗന്ധര്‍വ ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകള്‍ നടത്തുമായിരുന്നു.
ഗന്ധര്‍വ്വന്‍ കൂടിയ പെണ്ണിന്റെ ജീവിതം ഇടിയേശി മണ്ട കരിഞ്ഞ തെങ്ങുപോലെയെന്ന് അമ്മമ്മ പറയുമാരുന്നത്രേ..അമ്മമ്മയുടെ ഒന്‍പത് മക്കളില്‍ ഏറ്റവും ഇളയതായിരുന്നു അമ്മ ..അതുകൊണ്ട് തന്നെ തനിക്കു അമ്മമ്മയെ കാണാനുള്ള ഭാഗ്യം ലഭിച്ചില്ല.എങ്കിലും അമ്മയുടെ ഓര്‍ത്തെടുക്കലുകളിലൂടെ പലപ്പഴായി അമ്മമ്മയുടെ ഒരു ഏകദേശ രൂപം മനസ്സില്‍ പതിഞ്ഞിട്ടുണ്ട് .

ഒരിക്കല്‍ വെറുതേയൊരു നേരമ്പോക്കിന് അമ്മയോട് ചോദിച്ചു ;

'അമ്മ സ്വപ്നം കണ്ടിട്ടുണ്ടോ? .'
ഋതുമതിയായ രാവില്‍ ആഭരണങ്ങളും അലങ്കാരങ്ങളുമണിഞ്ഞ്‌ മംഗല്യ താലത്തില്‍ പുടവ പിടിച്ച് നില്‍ക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. മാത്രമല്ല ആ നാളുകളില്‍ എല്ലാ പെണ്‍കുട്ടികളും അങ്ങനൊക്കെ കാണാറുണ്ടത്രെ .

പക്ഷേ വര്‍ഷങ്ങള്‍ക്കു ശേഷം അതേപോലൊരു രാത്രിയില്‍ താന്‍ കണ്ട സ്വപ്നം പേടിപ്പിക്കുന്നതായിരുന്നു .സ്വപ്നത്തിലെ കാഴ്ച്ചയുടെ കടും നിറം ചുവപ്പ് മാത്രമായിരുന്നു . അതെ.. കട്ട പിടിച്ച ചോരച്ചുവപ്പ് . കിടക്കവിരിയാകെ ചോരയില്‍ കുതിര്‍ന്നു ചോരത്തുള്ളികള്‍ താഴെയ്ക്കിറ്റുവീഴുന്നുണ്ടായിരുന്നു .. തനിക്കു പിറകില്‍ ആജാനുബാഹുവായ ഒരുമനുഷ്യന്‍ ..അല്ല മനുഷ്യനെപ്പോലെ എന്നേ പറയാനാകൂ ...അയാളുടെ ശരീരമാകെ കരടിയെപ്പോലെ നീണ്ടു വളര്‍ന്ന കട്ടിരോമങ്ങള്‍ .. എഴുന്നു നിന്ന കട്ടിരോമങ്ങള്‍ അയാളുടെ മുഖം അവ്യക്തമാക്കിയിരുന്നു ..കണ്ണുകള്‍ തീക്കട്ട പോലെ ചുവന്നു തുടുത്തിരുന്നു ..അയാളുടെ കൈവിരലുകളില്‍കത്തിപോലെ കൂര്‍ത്തു വളഞ്ഞ നീണ്ട നഖങ്ങള്‍ .കൈകള്‍ രണ്ടും കോര്‍ത്ത്‌ പിടിച്ച് പിന്നിലൂടെ തന്റെ കഴുത്തിലെയ്ക്ക് അയാള്‍ കൂര്‍ത്ത നഖങ്ങള്‍ ആഴ്ന്നിറക്കുന്നു..
ശരിക്കും അലറി വിളിച്ചു പോയി ..
അച്ഛനും അമ്മയും ഓടിയെത്തുമ്പോള്‍ താന്‍ ബെഡില്‍ കുത്തിയിരുന്ന് കാല്‍മുട്ടുകളില്‍ തല കുമ്പിട്ട്‌ തേങ്ങുകയായിരുന്നു ..പിന്നീട് അന്ന് മുഴുവന്‍ അമ്മയെ കെട്ടിപ്പിടിച്ചാണൂറങ്ങിയത് . അന്നത്തെ സ്വപ്നത്തെക്കുറിച്ച് പിറ്റേന്നമ്മയോട് പറഞ്ഞിരുന്നു .
അമ്മ നെഞ്ചോട് ചേര്‍ത്ത് പിടിച്ചാശ്വസിപ്പിക്കുകയാണുണ്ടായത്‌ ..
"സാരല്ലാ...ന്റെ കുട്ടി അങ്ങനൊന്നും കണ്ടിട്ടില്ല ..ഒക്കെ വെറുതേ തോന്നുന്നതാ ..നാളെ തന്നെ ദേവിയ്ക്കൊരു നിറമാല നേരണം.."
നിറമാല ദേവി സ്വീകരിച്ചിട്ടോ എന്തോ ?..അറീല്ല ..പിന്നീടൊരിക്കലും ഉറക്കത്തില്‍ നിലവിളിച്ചിട്ടില്ല .

ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഒരു രാത്രിയില്‍ രശ്മി വീണ്ടുമൊരു സ്വപ്നത്തിലേയ്ക്കു വഴുതി വീണു ..ഒരു വൈകുന്നേരം... വിജനമായ കടല്‍ക്കരയില്‍ കാറ്റ് കൊണ്ട് നടക്കുകയാണ് അച്ഛനും അമ്മയും താനും ..മുണ്ടും ആഷ് കളര്‍ ഷേര്‍ട്ടുമാണ്‌ അച്ഛന്റെ വേഷം..അമ്മ റോസ് കളറില്‍ വയലറ്റ് പൂക്കളുള്ള സാരി ഉടുത്തിരിക്കുന്നു .. ഇതിനു മുന്‍പൊരിക്കലും അമ്മ അതുടുത്ത് കണ്ടിട്ടില്ല ..ക്രീം കളറിലെ മിഡീം ടോപ്പുമാണ് താന്‍ ധരിച്ചിരുന്നത് ..അച്ഛന്റെയും അമ്മയുടെയും നടുവിലായി രണ്ട് പേരുടെയും കൈകള്‍ കോര്‍ത്ത്‌ പിടിച്ചാണ് തന്റെ നടത്തം ..ഇടയ്ക്കിടയ്ക്ക് അച്ഛന്റെ തമാശകളി ല്‍ മൂവരും ഒരുപോലെ ആര്‍ത്തു ചിരിക്കുന്നുണ്ട് .. പെട്ടെന്നാണ് ആര്‍ത്തലച്ചോരു തിരമാല തീരം കവര്‍ന്നത് ..തിരയിറങ്ങിയപ്പോള്‍ അമ്മയെ കാണാനില്ല താനും അച്ഛനും മണ്ണില്‍ പറ്റിപ്പിടിച്ചു കിടക്കുകയായിരുന്നു ..പൊടുന്നനെ അമ്മയുടെ നിലവിളി കേട്ട്‌ കടല്‍ തിരകളിലേക്ക് നോക്കി ..അവിടെ ..തിരകള്‍ക്കു മീതേ ഇളകിയാടി അയാള്‍ നടന്നു നീങ്ങുന്നു ...ശരീരം മുഴുവന്‍ നീണ്ടു വളര്‍ന്ന രോമങ്ങളുമായി അതേ കരടി മനുഷ്യന്‍ ..അയാളുടെ തോളില്‍ തല കീഴായി കിടന്ന് അമ്മ അലറി വിളിക്കുന്നു ..
"അച്ഛാ... അമ്മ . .അയ്യോ ...അച്ഛാ .!!"
താന്‍ അച്ഛനെ നോക്കി കരഞ്ഞ് വിളിക്കുന്നുണ്ട് ..അഛന്‍ പക്ഷേ ..കടലിലേയ്ക്ക് നോക്കി മിഴിയനക്കാതെ ഒരേ നില്‍പ്പ് തന്നെ ..താന്‍ വീണ്ടും വെപ്രാളത്തോടെ തീരത്തേയ്ക്കോടുന്നു..ഇളകി മറിഞ്ഞ് വന്ന ഒരു തിര തന്നെ വീണ്ടും കരയിലേയ് ക്കടിച്ചുതെറിപ്പിച്ചു.
ഒരിക്കല്‍ക്കൂടി അച്ഛനെ വിളിച്ചു തിരിഞ്ഞപ്പോള്‍ ഒരു വിളിപ്പടകലെയ്ക്ക് അഛന്‍ തിരിച്ച് നടന്നു തുടങ്ങിയിരുന്നു ...അച്ഛനെന്താണിങ്ങനെ..
അച്ഛന് അമ്മയെ വേണ്ടേ.?? ഇപ്പോള്‍ കടലില്‍ അങ്ങ് ദൂരെ ഒരു പൊട്ടുപോലെ അമ്മയെ കാണാം ..പൂഴി മണ്ണില്‍ കാല്‍ മുട്ടുകളൂന്നി കിതപ്പോടെ തിരിഞ്ഞു നോക്കി .... കടലിനു സമാന്തരമായി കണ്ണെത്താത്ത തീരത്തിലെയ്ക്ക് അച്ഛനും നടന്നു മറയുന്നു .. കരയിലും കടലിലുമായി അച്ഛനും അമ്മയും പൊട്ടു പോലെ മറയുന്നതും നോക്കി നിസ്സഹായയായ ഒരു പെണ്‍കുട്ടി തീരത്തിരുന്നു ശബ്ദമില്ലാതെ നിലവിളിച്ചു ..കാതങ്ങള്‍ക്കപ്പുറത്ത് നിന്ന് അമ്മയുടെ ശബ്ദം ചിലമ്പിച്ച് വരുന്നപോലെ തോന്നി ;
"മോളേ ...നീ മുതിര്‍ന്ന പെണ്‍കുട്ടിയാണെന്നോര്‍ക്കണം ..
നിന്നെ നോക്കാന്‍ ഇനി നീ മാത്രമേയുള്ളൂ ..സൂക്ഷിക്കണം .."

യുക്തിവാദി !

അപ്പുണ്ണി മാഷിന്റെ വീട് ലക്ഷ്യമാക്കി നടക്കുമ്പോള്‍ ഗൌതമന്‍ ലക്ഷ്മിയെക്കുറിച്ചാണ് ചിന്തിച്ചത് .മീനമാസത്തിലെ സൂര്യന്‍ തലയ്ക്കു മുകളില്‍ കനല്‍ കൂട്ടിയിടുന്നതൊന്നും അയാള്‍ അറിയുന്നതേ ഉണ്ടായിരുന്നില്ല . ഒരു പക്ഷേ അതിനെ വെല്ലുന്ന പൊള്ളുന്ന ചിന്തകള്‍ ഉള്ളിലുണ്ടായിരുന്നത് കൊണ്ടാകാം . സ്ഥിരചിത്തനല്ലാത്ത ഒരുവന്റെ തോക്കില്‍ നിന്നു ലക്ഷ്യമില്ലാതെ തെറിക്കുന്ന വെടിയുണ്ടകള്‍ പോലെ തലങ്ങും വിലങ്ങും കണ്ണഞ്ചിപ്പിക്കുന്ന വേഗതയില്‍ കുതിക്കുന്ന വാഹനങ്ങള്‍ ..ഈ നട്ടുച്ചയ്ക്കും ആളുകള്‍ പരക്കം പായുന്നതില്‍ അയാള്‍ക്കല്‍ഭുതം തോന്നിയില്ല , മറിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി താന്‍ ഓഫീസില്‍ പോകാറെയില്ലെന്ന ചിന്തയിലേക്ക് അത് വഴി തുറന്നപ്പോള്‍ അസ്വസ്ഥത തോന്നുകയും ചെയ്തു .

അപ്പുണ്ണി മാഷിന്റെ വീടിന്റെ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തുമ്പോള്‍ മാഷുണ്ടാകുമോ എന്നൊരാശങ്ക തോന്നാതിരുന്നില്ല. ചിന്തിച്ചു നില്‍ക്കുമ്പോള്‍ തന്നെ ഡോര്‍ തുറന്നു..ചോറ് കുഴച്ച വലത്തേ കൈ മടക്കിപ്പിടിച്ചു കൊണ്ട് മാഷ്‌ വാതില്‍ മലക്കെ തുറന്നു ..
"ആഹാ ..ഗൌതമനോ ? വാ.. കേറി വന്നാട്ടെ .താന്‍ വന്നത് നല്ല സമയത്ത് തന്നെ ..കൈ നനച്ചിട്ടിരുന്നോ.ഞാന്‍ പ്ലേറ്റെടുക്കാം.."
"വേണ്ട മാഷേ ..ഇപ്പോള്‍ വേണ്ട ......."
അയാള്‍ തിടുക്കത്തില്‍ പറഞ്ഞു ..
"എന്താ..താന്‍ ഊണ് കഴിഞ്ഞിട്ടാ വരുന്നേ ?"
"അതല്ലാ.......ഇ..പ്പൊ ..."
ഊണ് കഴിച്ചതാണ് എന്നൊരു കള്ളം പറയാത്തതില്‍ അയാള്‍ നാവിനെ പഴിച്ചു.
"ആഹാ ..ഇതാപ്പോ നന്നായെ ..കൈ കഴുകി ഇരുന്നോളൂ ..ഇനീപ്പോ എന്തു വലിയ കാര്യമായാലും ഊണ് സമയത്ത് അത് തന്നെ മുഖ്യം ."
ഊണ് കഴിക്കുന്നതിനിടയില്‍ മാഷിന്റെ സംസാരം മുഴുവനും തന്റെ നള പാചകത്തിലെ പൊടിക്കൈകളെക്കുറിച്ചായിരുന്നു .. വര്‍ഷങ്ങളായി ഒരേ വീട്ടില്‍ ഒറ്റയ്ക്ക് സ്വന്തം ഇഷ്ടത്തിനൊത്ത് വെച്ചുണ്ടാക്കി തിന്നും കുടിച്ചും ശരിക്കും ഒറ്റപ്പെട്ട തുരുത്തുപോലെ മാഷ്‌ ജീവിച്ചു പോരുന്നു ..ഇഷ്ടങ്ങളും അനിഷ്ടങ്ങളും, വിശ്വാസങ്ങളും അവിശ്വാസങ്ങളും ഒന്നും തര്‍ക്കിച്ചിരമ്പാതിരിക്കാന്‍ ഇതിലും നല്ല പോം വഴി വേറെയില്ലെന്ന് ഗൌതമന് തോന്നി .

"താനെന്താ ഹെ! ..പരലോക ചിന്തയിലാണോ ? മതിയാക്കി എണീക്കാന്‍ നോക്ക് ..അതോ ഒന്നും വായ്ക്കു പിടിച്ചില്ലാന്നുണ്ടോ? "
മാഷിന്റെ ചോദ്യം അയാളെ ഉണര്‍ത്തി .
"ഹേയ് അങ്ങനൊന്നുമില്ല എല്ലാം നന്നായിട്ടുണ്ട് .."
പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒട്ടും ആത്മാര്‍ഥതയില്ലാത്ത ഒരു മറുപടിയായിരുന്നു അതെന്നു അയാള്‍ക്ക്‌ തോന്നി .അല്ലെങ്കില്‍ തന്നെ ഹോട്ടല്‍ ഭക്ഷണത്തിന്റെ പുളിച്ച രുചികള്‍, നല്ലതും ചീത്തയും തിരിച്ചറിയാനുള്ള നാവിന്റെ വിരുത് ക്രമേണ ഇല്ലാതാക്കിയിരുന്നു.
"ആട്ടെ ..താനെന്താ ഈ നേരത്ത് ..? വിശേഷി ച്ചെ ന്തെങ്കിലും ...?"
ഊണ് കഴിഞ്ഞ്‌ ഒരു സിഗരറ്റിനു തീ കൊളുത്തി , പായ്ക്കറ്റ് അയാള്‍ക്ക്‌ നേരേ നീട്ടുന്നതിനിടയില്‍ മാഷ്‌ ചോദിച്ചു .
കുറച്ച് നേരത്തേയ്ക്ക് അയാള്‍ നാവനക്കിയില്ല .പിന്നെ നേര്‍ത്ത ശബ്ദത്തില്‍ മറുപടി പറഞ്ഞു ..
"ഞാന്‍ ഓഫീസില്‍ പോയിട്ട് കുറേ ദിവസങ്ങളായി ."
"എന്താ ലീവാണോ ? എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ..?"
"അല്ല മാഷേ ..ഒന്നിലും മനസ്സുറയ്ക്കുന്നില്ല ..ആകെ ഒരു തരം .....എന്താ പറയുക ..ഒറ്റയ്ക്കായീന്നൊക്കെ നമ്മള്‍ പറയില്ലേ .. വായില്‍ നിന്നു വെറുതേ പൊട്ടി വീഴുന്ന വാക്കുകള്‍ പോലും ശത്രുക്കളെ ഉണ്ടാക്കുന്നു. വയ്യ മാഷേ ..മുറിയില്‍ നിന്നു പുറത്തിറങ്ങുന്നത് തന്നെ വിരളമായിട്ടുണ്ട്..ആള്‍ക്കാരുടെ കണ്ണില്‍ ഞാനേതാണ്ടൊരു മനോരോഗിയെപ്പോലാണ് .അല്ലെങ്കില്‍ തന്നെ സ്വബോധമുള്ള ഒരു ഭര്‍ത്താവിനെ പ്രത്യേകിച്ചോരു കാരണവുമില്ലാതെ ഒരു ഭാര്യ ഉപേക്ഷിച്ചു പോകുമോ .."
ചൂണ്ടു വിരല്‍ ഉയര്‍ത്തി തട്ടി സിഗരറ്റ് ചാരം തെറിപ്പിച്ച്‌ വീണ്ടും ചുണ്ടത് വെച്ചു പുകയൂതുന്ന തിനിടയില്‍ അയാള്‍ അപ്പുണ്ണി മാഷിനെ നോക്കി .
"അല്ലാ ..ഇപ്പൊ പെട്ടെന്നിങ്ങനെ ചിന്തിക്കാനൊക്കെ....ലക്ഷ്മി പോയിട്ട് കാലം കുറേ ആയില്ലേ..?ഞാന്‍ കഴിഞ്ഞ ആഴ്ച തന്റച്ഛനെ കണ്ടിരുന്നു ...തനിക്കൊരു പുതിയ ബന്ധത്തിന്റെ കാര്യം ഞാന്‍ അദ്ദേഹത്തോട് സൂചിപ്പിക്കുകയും ചെയ്തു...ഇനി നാട്ടുകാരുടെ തല്ലു കൂടി കൊള്ളണോ എന്നൊരു പൊട്ടിത്തെറി ആയിരുന്നു പ്രതികരണം .."
മാഷ്‌ ചോദ്യ രൂപത്തില്‍ അയാളെ നോക്കി ..
"മ്ഹും .."
അയാള്‍ സിഗരറ്റ് കുറ്റി ആഷ് ട്രെയില്‍ കുത്തിക്കെടുത്തുന്നതിനിടയില്‍ അമര്‍ത്തി മൂളി ..



"ഒന്നോര്‍ത്താല്‍ എല്ലാം താന്‍ വരുത്തി വെച്ചതാണന്നേ ഞാന്‍ പറയൂ ... തന്റെ യുക്തിവാദവും പുരോഗമന ചിന്തേം എല്ലാം നല്ലത് തന്നെ ..ഞാനതിനോടെല്ലാം പൂര്‍ണമായും യോജിക്കുന്നു താനും ..പക്ഷേ സ്വന്തം ജീവിതത്തിന്റെ താളം തെറ്റുന്ന രീതിയില്‍ അതിനെ വഴി തെറ്റിച്ചു വിടരുതായിരുന്നു ...താനൊരാള്‍ വിചാരിച്ചാലൊന്നും നാട് നന്നാവില്ല ..അത്ര എളുപ്പമൊന്നും സമൂഹത്തില്‍ ഒരു മാറ്റമൊന്നും ഇത്തരം ചിന്തകള്‍ വരുത്തുകയുമില്ല ..അത്രത്തോളം ആഴ്ന്നിറങ്ങി വേര് പടര്‍ന്നിട്ടുണ്ട് ആചാരങ്ങളും അനുഷ്ടാനങ്ങളും സാധാരണക്കാരുടെ മനസ്സില്‍ ..."



"സമ്മതിച്ചു മാഷേ ...പക്ഷേ സ്വന്തം ഭാര്യയെങ്കിലും എന്നെ മനസ്സിലാക്കിയില്ലെങ്കില്‍ ......അവള്‍ എന്റെ ചിന്തകള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പിന്നെ നാട്ടുകാര്‍ എങ്ങനെ വില വെയ്ക്കും ..
കല്യാണം കഴിഞ്ഞപ്പോഴേ ഞാന്‍ പറഞ്ഞു ...ഞാനൊരവിശ്വാസിയാണ്... അമ്പലങ്ങളിലും പൂജകളിലും എനിക്ക് വിശ്വാസമില്ലന്നും ....മാത്രമല്ല യുക്തിവാദസംഘവുമായി ചേര്‍ന്ന് പ്രവര്ത്തിക്കുകയാണെന്നും ...ആദ്യമൊക്കെ അവളെന്നെ തിരുത്താന്‍ നോക്കി ...നടക്കില്ലാന്ന് കണ്ടപ്പോള്‍ അവളെ അവള്‍ടെ വഴിക്ക് വിട്ടേക്കാന്‍ പറഞ്ഞു ..ഒന്നോര്‍ത്തു നോക്കിക്കേ... ഞാന്‍ ഇരുപത്തിനാല് മണിക്കൂറും യുക്തിവാദി പ്രസ്ഥാനവുമായി നടക്കുമ്പോള്‍ എന്റെ ഭാര്യ എന്ന് പറയുന്നവള്‍ പൂജേം മന്ത്രവാദവുമായി മറുവശത്ത് ..പ്രവര്‍ത്തകര്‍ക്കിടയില്‍ ഞാന്‍ ശരിക്കും നാണം കെട്ടു..അവരെ കുറ്റം പറയാന്‍ കഴിയുമോ ? സ്വന്തം ഭാര്യയെ തിരുത്താന്‍ കഴിയാത്തവന്‍ നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങിയാല്‍
എങ്ങനിരിക്കും..?"

"അവിടെയാണ് ഗൌതമാ നിനക്ക് തെറ്റിയത് ...ഒന്നുകില്‍ നീ കല്യാണത്തിന് മുന്നേ തന്നെ അവളോട്‌ എല്ലാം തുറന്ന് പറയണമായിരുന്നു.അത് ചെയ്തില്ലെന്ന് മാത്രമല്ല ,നാട്ടുകാരുടെ മുന്നിലെ നിന്റെ ഇമേജ് നിലനിര്‍ത്താന്‍ നീ പാട് പെട്ടപ്പോള്‍ മറന്നത് നിന്റെ ജീവിതമാണ് ..അവളെ നിനക്ക് തിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവളെ അവളുടെ വഴിക്ക് വിടണമായിരുന്നു..എല്ലാ വിശ്വാസങ്ങള്‍ക്കും മീതെയാണ് പരസ്പരം അഗീകരിക്കുക എന്നത് ..അപ്പോള്‍ പിന്നെ വിശ്വാസങ്ങളുടെ നിഴല്‍ യുദ്ധത്തിന് അര്‍ത്ഥമില്ലാതായിക്കോളും..വ്യക്തികള്‍ സമരസപ്പെടുകയും ചെയ്യും ..അത് ഭാര്യയും ഭര്‍ത്താവുമായാലും വ്യക്തിയും സമൂഹവുമായാലും അങ്ങനെ തന്നെ .."



"ഓഹോ ..അത് ശരി .മാഷ്‌ തന്നെ ഇതു പറയണം ....വര്‍ഷങ്ങള്‍ക്കു മുന്‍പ് മാഷിന്റെ പ്രസംഗ വേദികളില്‍ രക്തം തിളച്ച് എന്നെപ്പോലെ കുറേ ചെറുപ്പക്കാര്‍ ഇതിലേക്ക് എടുത്ത് ചാടിയിട്ടുണ്ട്‌ ..ഇപ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ വേദി മാറിയപ്പോള്‍ ഞങ്ങള്‍ മുഖ്യധാരയ്ക്ക് വെറുക്കപ്പെട്ടവരായി മാറി .. അപ്പോള്‍ കാലത്തിനൊത്ത് കോലം മാറുമ്പോള്‍ ആദര്‍ശങ്ങളെ കടലിലെറിയണമെന്നു സാരം ..
അല്ലെങ്കില്‍ എന്നെപ്പോലെ കുറേ കോമാളികള്‍ ആള്‍ക്കാര്‍ക്ക് നേരമ്പോക്കായി നരകിച്ചു തീരും ..അത്ര തന്നെ. "
അയാള്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി ..
"ഞാന്‍ നേരത്തേ തന്നെ പറഞ്ഞല്ലോ ഗൌതമാ ഞാനിപ്പോഴും എന്റെ വിശ്വാസങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നുവെന്ന്...പക്ഷേ നമ്മുടെ ബന്ധുക്കള്‍ ഉള്‍പ്പടെ എല്ലാവരും ഒറ്റയടിക്ക് നമ്മുടെ പാതയില്‍ നില കൊള്ളണമെന്ന വാശി ഗുണത്തെക്കാളേറെ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുമെന്നേ ഞാനുദ്ദേശിച്ചുള്ളൂ ..ലക്ഷ്മി നിന്റെ ജീവിതത്തില്‍ നിന്നകന്നത് തന്നെ ഏറ്റവും വലിയ ഉദാഹരണം ..അത് നിന്നെപ്പോലെ എനിക്കും വളരെ വിഷമമുണ്ടാക്കിയ കാര്യം തന്നെ ....."

"ഞാനതത്ര കാര്യമാക്കിയിട്ടില്ലെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്... വിവാഹമെന്നാല്‍ ഒരു കുരിശെന്ന നിലയില്‍ അവസാനം വരെ ചുമക്കണ്ടതാണെന്നു കരുതുന്നുമില്ല ..അതവള്‍ തന്നെ തുറന്ന് സമ്മതിച്ചിട്ടുമുണ്ട് ..ഒരിക്കല്‍ അവള്‍ പറഞ്ഞു എനിക്ക് വീട്ടുകാര്‍ അറിഞ്ഞു പേരിട്ടതാണെന്ന് ...ഗൌതമ ബുദ്ധനെപ്പോലെ ഞാനും അവളെ ഉപേക്ഷിച്ചു പോകുമെന്ന് ..പറഞ്ഞത് സത്യമായി ..പക്ഷേ പോയതവളാണെന്ന് മാത്രം ......"
കുറച്ച് നേരത്തേയ്ക്ക് ഇരുവരും ഒന്നും മിണ്ടിയില്ല ..ഒടുവില്‍ ഗൌതമന്‍ തന്നെ മൌനത്തെ വാക്കുകള്‍ കൊണ്ട് പൂരിപ്പിച്ചു ..
"ഞാനിറങ്ങുന്നു മാഷേ... വെറുതേ ഇരുന്ന് മുഷിഞ്ഞപ്പോള്‍ മാഷിനെ കാണണമെന്ന് തോന്നി...വരണ്ടായിരുന്നൂന്നു ഇപ്പോള്‍ തോന്നാതെയില്ല ...."
അതും പറഞ്ഞു അയാള്‍ എഴുന്നേറ്റപ്പോള്‍ മാഷ്‌ തടയാന്‍ ശ്രമിച്ചു ..
"ഇരിക്ക് ഗൌതമാ വെയിലാറട്ടേ ...അല്‍പ നേരം കഴിഞ്ഞ്‌ പോകാം ...."
അയാള്‍ അതിന് പ്രത്യേകിച്ച് മറുപടിയൊന്നും പറയാതെ പുറത്തേക്കിറങ്ങി നടന്നു കഴിഞ്ഞിരുന്നു ...

പിറ്റേന്നു രാവിലെ ഗൌതമന്റെ കൂട്ടുകാരന്‍ മഹേഷിന്റെ ഫോണ്‍ കോളിലൂടെയാണ്‌ അപ്പുണ്ണി മാഷ്‌ ആ വിവരം അറിഞ്ഞത് ..ഗൌതമന്‍ ടൌണിലെ ഹോസ്പ്പിറ്റലില്‍ അഡ്മിറ്റാ ണ് . രാത്രി ഏതോ വണ്ടി തട്ടിയതാണത്രെ...ബന്ധുക്കളെല്ലാരും ആശുപത്രിയില്‍ എത്തിയിട്ടുണ്ട് ....താനുടനേ എത്തിക്കോളാമെന്ന് പറഞ്ഞ് കൂടുതല്‍ വിശദീകരണം കാക്കാതെ മാഷ്‌ ഫോണ്‍ വെയ്ക്കുകയായിരുന്നു ..

മാഷ്‌ റിസപ്ഷനില്‍ എത്തിയപ്പോള്‍ തന്നെ ഗൌതമന്റെ അച്ഛനെയും ഒന്നുരണ്ട് അടുത്ത ബന്ധുക്കളെയും പുറത്ത് കണ്ടു ..
"എന്താ ഉണ്ടായത് ?"
മാഷ്‌ തിടുക്കത്തില്‍ അച്ഛനോട് തിരക്കി ..
"വ്യകതമായൊന്നുമറിയില്ല....ഇന്നലെ രാത്രി ആരൊക്കെയോ ചേര്‍ന്നിവിടെ എത്തിക്കുകയായിരുന്നു .. ഏതോ വണ്ടി ഇടിച്ചു വീഴ്തീന്നാ അവര്‍ പറഞ്ഞത് ..വണ്ടി നിര്‍ത്താതെ പോയത്രേ ..."

"ഇപ്പോഴെങ്ങനുണ്ട് ...എന്തെങ്കിലും സീരിയസായി .........??"
മാഷ്‌ പകുതിയില്‍ നിര്‍ത്തി ..
"ഇന്നലെ രാത്രി ബോധമുണ്ടായിരുന്നില്ല ...തലയില്‍ ആഴത്തിലൊരു മുറിവുണ്ട് രക്തം കുറേ പോയിട്ടുണ്ടെന്ന് പറഞ്ഞു..ഇപ്പോള്‍ റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ട് .."
"ഞാനൊന്ന് കണ്ടിട്ട് വരാം ..ഏതാ റൂം ?"
"ബീ ബ്ലോക്കില്‍ ഏഴാമത്തെ റൂം .."
മാഷ്‌ ചെല്ലുമ്പോള്‍ അടുത്ത് മഹേഷും മറ്റ് ചില സംഘം പ്രവര്‍ത്തകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ ..
"കുറച്ച് മുന്നേ ഒന്നു മയങ്ങി ...ഇനി പേടിക്കാനില്ലെന്നാ ഡോക്ടര്‍ പറഞ്ഞെ ..ബ്ലഡു കൊടുക്കുന്നുണ്ട് .."
മഹേഷ്‌ അപ്പുണ്ണി മാഷിന്റെ അടുത്തേയ്ക്ക് വന്ന് പറഞ്ഞു ..
"ഗൌതമന്റെ അമ്മ വന്നില്ലേ ?"
മാഷ്‌ പെട്ടെന്ന് ചോദിച്ചു ..
"ഇപ്പോള്‍ വീട്ടിലേക്ക്‌ കൊണ്ട് പോയതേയുള്ളൂ..ഇന്നലെ രാത്രി മുഴുവന്‍ കരഞ്ഞ് വിളിച്ചും ,ഉറങ്ങാതെയും ആകെ വല്ലാണ്ടായി ...ഗൌതമന്റെ ചേച്ചീം ഭര്‍ത്താവും വളരെ നിര്‍ബന്ധിച്ചാ കൂട്ടിക്കോണ്ടു പോയത് .."
"മം .."
മാഷ്‌ വെറുതേ മൂളി ..
"നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നെന്നാ ഡോക്ടര്‍ പറഞ്ഞത് ...ഒരു പക്ഷേ അങ്ങനെ എന്തേലും ആകാനെ തരമുള്ളൂ ........."
"മ്ഹൂം ... "
മഹേഷിന്റെ ആ മറുപടിക്കും മാഷ്‌ വെറുതേ മൂളുക മാത്രം ചെയ്തു ..

ഉച്ച കഴിഞ്ഞാണ് തികച്ചും അവിചാരിതമായി ലക്ഷ്മിയും ഭര്‍ത്താവും ഗൌതമനെ കാണാനെത്തിയത് ..
അച്ഛനും മഹേഷും അയാള്‍ക്കരുകില്‍ തന്നെയുണ്ടായിരുന്നു ..
ലക്ഷ്മി ഗൌതമന്റെ അച്ഛനെ നോക്കി വളരെ പാടുപെട്ട് ചിരിച്ചെന്നു വരുത്തി..
എന്തെങ്കിലും മറുപടി പറയാതെ അദ്ദേഹം പുറത്തേയ്ക്ക് നടന്നു ..
ഗൌതമന്‍ ലക്ഷ്മിയെ വെറുതേ ഒന്നു നോക്കി ..പിന്നെ മുഖം ചരിച്ച് മിണ്ടാതെ കിടന്നു..
"ഇപ്പോള്‍ എങ്ങനുണ്ട് ഗൌതമാ? പെയിന്‍ തോന്നുന്നുണ്ടോ ?"
ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ വകയായിരുന്നു ചോദ്യം ..
"ഇല്ലാ .."
ഗൌതമന്‍ അയാളെ സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ പറഞ്ഞു..
"എന്റെ ഹസ്ബന്റാണ് .."
ആ നോട്ടം കണ്ടിട്ടെന്നോണം ലക്ഷ്മി അയാളോടായി പറഞ്ഞു ..
"അറിയാം .."
ഗൌതമന്‍ ഒറ്റ വാക്കില്‍ പ്രതിവചിച്ചു ..
"ഞങ്ങള്‍ മണ്ണാറശാലയില്‍ തൊഴുതു വരുന്ന വഴിയാ അറിഞ്ഞത് ... അപ്പോള്‍ തന്നെ ഇങ്ങോട്ട് തിരിക്കുകയായിരുന്നു .."
ഇപ്പോഴും സംസാരിച്ചത് ലക്ഷ്മിയുടെ ഭര്‍ത്താവായിരുന്നു ..
"അമ്പലത്തില്‍ വിശേഷിച്ചെന്തെങ്കിലും ..........."
മഹേഷാണ് ചോദിച്ചത് ..
"രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളാകാത്തത്തില്‍ ഇവള്‍ക്ക് ലേശം പരിഭ്രമം ... അപ്പോഴാണ്‌ അവിടുത്തെ ഉരുളി കമഴ്ത്തല്‍ വഴിപാടിനെക്കുറിച്ച് ഇവളുടെ അമ്മ പറഞ്ഞത് .. അപ്പോള്‍ പിന്നെ എല്ലാരുടെയും ഒരു സമാധാനത്തിന് അത് നടത്തിയേക്കാമെന്ന് വിചാരിച്ചു .."
അയാള്‍ പറഞ്ഞു നിര്‍ത്തി ..
തന്നെ മനപ്പൂര്‍വ്വം ഒന്നിരുത്താന്‍ വേണ്ടി ലക്ഷ്മി അതയാളെ കൊണ്ട് പറയിച്ചതാണെന്ന് ഗൌതമന് തോന്നി ...ഒരു ഭര്‍ത്താവിന്റെ കടമ കണ്ട് പഠിച്ചോളൂ എന്ന് പറയും പോലെ ..
പിന്നെയും കുറച്ച് നേരം എന്തൊക്കെയോ പറഞ്ഞ് അവര്‍ തിരിച്ചു പോയി ..ഗൌതമന്‍ അവരുടെ സംസാരം ശ്രദ്ധിക്കുന്നുപോലുമില്ലായിരുന്നു എന്നതായിരുന്നു സത്യം ..
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ ഒരു വീര്‍പ്പുമുട്ടല്‍ ഒഴിഞ്ഞ പോലെയായി ..

"എന്നാലും അവള്‍ക്കതിന്റെ ആവിശ്യമില്ലായിരുന്നു...."
ഗൌതമന്‍ ആരോടെന്നില്ലാതെ പറഞ്ഞു..
"അതിപ്പോ പറഞ്ഞിട്ടെന്താ കാര്യം ഗൌതമാ ..നിനക്ക് നല്ല വിഷമമായീന്നറിയാം ..അന്ന് നീയൊന്നു മനസ്സ് വച്ചിരുന്നെങ്കില്‍ ലക്ഷ്മി ഇപ്പോളും നിന്റെ കൂടെ കണ്ടേനെ ..ഇനീപ്പോ .........."
മഹേഷ്‌ പാതിയില്‍ നിര്‍ത്തി ...
"അതല്ലാ ഞാനുദ്ദേശിച്ചത് ...അവരുടെ കല്യാണം കഴിഞ്ഞിട്ട് വര്‍ഷം രണ്ടല്ലേ ആയിട്ടുള്ളൂ ...അതിലിത്ര ആധി പിടിക്കേണ്ട എന്തു കാര്യമാ ഉള്ളെ ...അത് മനസ്സിലാക്കാതെ ഉരുളീം, ചെമ്പും കമഴ്ത്താന്‍ പോയിരിക്കുന്നു ...കഷ്ടം !!"

ആ മറുപടി മഹേഷിന്റെ മേല്ച്ചുണ്ടിനും കീഴ്ചുണ്ടിനുമിടയില്‍ ഒരു വിടവ് തീര്‍ക്കുമ്പോഴും ഗൌതമന്‍ പുച്ഛത്തില്‍ മുഖം വക്രിച്ച് ബ്ലഡ് ബാഗില്‍ നിന്നും തന്റെ ജീവ കോശങ്ങളിലേക്ക് ഒഴുകിയിറങ്ങുന്ന രക്ത തുള്ളികളില്‍ കണ്ണുറപ്പിച്ചു കിടന്നു ...

Saturday, March 5, 2011

തിഥി നോക്കാതെ വരുന്നവന്‍

ശേഖരന്‍ മാഷിന്റെ വീടിന്റെ ഗേറ്റിലെത്തുമ്പോള്‍ സുധാകരന്‍ അകത്തേയ്ക്ക് നോക്കി ഒന്നു നിന്നു..മുറ്റത്ത്‌ അവിടിവിടെയായി കൂട്ടം കൂടി ആളുകള്‍ നില്‍പ്പുണ്ട് ..
തണ്ടാന്‍ മാധവനും മറ്റും ചിലരും കൂടി കുഴികുത്തി നാട്ടിയ തൂണുകളിലായി ടാര്‍പ്പാള്‍ വലിച്ച് കെട്ടാനുള്ള ശ്രമമാണ് ..അയാള്‍ ഗേറ്റിന്റെ ഓടാമ്പല്‍ നീക്കി പതുക്കെ അകത്തേയ്ക്ക് നടന്നു..മുറ്റത്തെത്തിയപ്പോള്‍ ചില പരിചിത മുഖങ്ങള്‍ മരണ വീടുകളിലെ കണ്ടു മുട്ടലുകളില്‍ പങ്ക്‌ വെയ്ക്കാറുള്ള സ്ഥിരം വിഷാദ ഭാവം ആയാസ രഹിതമെന്യേ കൈമാറി .
"ങ്ഹാ ..സുധാകരന്‍ എത്തിയതേയുള്ളൂ ?"
പിന്നില്‍ നിന്നുള്ള ചോദ്യം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി .
ചുമലില്‍ കൈ വെച്ച്‌ കൊണ്ട് വാസുദേവനാശാരി .
"അതേ വാസുവാശാരി ...ഞാന്‍ നമ്മുടെ തേങ്ങാക്കാരന്‍ ഗോപിയെ തിരക്കിയിറങ്ങിയതാ ..അപ്പൊഴാ വീട്ടീന്ന് രമ മൊബൈലില്‍ വിളിച്ച് കാര്യം പറയണെ ..
ശരിക്കും എപ്പഴാരുന്നു ..കാലത്തോ... അതോ രാത്രി തന്നോ.. ?"
"കൃത്യമായി അറിയില്ല സുധാകരാ .. രാത്രീന്നും ..കാലത്തൂന്നുമൊക്കെ പറഞ്ഞു കേള്‍ക്കുന്നുണ്ട് ...രണ്ടുപേരും മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ ..?"
"അല്ലാ താനും മാഷും നല്ല കൂട്ടല്ലേ ..ഞാന്‍ കരുതി തന്നെയാദ്യം അറിയിച്ചു കാണൂന്നാ?"
"ഞാന്‍ അവസാനം വന്നത് ഒരാഴ്ച മുന്‍പാ..അന്ന് ഇളേ മോള് ലതികേം അതിന്റെ കുട്ടീം വന്നിട്ടുണ്ടാരുന്നു ...പെന്‍ഷന്‍ വാങ്ങാന്‍ ട്രഷറീ പോയി കാത്തുകെട്ടിക്കിടക്കാന്‍ വയ്യാണ്ടായെന്നും അതോണ്ട് ബൈ പോസ്റ്റാക്കാന്‍ അപേക്ഷ കൊടുക്കാന്‍ പോവാണെന്നുമൊക്കെ പറഞ്ഞിരുന്നു .."
സുധാകരന്‍ എന്തോ ഓര്‍ക്കുന്ന പോലെ പറഞ്ഞു നിര്‍ത്തി ..
"മം ..മക്കള് മൂന്നും പലടത്തായി ചിതറിക്കിടക്കുവാ...എളേ പെങ്കൊച്ചിനെ ഇപ്പോഴും കണ്ണിനു കണ്ടൂടാ ..പിന്നെ അതിടയ്ക്കു എതിര്‍പ്പ് വകവെയ്ക്കാതെ തള്ളേ കാണാന്‍ വന്നോണ്ടിരുന്നെന്നെയുള്ളൂ ...ഇനീപ്പോ മുറു മുറുപ്പു കാണിച്ചിട്ട് കാര്യമൊന്നുമില്ല ..അവസാന കാലത്ത് നോക്കാന്‍ അതേ കാണൂന്നാ തോന്നണേ ..!!"
സുധാകരന്‍ അതിനും മറുപടിയൊന്നും പറഞ്ഞില്ല ..
"എന്നാ നീ അകത്തോട്ടു ചെല്ല് ഹാളിലാ കിടത്തിയേക്കുന്നെ ...മാഷും അവിടെ തന്നുണ്ടെന്നു തോന്നുന്നു..ഞാനാ കരയോഗം സെക്രട്ടറിയെ ഒന്നു കാണട്ടെ..കോടി ഇടുന്നോരുടെ ലിസ്റ്റ് ഉണ്ടാക്കണം "

വാസുവാശാരി നടന്നു പോയിട്ടും സുധാകരന്‍ അവിടെ തന്നെ നിന്നു ..
'അകത്തേയ്ക്ക് കയറാന്‍ ഒരു മടിപോലെ ..മാഷിനെ എന്തു പറഞ്ഞ്‌ ആശ്വസിപ്പിക്കും ..അയാള്‍ക്ക്‌ ആകെ ഒരു അങ്കലാപ്പ് തോന്നി ..മടിച്ച് മടിച്ച് അകത്ത് കടന്നു...ഹാളില്‍ ഒരു കോണിലായി മൃതദേഹം കിടത്തിയിരുന്നു..തലയ്ക്കല്‍ കത്തിച്ചു വെച്ച നിലവിളക്കും ചന്ദനത്തിരിയുമെരിയുന്നുണ്ടായിരുന്നു..
മരിച്ച വീട്ടില്‍ എരിയുന്ന ചന്ദന തിരിയ്ക്ക് ഒരു പ്രത്യേക വാസനയാണെന്ന് അയാളോര്‍ത്തു ...ചിലപ്പോള്‍ സന്ധ്യാ നേരത്ത് വീട്ടിലെ ഉമ്മറത്തു നില്‍ക്കുമ്പോഴും ഇതേപോലെ തോന്നാറുണ്ട് ..'
അയാള്‍ ചിന്തകളില്‍ നിന്നുണര്‍ന്നു ചുറ്റും നോക്കി ..മാഷിനെ അവിടെങ്ങും കാണാനില്ല ..
അടുത്ത ചില ബന്ധുക്കള്‍ അകത്തേയ്ക്കും പുറത്തേയ്ക്കും നടക്കുന്നുണ്ട് ...
അയാള്‍ തൊട്ടടുത്ത്‌ നിന്ന കണ്ടുപരിചയമില്ലാത്ത ഒരാളോട് അന്വേഷിച്ചു ...
"ശേഖരന്‍ മാഷ്‌..............."
"ഇത്ര നേരം ഇവിടിരിപ്പാരുന്നു ..ദാ ഇപ്പൊ അകത്തു കൊണ്ടോയ് കെടത്തിയേയുള്ളൂ .."
അയാള്‍ അകത്തേയ്ക്ക് ചൂണ്ടി പറഞ്ഞു..

"ഇപ്പോള്‍ കാണണോ? അതോ പിന്നെപ്പോഴെങ്കിലും എല്ലാം ഒന്നു ശാന്തമായിട്ട്........ശ്ശെ ..എന്നാലും ഈ അവസ്ഥയില്‍ ഒന്നു കാണാതെ പോയാല്‍ ............?"
സുധാകരന്റെ മനസ്സ് പല വഴികളിലും സഞ്ചരിച്ചു ..

ഒടുവില്‍ മാഷിന്റെ മുറിയിലേക്ക് തന്നെ ചുവടു വെയ്ക്കുമ്പോള്‍ ആദ്യം പറയണ്ട വാക്കിനായ്‌ പരതുന്നതിനിടയില്‍ അയാളുടെ നാവ് വരണ്ടു തുടങ്ങിയിരുന്നു ..
അകത്തു ചെല്ലുമ്പോള്‍ ശേഖരന്‍ മാഷ്‌ ചുമരിലേക്കു നോക്കി കണ്ണു തുറന്ന് കിടക്കുകയായിരുന്നു .സുധാകരന്‍ അടുത്ത് ചെന്ന് പതുക്കെ കൈകളില്‍ പിടിച്ചു ..മാഷ്‌ തല ചരിച്ച് അയാളെ നോക്കി..
കാണെക്കാണേ മാഷ്‌ വിതുമ്പുന്നതായി അയാള്‍ക്ക്‌ തോന്നി ...സുധാകരന്‍ ശബ്ദമില്ലാതെ പലതും പറഞ്ഞു ..താന്‍ പെട്ടെന്നൊരൂമയായത് പോലെ അയാള്‍ക്ക്‌ തോന്നി ...
"സു..ധാ..കരാ....
ഒടുവില്‍ മൌനത്തിന്റെയും വിതൂമ്പലുകളുടെയും ഇടവേളയില്‍ ഒരു വാക്ക് വിറച്ച്‌ വീണു ..
"മാഷേ ......"
അയാള്‍ തോര്‍ത്ത്‌ കൊണ്ട് മാഷിന്റെ കണ്ണു തുടച്ചു ..
പിന്നെയും എത്ര നേരം അവിടെയിരുന്നൂന്ന് അറിയില്ല ...ചില ബന്ധുക്കളും പരിചയക്കാരും മുറിയിലേക്ക് വന്ന സമയം നോക്കി സുധാകരന്‍ മുറി വിട്ടു പുറത്തിറങ്ങി..മക്കളെല്ലാം വൈകുന്നേരത്തോ ടെയെ എത്തൂന്ന് കൂടി നിന്നവരുടെ സംസാരത്തില്‍ നിന്ന് അയാള്‍ മനസ്സിലാക്കി...അപ്പോള്‍ അടക്കം മിക്കവാറും സന്ധ്യയായേക്കും ..സുധാകരന് അവിടെ നില്‍പ്പുറച്ചില്ല. പരിചയക്കാരുടെ ചോദ്യങ്ങള്‍ക്ക് വൈകിട്ട് വരാന്നു പറഞ്ഞൊഴിഞ്ഞു ...

വീട്ടിലെത്തി ചാരു കസേരയില്‍ മലര്‍ന്നു കിടക്കുമ്പോഴും സുധാകരന് വല്ലാത്ത അസ്വസ്ഥത തോന്നി ..തലയ്ക്കു വല്ലാത്ത ഭാരം പോലെ ...ആ കിടപ്പില്‍ അയാള്‍ തെല്ലു നേരം മയങ്ങി ..രമ വന്നു തട്ടി വിളിച്ചപ്പോഴാണ് ഞെട്ടിയുണര്‍ന്നത് ..
"ഇതെപ്പോഴാ വന്നത് ...എപ്പൊഴ ത്തെയ്ക്കാ അടക്കം ..?"
"വൈകിട്ടെ കാണൂന്നാ തോന്നുന്നെ .."
അയാള്‍ കണ്ണു തിരുമ്മി ക്കൊണ്ട്‌ പറഞു ..
"അപ്പോള്‍ നിങ്ങള്‍ ആരോടും ചോദിച്ചില്ലേ ?"
"ഇല്ല ...ആള്‍ക്കാര് പറേന്നെ കേട്ടതാ?"
അയാള്‍ അലസമായി മറുപടി നല്‍കി .
"അത് കൊള്ളാം ..അപ്പൊ മാഷിനേം കണ്ടില്ല ..?"
"കണ്ടു ........."
"എന്തു പറഞ്ഞു ?"
"എന്തു പറയാന്‍ ?...അയാളോട് എനിക്ക് ചോദിക്കാന്‍ പറ്റുമോ ? ഭാര്യയെ എപ്പോഴാ അടക്കുന്നെന്നു ..?"
സുധാകരന്‍ ദേഷ്യത്തില്‍ ശബ്ദമുയര്‍ത്തി .
"ഇതാപ്പോ നന്നായെ അതിനെന്തിനാ എന്റടുത്തു കുതിര കേറുന്നെ ...അടക്കം എപ്പഴാന്നറിഞ്ഞാ അതടുപ്പിച്ചു പോയാല്‍ മതീന്ന് വെച്ച്‌ ചോദിച്ചതാ ....."
അകത്തേയ്ക്ക് നടക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞു കൊണ്ടിരുന്നു .
അയാള്‍ക്ക്‌ തെല്ലാശ്വാസം തോന്നി ....പെണ്ണിന്റെ നാവിന് നേരോം കാലോം അറീല്ലെന്ന് പറയുന്നത് വെറുതെയല്ല ...ഒറ്റ വായില് നൂറ്റമ്പത്തു ചോദ്യങ്ങളെ ?"
സുധാകരന് അപ്പോഴും ശുണ്ടി മാറിയിരുന്നില്ല..

രണ്ടാഴ്ചയ്ക്കു ശേഷം ഒരു ശനിയാഴ്ച വൈകിട്ട് ശേഖരന്‍ മാഷ്‌ സുധാകരനെ കാണാന്‍ വീട്ടിലെത്തി ..
മാഷെത്തുമ്പോള്‍ സുധാകരന്‍ കയ്യിലടക്കി പിടിച്ച വൈക്കോല്‍ കെട്ടുമായി തൊഴുത്തിലോട്ടു നടക്കുവാരുന്നു ..
"അല്ല ഇതാരാ മാഷോ ?"
"ഇതെന്താ സുധാകരാ ഇന്ന് രമയില്ലേ ? സാധാരണ ഇതവളുടെ പണിയാണല്ലോ.."
"ഇല്ല മാഷേ അവളും പിള്ളാരും കൂടി അവള്‍ടെ വീട്ടലേക്ക് പോയിരിക്കുവാ....അമ്മ അടുക്കളേലൊ മറ്റോ തെറ്റി വീണൂന്നു ഫോണുണ്ടായിരുന്നു ..ഉച്ച കഴിഞ്ഞു പോയതാ ..ഇനീപ്പോ നാളേ മടക്കം കാണൂ ..നാളെ കൊച്ചുങ്ങള്‍ക്ക്‌ സ്കൂളുമില്ലല്ലോ."
"ന്നിട്ട് കാര്യമായെന്തെങ്കിലും ?"
"ഹേയ് ..ഫ്രാക്ചര്‍ ഒന്നുമില്ല ..ചെറിയ നീരുണ്ടത്രേ..പിന്നെ അറിഞ്ഞപ്പം അവള്‍ക്കു പോകാതെ പറ്റില്ലെന്നായി ..അത്രേയുള്ളൂ ..മാഷ്‌ വന്നാട്ടെ അകത്തോട്ടിരിക്കാം.."
"ആണ്മക്കള്‍ രണ്ട് പേരും തിരിച്ചു പോയോ ?"
"മം ..രഘു സഞ്ചയനത്തിന്റെ പിറ്റേന്നേ പോയി ..മുരളി ഇന്നലെയും ...."
"മാഷിനീപ്പോ ഒറ്റയ്ക്ക് ......ആരുടേലും ഒരാടെ കൂടെ നിക്കണോന്നാ എന്റെ അഭിപ്രായം ..പ്രായോം കൂടി വരികല്ലേ ..എന്തേലും ഒരു സഹായത്തിനു അവിടെ ആരാ ഉള്ളെ ?"
"മം ....."
മാഷ്‌ വീണ്ടും മൂളുന്നതിനിടയില്‍ കയ്യിലെ പ്ലാസ്റ്റിക് കവര്‍ മേശപ്പുറത്തു വെച്ചു.
സുധാകരന്‍ ഇതെന്താന്ന മട്ടില്‍ മാഷിനെ നോക്കി ?
"ഒരു കുപ്പി റമ്മാ .. തെക്കേലെ ശ്രീധരന്‍ ..പട്ടാളക്കാരന്‍ ....നീ അറീല്ലെ? അയാള്‍ വീട്ടില്‍ വന്നപ്പോള്‍ തന്നിട്ട് പോയതാ ?"
"നീ കുറച്ച് വെള്ളോം ഗ്ലാസ്സുമെടുക്ക്..."
"ന്നാ നമുക്ക് ചായ്പ്പി ലിരിക്കാം ..."
സുധാകരന്‍ അടുക്കളേലേയ്ക്ക് നടക്കുന്നതിനിടയില്‍ പറഞ്ഞു ..
"വേണ്ട ടെറസ്സിലിരിക്കാം ..അതാ സുഖം . "
"എന്നാ ശരി .."
സുധാകരന്‍ തല കുലുക്കി സമ്മതിച്ചു ..
മദ്യം നിറച്ച ഗ്ലാസ്സുകള്‍ ചുണ്ടോടടുപ്പിക്കുമ്പോള്‍ രണ്ട് പേരും നിശബ്ദരായിരുന്നു ..
സുധാകരന്‍ ആദ്യത്തെ പെഗ് സിപ് ചെയ്തിരിക്കുമ്പോഴേക്ക് മാഷ്‌ രണ്ടാമത്തെ ഗ്ലാസ്സു കാലിയാക്കിയിരുന്നു..
"സുധാകരാ ......"
ചിറി തുടച്ചു കൊണ്ട് മാഷ്‌ വിളിച്ചു.
"എന്താ മാഷേ ?"
"അവളില്ലാത്ത വീട്ടില്‍ എനിക്കുറങ്ങാന്‍ പറ്റുന്നില്ലടോ?
നാല്‍പ്പതു വര്‍ഷങ്ങള്‍ ..ഒരു പക്ഷേ അവള്‍ക്കല്ലാതെ വേറൊരു പെണ്ണിനും എന്നെ ഇത്ര കാലം സഹിക്കാന്‍ കഴിയുമാരുന്നെന്നു തോന്നുന്നില്ല ..എന്നെ അനുസരിച്ച് , സ്നേഹിച്ച് എന്റെ വാക്കിനപ്പുറം ചിന്തകളില്ലെന്നുറച്ചു വിശ്വസിച്ച്‌ ഒരായുഷ്കാലം മുഴുവന്‍ ...."
മാഷിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു ..
"എന്നിട്ടും ലതികെടെ കാര്യത്തില്‍ മാത്രം .........."
മാഷ്‌ പകുതിയില്‍ നിര്‍ത്തി .
"അത് പിന്നെ പെറ്റ വയറല്ലേ മാഷെ ? എത്രയായാലും .......?"
"അപ്പൊ പിന്നെ ഞാനോ ? ഞാന്‍ അവള്‍ടെ തന്തയല്ലേ ? അവളതോര്‍ത്തോ? ഇന്നലെ കണ്ട ഒരു നാറിയോടൊപ്പം ഇറങ്ങിപ്പോകുമ്പോ ? അന്നവള്‍ക്കീ പെറ്റ വയറോര്‍മ്മയുണ്ടാരുന്നോ ?നാട്ടുകാരുടെ മുന്നില്‍ കഴുവേറിപ്പോയത് എന്റെ മാനം ..അല്ലാതെന്താ ?"
സുധാകരന്‍ മറുപടി പറയാതെ ഗ്ലാസ്സില്‍ ബാക്കിയുണ്ടായിരുന്നത് വലിച്ച് മോന്തി ..
"ഒടുക്കം ഒരു കുട്ടി ആയിക്കഴിഞ്ഞപ്പോള്‍ അവള്‍ക്കു മനസ്സിലായി പോറ്റു നോവെന്താണെന്ന് ...കെട്ടി സംരക്ഷിച്ചോളാന്നു വാക്ക് കൊടുത്തവന്‍ തെണ്ടിതിരിഞ്ഞു കള്ളും വാക്കാണോമായി തെക്ക് വടക്ക് നടക്കുന്നു . പലപ്പോഴും ഞാനില്ലാത്ത നേരം നോക്കിയാ അവള് കൊച്ചിനേം കൊണ്ട് വന്ന് തള്ളേ കണ്ട് എന്തേലും വാങ്ങിക്കൊണ്ടു പോയിരുന്നെ ..അതൊക്കെ അറിഞ്ഞിട്ടും ഞാന്‍ കണ്ണടച്ചു."
മാഷ്‌ വീണ്ടും ഗ്ലാസ്സ് നിറച്ച് തുടങ്ങി ..

"അല്ല മാഷേ ആ പെങ്കോച്ചിനൊരബദ്ധം പറ്റി , ഇനീപ്പോ അതിനെ ഉപേക്ഷിക്കുന്നത് കൊണ്ട് അതിനൊരു പരിഹാരമാകുവോ ?"
"അതും ഞാന്‍ പറഞ്ഞല്ലോ ..അവനെ ഉപേക്ഷിച്ചു വന്നാല്‍ ഞാന്‍ നോക്കിക്കോളാം അവളേം കുഞ്ഞിനേം ..അല്ലെങ്കില്‍ എങ്ങനേം മറ്റൊരു നല്ല ബന്ധത്തിനു നോക്കാം ..
എവിടെ ..അവള്‍ക്കിപ്പോഴും നേരം വെളുത്തി ട്ടില്ല ..അവനെ കളയാന്‍ പറ്റില്ല ..മോള്‍ക്ക്‌ പിന്തുണ യുമായി അമ്മയും .."
"ഒടുക്കം കഴിഞ്ഞ മാസം ആ ചെറ്റ എന്റെ വീട്ടു മുറ്റത്ത്‌ വന്ന് കാണിച്ച പുകില് അവനു ഞാന്‍ അവകാശം കൊടുക്കണോത്രെ ..എന്റെ മോളേ ചുമക്കുന്നതിന്റെ കൂലിയായി കരുതിക്കോളാന്‍..
ത്ഫൂ ..മാഷ്‌ കാറിത്തുപ്പി .."
"എന്നിട്ട് ..ഞാനിതൊന്നും അറിഞ്ഞില്ലല്ലോ ??"
സുധാകരന്‍ ബാക്കി കേള്‍ക്കാനായി മാഷിന്റെ മുഖത്തേയ്ക്കു തന്നെ നോക്കിയിരുന്നു .
"വളര്‍ത്തി വലുതാക്കിയേനു മോള് തന്ന കൂലിയെ ...അവള്‍ ...അവള് കാരണമാ സുധാകരാ എന്റെ മീനാക്ഷി പോയത് ?"
സുധാകരന്‍ ഒന്നും മസ്സിലാകാത്തപോലെ നോക്കി
"മീനാക്ഷി മരിക്കുന്നേനു തലേ ദിവസം എന്നോട് ശബ്ദമുയര്‍ത്തി കയര്‍ത്തു ..നിനക്കറിയുമോ .ജീവിതത്തിലാദ്യമായി ...."
"എന്തിന് ?"
സുധാകരന്‍ ആകാംഷയോടെ ചോദിച്ചു
"അവളുടെ പേരിലുള്ള വീതം ലതികയ്ക്ക് കൊടുത്തേ പറ്റൂന്നു ..അതൊരു കല്പ്പനയായിരുന്നു സുധാകരാ ...
ഞാനടക്കി വെച്ചേക്കുന്ന അവളുടെ അവകാശം തിരിച്ചു ചോദിക്കല്‍ ..
ഇത്രേം നാളും അവളെല്ലാം സഹിച്ചിട്ടേയുള്ളൂന്ന് ..അവള്‍ടെതായി ഒരഭിപ്രായവും പറഞ്ഞിട്ടില്ലാന്ന്‍..ഇതിനു തയ്യാറല്ലെങ്കില്‍ മോള്‍ടെ കൂടെ ചിലപ്പോള്‍ പോയെക്കുവെന്ന് ..
എന്ന് വച്ചാല്‍ ഇത്രയും കാലം അവള്‍ ഒരടിമയെപ്പോലെ എന്നെ സഹിക്കുവാരുന്നൂന്ന്‍...
അതല്ലേ അതിന്റെ അര്‍ഥം ?"
മാഷ്‌ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു ..അയാള്‍ ഗ്ലാസ്സു മായി എണീക്കുന്നതിനിടയില്‍ വേച്ചു വീഴാന്‍ പോയി ..സുധാകരന്‍ തങ്ങിപ്പിടിച്ചപ്പോള്‍ മാഷ്‌ നിര്‍ബന്ധിച്ചു അയാളെ ഇരുത്തി .
പാരപ്പെറ്റില്‍ പിടിച്ച് മാഷ്‌ സുധാകരന് പുറം തിരിഞ്ഞു നിന്ന് ആലോചനയില്‍ മുഴുകി ..
സുധാകരന്‍ ഒരു തവണകൂടി തന്റെ ഗ്ലാസ്‌ നിറച്ചു.

"സുധാകരാ... മരണത്തെപ്പറ്റി നമ്മള്‍ പറയാറില്ലേ രംഗ ബോധമില്ലാതെ കടന്നു വരുന്ന കോമാളി യെന്ന് .... ചിലപ്പോള്‍ നമ്മള്‍ ക്ഷണിക്കാതെ അറിഞ്ഞു വരും ..അപ്പോള്‍ പേരു മാറും .അതിഥി ..
എന്ന് വച്ചാല്‍ തിഥി നോക്കാതെ വരുന്നവന്‍ ..മീനാക്ഷിയുടെ കാര്യത്തില്‍ ഏതാണ്ടതുപോലാരുന്നു .. ഞാന്‍ ക്ഷണിച്ചിട്ട്‌ തന്നെ വന്നതാ ..."
ഇത്തവണ സുധാകരന്‍ ശരിക്കും വായ്‌ പിളര്‍ന്നിരുന്നു പോയി .......
"പക്ഷേ അതവളറിഞ്ഞിട്ടില്ല...നല്ല ഉറക്കത്തിലായിരുന്നു ....തലവണ കൊണ്ട് മുഖം അമര്‍ത്തി പിടിക്കുമ്പോള്‍ പലതവണ പുളയുന്നുണ്ടായിരുന്നു പാവം ..പക്ഷേ എന്റെ കൈകള്‍ ആണിയടിച്ച പോലെ ഉറച്ചിട്ടുണ്ടായിരുന്നു ..ഒടുവില്‍ പിടച്ചു പിടച്ചു പിന്നെ ശാന്തമായി ..ഓളമൊഴിഞ്ഞ വെള്ളപ്പരപ്പു പോലെ .."
ശേഖരന്‍ മാഷ്‌ ചുവന്നു കലങ്ങിയ കണ്ണുകളുമായി സുധാകരനെ തറപ്പിച്ചു നോക്കി ..
സുധാകരന് കസേരയില്‍ നിന്നെണീറ്റോടണമെന്നുണ്ടായിരുന്നു...ശരീരമാകെ തണുത്തുറഞ്ഞു മരവിച്ചപോലെ അയാള വിടിരുന്നു വീര്‍പ്പു മുട്ടി...
ഒരു നിമിഷത്തിനുള്ളില്‍ പെട്ടെന്നാണത് സംഭവിച്ചത് ..
സുധാകരന്‍ നോക്കി നില്‍ക്കെ മാഷിന്റെ ശരീരം പുറകോട്ടു മലക്കം മറിഞ്ഞ് താഴേക്കു പറന്നു....
സുധാകരന്റെ തൊണ്ടയില്‍ ഒരു നിലവിളി പിടഞ്ഞു മരിച്ചു..
''മാഷ്‌ ചാടിയതോ ...അതോ വീണു പോയതോ ..?? "
അയാള്‍ക്ക്‌ കണ്ണുകളില്‍ ഇരുട്ട് കയറി തുടങ്ങി ..മുന്നില്‍ കട്ട പിടിച്ച ഇരുട്ട് മാത്രം ..
കാതുകളില്‍ അപ്പോഴും ശേഖരന്‍ മാഷിന്റെ ചിലമ്പിയ ശബ്ദം മാറ്റൊലി കൊണ്ടു..
'തിഥി നോക്കാതെ വരുന്നവന്‍ ............അതിഥി '..!!

Monday, February 28, 2011

ആണെഴുത്തിന്റെ നിഗൂഡ ഭാവങ്ങള്‍

ഗോപനോടൊത്ത് പത്രം ഓഫീസിന്റെ പടിയിറങ്ങുമ്പോള്‍ നന്ദന്‍ വെറുതേ വാച്ചില്‍ നോക്കി .
'ഓ! ആറ് ആകുന്നേയുള്ളൂ ..ഈ മാസം ഇതാദ്യമായാണെന്ന് തോന്നുന്നു ഇരുട്ടുന്നതിനു മുന്‍പ് ഓഫീസ് വിട്ടിറങ്ങാന്‍ കഴിയുന്നത്‌ ..'
അയാള്‍ നടത്തത്തിനിടയില്‍ കഴിഞ്ഞു പോയ ദിവസങ്ങളെ പൊടിതട്ടിയെടുക്കാന്‍ ശ്രമിച്ചു .
"നന്ദനെന്തോ കാര്യമായ ചിന്തയിലാണല്ലോ?"
ഇടത്തേ തോളിലെ ബാഗ് വലതു വശത്തേയ്ക്ക് മാറ്റുന്നതിനിടയില്‍ ഗോപന്‍ ചോദിച്ചു .
"ഹേയ് ..അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല .."
അയാള്‍ നിസ്സാര മട്ടില്‍ പറഞ്ഞു .
"നന്ദന് തിരക്കുണ്ടോ പോയിട്ട് ..?"
"ഇല്ല ..എന്തേ ?"
അയാള്‍ ചോദ്യ രൂപത്തില്‍ ഗോപനെ നോക്കി .
"അല്ല പ്രത്യേകിച്ച് പ്രോഗ്രാം ഒന്നുമില്ലെങ്കില്‍ കാസിനോയില്‍ കേറി രണ്ടെണ്ണം പിടിപ്പിച്ചിട്ട് പിരിയാരുന്നു ..വിത്സന്റെ വെഡിംഗ് ആനുവേഴ്സറിക്കാ നമ്മള്‍ ലാസ്റ്റ് കൂടിയത് തനിക്കൊര്‍മ്മയുണ്ടോ ?"
ഗോപന്‍ പറഞ്ഞു നിര്‍ത്തുന്നതിനിടയില്‍ തന്നെ അത് ശരി വെക്കുന്ന മട്ടില്‍ തലകുലുക്കി .
"ഞാന്‍ അതിന് ശേഷവും കൂടിയിട്ടുണ്ട് ..പല വട്ടം ..എന്തായാലും താന്‍ പറഞ്ഞ സ്ഥിതിയ്ക്ക് റൂട്ട് ആ വഴി തിരിക്കാം .."
നന്ദന്‍ ഓട്ടോയ്ക്ക് കൈ കാണിച്ചു കൊണ്ട് പറഞ്ഞു.

"ആ കോര്‍ണറില്‍ ഇരിക്കാം .."
ബാറിനുള്ളിലെ മങ്ങിയ വെളിച്ചത്തില്‍ ചുറ്റും തല തിരിച്ചൊരോട്ട പ്രദിക്ഷിണം നടത്തിക്കൊണ്ട്‌ ഗോപന്‍ പറഞ്ഞു .
"എന്താ തന്റെ ചോയിസ് ..ഹോട്ടോ ചില്‍ഡോ ?"
"ഹേയ് ചില്‍ഡൊന്നും ഈ നേരത്ത് പറ്റില്ല ഹോട്ട് തന്നായിക്കോട്ടേ ?"
നന്ദന്‍ തിടുക്കത്തില്‍ തന്നെ മറുപടി നല്‍കി .
"എങ്കില്‍ പിന്നെ ബ്രാണ്ടിയാ നല്ലത് ."
നന്ദനപ്പോള്‍ കൌണ്ടറിലേക്ക് നോക്കിയിരിപ്പായിരുന്നു .
"എഗ്രീഡ് .. "
അതിനും നന്ദന് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല ...
ഗോപന്‍ ബയററെ വിളിച്ച് ബ്രാണ്ടി ഓര്‍ഡര്‍ ചെയ്തു .
"താനെന്താ അവിടെയുമിവിടെയുമൊക്കെ നോക്കുന്നത് ..ഓ ..വല്ല ചീഞ്ഞ സാഹിത്യ ജീവികളും സ്ഥിരം ക്വോട്ടയ്ക്കു എഴുന്നെള്ളിയോന്നാകും ..ഇവന്‍മ്മാര് ശബരിമലയ്ക്ക് ഇരുമുടി നിറച്ച് പോകുന്നപോലാ നാറിയ തുണി സഞ്ചീം തൂക്കി മോക്ഷം തേടി ഇങ്ങോട്ടെത്തുന്നത് ..ഓ ...താനും അവരുടെ എക്സിക്യൂട്ടീവ് മെമ്പറാണല്ലോ ... അത് ഞാനോര്‍ത്തില്ല .."
ഗോപന്‍ പുച്ഛത്തില്‍ പറഞ്ഞു നിര്‍ത്തി...
ബയറര്‍ ഹാഫ് ബോട്ടില്‍ ബ്രാണ്ടീം സോഡയും ടേബിളില്‍ വെച്ചിട്ട് പോയി .
"വല്ലപ്പോഴും നാല് വരി കുറിക്കുന്നത് കൊണ്ട് ഞാന്‍ ബുജി ഗണത്തിലൊന്നും പെടുന്നില്ല ഹെ !....നാറുന്ന പോയിട്ട് പേരിനു പോലും ഒരു സഞ്ചിയുമില്ല ...പിന്നല്ലേ എക്സിക്യൂട്ടീവ് മെമ്പര്‍ ..ഹ ഹ .."
നന്ദന്‍ കുലുങ്ങി ചിരിച്ചു കൊണ്ട് ഗ്ലാസ്സ് കൈയ്യിലെടുത്തു ചിയേര്‍സ് പറഞ്ഞു.

"ങാ ..അത് പറഞ്ഞപ്പോഴാ ഓര്‍ത്തത്‌ .. നമ്മുടെ വീക്കിലി എഡിറ്റര്‍ പത്മജന്‍ സാര്‍ തന്നെ രാവിലെ തിരക്കിയിരുന്നു ..എന്തോ അത്യാവിശ്യ കാര്യമാണെന്ന് പറഞ്ഞു ....താന്‍ ഫീല്‍ഡിലാണെന്ന് പറഞ്ഞപ്പോള്‍ വന്നിട്ട് കണ്ടോളാന്നു പറഞ്ഞു.. ഉച്ച കഴിഞ്ഞു കണ്ടില്ലേ ?"
ഗോപന്‍ നിറഞ്ഞ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു കൊണ്ട് നന്ദനെ നോക്കി .
"ഇല്ല ഞാന്‍ നാല് മണിയായി തിരിച്ചെത്തിയപ്പോള്‍ ..പിന്നെ ഒന്നു രണ്ട് ഫീച്ചറുകളുടെ ചില മിനുക്കു പണികള്‍ ബാക്കിയുണ്ടായിരുന്നു ...അതിനിടയില്‍ വിട്ടുപോയി ..കാലത്തെപ്പോഴോ പുള്ളി മൊബൈലില്‍ ട്രൈ ചെയ്തിരുന്നു ..എന്തോ കഥയുടെ കാര്യമോ മറ്റോ ആണെന്ന് തോന്നുന്നു ..ആണെഴുത്തോ ..പെണ്ണെഴുത്തോ അങ്ങനെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...സെക്രട്ടേറിയേറ്റിനടുത്ത് വെച്ചായിരുന്നു .. സമരക്കാരുടെ ബഹളത്തിനിടെ ഒന്നും ക്ലിയറായില്ല ..വന്നിട്ട് കാണാന്ന് പറഞ്ഞു ഞാന്‍ കട്ട് ചെയ്തു .."
നന്ദന്‍ ഗ്ലാസില്‍ ബാക്കിയുണ്ടായിരുന്നത് വലിച്ചുകുടിച്ചു.

അന്ന് നന്ദന്‍ വീട്ടിലെത്തിയപ്പോഴേക്കും മണി പത്തര കഴിഞ്ഞിരുന്നു ..മഞ്ജരി റിമോട്ടും കയ്യില്‍ പിടിച്ചു ടീവിക്കു മുന്നില്‍ തന്നെയുണ്ടായിരുന്നു ....
"എന്താ നന്ദാ ഇത്ര വൈകിയേ വൈകിട്ട് വിളിച്ചപ്പോള്‍ നേരത്തേ ഇറങ്ങുമെന്ന് പറഞ്ഞിട്ട് .."
മഞ്ജരി ടീവി ഓഫു ചെയ്തു നന്ദന്റെ നേര്‍ക്ക്‌ തിരിഞ്ഞു .
"നേരെത്തെ ഇറങ്ങിയതാരുന്നു ..പക്ഷേ ആ ഗോപന്റെ പിടിയില്‍ വീണു..പിന്നെ രണ്ടെണ്ണം പിടിപ്പിക്കേണ്ടി വന്നു ."
"എവിടെ പോയി? അയാളുടെ ഫ്ലാറ്റിലോ ?"
"ഹേയ് ടൌണില്‍ തന്നെ ........ബാറില്‍ .."
"മം ..വെറുതെയല്ല രണ്ടില്‍ തുടങ്ങി നാലിലെത്തിക്കാണും ...അയാളുടെ കഥാപ്രസംഗം അന്നൊരിക്കല്‍ പാര്‍ട്ടിക്ക് ഞാന്‍ കണ്ടതല്ലേ ?"
മഞ്ജരി അയാളുടെ അടുത്ത് വന്നു മുഖം ചേര്‍ത്ത് മണം പിടിച്ചു .
"നന്നായിട്ട് വലിച്ചു കേറ്റിയിട്ടുണ്ട് ....കെട്ട മണം .."
അവള്‍ വെറുപ്പോടെ മുഖം ചുളിച്ചു ..
"വന്നേ, ഫുഡ്‌ ഞാന്‍ ടേബിളിലടച്ചു വെച്ചിരിക്കുവാ ...തണുത്തെങ്കില്‍ ചൂടാക്കണം .."
"മോനുറങ്ങിയോ?"
മഞ്ജരിക്കു പുറകെ ഡൈനിംഗ് ഹാളിലേക്ക് നടക്കുന്നതിനിടയില്‍ അയാള്‍ ബെഡ് റൂമിലേക്ക്‌ നോക്കി ചോദിച്ചു .
"അവനുറങ്ങീട്ട് അര മണിക്കൂര്‍ ആയതേയുള്ളൂ .....കുറേ നേരം അച്ഛനെ തിരക്കി വാശി പിടിച്ചു ..പിന്നെ എന്റെ മടിയില്‍ ഇരുന്നു തന്നെ ഉറങ്ങി ...ഇതു മുഴുവന്‍ തണുത്തു പോയി ..ഞാന്‍ ജെസ്റ്റ് ഒന്നു ചൂടാക്കി വരാം .."
"ഏയ്‌ വേണ്ട വേണ്ട ...ഞാന്‍ അത്യാവിശ്യത്തിന് കഴിച്ചിട്ടുണ്ട് ...ഇനീപ്പോ ചൂടാക്കാനൊന്നും നില്‍ക്കണ്ട ..നീ കഴിച്ചതല്ലേ ?"
"മം ..കുറേ നോക്കി പിന്നെ എനിക്ക് നന്നായി വിശന്നു ..."
"നാളെ നേരത്തേ എണീക്കണം ...ഫീല്‍ഡില്‍ ഇറങ്ങുന്നതിനു മുന്‍പ് ഓഫീസില്‍ ഒന്നു തല കാണിക്കണം .....നീ എന്നെയൊന്നു വിളിക്കാന്‍ മറക്കണ്ട ..അലാം വെച്ചാലും ചിലപ്പോള്‍ ഓഫു ചെയ്തു തിരിഞ്ഞു കിടക്കും .."
"അല്ലെങ്കിലും ഇതിപ്പോ പുതിയ സംഭവമൊന്നുമല്ലല്ലോ....രാവിലെ വിളിച്ച് പൊക്കാന്‍ ഞാന്‍ തന്നെ വേണം .."
ലൈറ്റ് ഓഫ് ചെയ്തു കിടക്കുന്നതിനിടയില്‍ മഞ്ജരി പിറുപിറുത്തു ..

പിറ്റേന്ന് രാവിലെ തന്നെ നന്ദന്‍ എഡിറ്റര്‍ പത്മജന്റെ മുന്നില്‍ ഹാജരായി .
"സാര്‍..ഇന്നലെ കാണണമെന്ന് പറഞ്ഞത് ....?"
"ങാ ..താനിന്നലെ ഓഫീസില്‍ വന്നതെയില്ലേ ..?"
"വന്നിരുന്നു സാര്‍ ...നന്നേ ലേറ്റ് ആയാ വന്നത് ...അതോണ്ടാ ഇന്ന് വന്നു കാണാന്ന് വെച്ചെ."
"ആ ..താനിരിക്ക്.."
അയാള്‍ കസേര ചൂണ്ടി നന്ദനെ ഇരിക്കാന്‍ ക്ഷണിച്ചു .
"അതായത് കാര്യമെന്താണെന്നു വെച്ചാല്‍ താന്‍ ...ആ പുതിയ പെണ്ണിന്റെ ഒരു ഫീച്ചര്‍ കണ്ടിരുന്നോ ?
എന്താ അവള്‍ടെ പേര്‌ ........?"
"ആര് ഇന്ദുവോ?"
നന്ദന്‍ മുഴുമിപ്പിച്ചു ..
"അതെയതെ ....ആണെഴുത്തും പെണ്ണെഴുത്തും മലയാള സാഹിത്യത്തില്‍ വ്യത്യസ്ത സ്വാധീനം ചെലുത്തു ന്നുണ്ടോ ? അതാണ്‌ വിഷയം ...കഴിഞ്ഞ ലക്കത്തിനു നല്ല പ്രതികരണമുണ്ട്‌ ..നമുക്കിതൊന്നൂടെ കൊഴുപ്പിക്കണം ...."
"അതിനിപ്പോ ഞാന്‍ എന്തു ചെയ്യാനാണ് ? സാറിത് അവളോട്‌ തന്നെ പറഞ്ഞാല്‍ പോരേ ...പ്രശസ്തരായ കുറേ എഴുത്തുകാരുടെ ഇന്റര്‍വ്യൂ തരപ്പെടുത്തിയാല്‍ പോരേ ..പിന്നെ വായനക്കാരുടെ കത്തുകളും ..സംഗതി താനേ ഉഷാറായിക്കോളും .."
നന്ദന്‍ മേശപ്പുറത്തു താളം പിടിച്ചു കൊണ്ട് പറഞ്ഞു .
"മ്മ്ഹും ...അത് പോരാ ..അതിലെന്താ പുതുമ ..അതിപ്പോ എല്ലാ ചവറുകളിലും വരുന്ന സ്ഥിരം പാറ്റെണ്‍ അല്ലേ ? നമുക്ക് ഒരു വെറൈറ്റി വേണം ?"
അയാള്‍ ചുണ്ടുകള്‍ വലിച്ചു മുറുക്കി നന്ദനെ നോക്കി .
"സാറെന്താ ഉദ്ദേശിക്കുന്നത് ?"
"ഒരു കഥ ?"
"കഥയോ ? എന്തു കഥ ?"
നന്ദന്‍ നെറ്റി ചുളിച്ചു .
"പെണ്ണെഴുത്ത് മോഡല്‍ ഇപ്പോള്‍ കുറച്ചു വൈഡ് ആയിട്ടുണ്ട്‌ ..അതുകൊണ്ട് താനൊരു പക്കാ ആണെഴുത്തു മോഡല്‍ സംഭവം തട്ടിക്കൂട്ടണം ..പിന്നെ ഇന്ദുവില്ലേ ? അവളും ചില്ലറക്കാരിയൊന്നുമല്ല..ഒരു കഥയ്ക്ക് അവളും കോപ്പ് കൂട്ടുന്നുണ്ട് ...നിങ്ങടെ രണ്ട് പേരുടേം കൂടി എഴുത്തുകള്‍ താരതമ്യം ചെയ്തുകൊണ്ട് ഒരവലോകന മഹാമഹം കൂടിയാകുമ്പോള്‍ സംഗതി ജോര്‍ .."
പത്മജന്‍ സാര്‍ അകം പുറം തെളിഞ്ഞു ചിരിച്ചു ..
"അല്ല സാറേ ഞാന്‍ ചോദിച്ചോട്ടെ ..വിഖ്യാതരായ ഏതെങ്കിലും രണ്ട് പേരുടെ , ഒരാണെഴുത്തും പെണ്ണെഴുത്തും .. വെവ്വേറെ പ്രസിദ്ധീകരിച്ചാല്‍ പോരേ ?അതിനല്ലേ കൂടുതല്‍ പബ്ലിസിറ്റി കിട്ടുക .."?

"പോരാ നന്ദന്‍ ...നമ്മുടെ സ്റ്റാഫിന്റെ തന്നെ രചനകള്‍ എന്ന് അടിക്കുറിപ്പ് സഹിതം വരുമ്പോള്‍ ഉള്ള ആ ടെമ്പോ ഒന്നു ചിന്തിച്ചു നോക്കിക്കേ ? മറ്റ് എത്ര പ്രസിദ്ധീ കരണങ്ങള്‍ക്ക് ഇതു സാധിക്കും ..!?
അതല്ലേ അതിന്റെ പ്ലസ്സ് പോയിന്റ്റ് ?"
"എന്നാലും പെട്ടെന്നൊരു കഥ ?അതും ആണെഴുത്തെന്നൊക്കെ പറഞ്ഞാല്‍ ............"
നന്ദന്‍ താടി ചൊറിഞ്ഞു?
"നീ സമയമെടുത്തോ ? ഇന്ന് ശനി .....ഒരു... ഫ്രൈഡെ..... കിട്ടിയാല്‍ മതി...എന്താ ?"
"അങ്ങനൊക്കെ പറഞ്ഞാല്‍ .........ഞാന്‍ ഒരെണ്ണം പകുതിയാക്കി വെച്ചിട്ടുണ്ട് കുറേ നാള്‍ മുന്പുള്ളതാ...പിന്നിതു വരെ കൈ വെക്കാന്‍ പറ്റിയിട്ടില്ലാ ..."
"കൊള്ളാം അത് മതി ..നീ അത് നേരത്തേ പറഞ്ഞ ഒരു എന്‍ട് തോന്നുന്ന രീതിയിലാക്കിയാല്‍ മതി .."
അയാള്‍ ഉത്സാഹത്തോടെ പറഞ്ഞു ..
"അത് തന്നെയാണ് പ്രശ്നം സാറീ പറേന്ന ആണെഴുത്തോന്നും എനിക്ക് വശമില്ല ...മാനസ്സീ തോന്നുന്ന പോലെ കുത്തിക്കുറിക്കുമെന്നല്ലാതെ......"
നന്ദന്‍ പകുതിയില്‍ നിര്‍ത്തി ചിന്തയില്‍ മുഴുകി ..
"നീ ഒന്നു ശ്രമിച്ചു നോക്കിക്കേ ..നമുക്ക് നോക്കാം തീരെ പറ്റുന്നില്ലേല്‍ വിട്ടേര് ..എന്താ പോരേ ?"
"ഓക്കേ ..എന്തായാലും രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ പറയാം .."
എഡിറ്റര്‍ റൂമില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും നന്ദന് തീരെ പ്രതീക്ഷ ഉണ്ടായിരുന്നില്ല ...പകുതി എഴുതിയെന്നു പറഞ്ഞത് തന്നെ ,എഴുതി വന്നപ്പോള്‍ അതൊരു സ്ഥിരം ഫോര്‍മാറ്റെന്ന് തോന്നി മുഷിഞ്ഞു നിര്‍ത്തിയതാണ് ...........

അന്ന് രാത്രി നന്ദന്‍ പതിവില്ലാതെ സിറ്റൌട്ടി ലിരുന്നു കുത്തിക്കുറിക്കുന്നത് കണ്ടു മഞ്ജരി അത്ഭുതപ്പെട്ടു .'.കഥയെഴുത്ത് വീണ്ടും തുടങ്ങിയോ '?
"എന്താ നന്ദാ തല പുകയ്ക്കാന്‍ തുടങ്ങീട്ട് കുറേ ആയല്ലോ ? നാളെ ലീവ് ആയിട്ട് ?....കഥയെഴുത്ത് വീണ്ടും തുടങ്ങിയോ ? "
"ആ എഡിറ്റര്‍ ..അയാള്‍ക്ക്‌ തലയ്ക്കു വെളിവില്ല ? ആണെഴുത്തെ ?"
"ആണെഴുത്തോ? പെണ്ണെഴുത്ത് കേട്ടിട്ടുണ്ട് ഇതെന്താ സംഭവം ?"
നന്ദന്‍ രാവിലത്തെ കഥകള്‍ മുഴുവന്‍ വള്ളി പുള്ളി വിടാതെ ഭാര്യയെ പറഞ്ഞു കേള്‍പ്പിച്ചു ..
"മം ..അയാള്‍ പറഞ്ഞത് കൊള്ളാം കേട്ടോ ..വര്‍ക്ക് ഔട്ട്‌ ആയാല്‍ സംഗതി ഏല്‍ക്കും.."
"നീ എന്തറിഞ്ഞിട്ടാ ഈ പറേന്നെ ...? എഴുത്തില്‍ ആണും പെണ്ണും തമ്മില്‍ എന്തു വ്യത്യാസം ..എല്ലാം സാഹിത്യം തന്നെ ..അതെങ്ങനെ ജന്‍ടര്‍ ചെയ്യപ്പെടും ?"
അയാള്‍ ഉത്തരമുണ്ടോ എന്ന മട്ടില്‍ അവളെ നോക്കി .
"അത് കാണും നന്ദാ ..പ്രത്യേകിച്ചും വിഷയത്തോടുള്ള സമീപനം , പദ പ്രയോഗങ്ങള്‍ അങ്ങനെ പലതും ..ഏതെങ്കിലും ഒരെഴുത്തുകാരിയുടെ രചന വിശദമായി നോക്കിയാല്‍ അത് മനസ്സിലാക്കാന്‍ പറ്റും..."

"ഞാന്‍ അത്യാവശ്യം സ്ത്രീ രചനകളൊക്കെ വായിച്ചിട്ടുണ്ട് ..ഈ പറഞ്ഞ പ്രയോഗോം, സമീപനോം ഒന്നും എനിക്ക് തോന്നീട്ടില്ല .."
നന്ദന്‍ നല്ലൊരു കോട്ടുവാ വിട്ടു ..
"ഉറക്കം വരുന്നെങ്കില്‍ നാളെ നോക്കാം ..അല്ലെങ്കില്‍ സിസ്റ്റത്തില്‍ ആയിക്കൂടെ ..കീ ബോര്‍ഡ് ആകുമ്പോള്‍ സ്ട്രസ് കുറഞ്ഞു കിട്ടുമല്ലോ ?"
"മം ..കുറച്ചു വെട്ടും തിരുത്തുമൊക്കെയുണ്ട് ..സിസ്റ്റം നോക്കി കണ്ണു പോകും ...
സംഭവം തീരാറായി ..ലാസ്റ്റ് പാരയായി ..നീ ഒന്നു നോക്കിക്കേ ?"
മഞ്ജരി അയാള്‍ക്കരികില്‍ ഇരുന്ന്.. മൊത്തത്തില്‍ ഒന്നോടിച്ചു വായിച്ചു ..
"മം... കഥാന്ത്യം പോരാ ?"
"എന്ന് വെച്ചാല്‍ ?"
അയാള്‍ നെറ്റി ചുളിച്ചു ..
"ഭര്‍ത്താവ് മരിച്ച അവര്‍ അയാളുടെ ഓര്‍മ്മകളില്‍ മുഴുകി ജീവിതം തള്ളി നീക്കുന്നു...എന്നിട്ടോ ഭര്‍ത്താവിന്റെ കൂട്ടുകാരനാല്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നു...കഥയുടെ മലക്കം മറിച്ചിലില്‍ അവരൊരു
ദുര്‍നടപ്പുകാരിയായി സൊസൈറ്റിയില്‍ ചിത്രീകരിക്കപ്പെടുന്നു .."
എന്തു ബോര്‍ ആണ് നന്ദന്‍ ..കേട്ട് പഴകിയ കുപ്പിയിലെ വീഞ്ഞ് ...ഇതിങ്ങനെ അവസാനിച്ചാല്‍ ഉറപ്പായും ഇതൊരു പെണ്ണെഴുത്ത് എന്ന് തന്നെ വ്യാഖ്യാനിക്കപ്പെടും ഷുവര്‍ ..! "

നന്ദന്‍ കുറച്ചു നേരം ഭാര്യയെ തന്നെ നോക്കിയിരുന്നു ..
'ഇവള്ക്കിത്ര നിരൂപണ പാടവമോ '? അയാള്‍ക്കത്ഭുതം തോന്നാതിരുന്നില്ല ..

"പിന്നെ നീ പറയുന്നത് ?"

"മം ..അങ്ങനെ ചോദിച്ചാല്‍ ...ഭര്‍ത്താവിന്റെ മരണവും അവരുടെ ദുഖവുമൊക്കെ ഓകെ..
പക്ഷേ കഥ അവസാനിക്കുന്നിടത്ത് അവര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു ..
ഒന്നുകില്‍ നേരത്തേ പറഞ്ഞ ഭര്‍ത്താവിന്റെ കൂട്ടുകാരനുമായി സാഹചര്യത്തിന്റെ വേലിയേറ്റങ്ങളില്‍ പെട്ട് അവര്‍ ഒരു വേഴ്ചയ്ക്ക് വശംവദയാകുന്നു..ആ അവസാന വരി അത്രയ്ക്ക് ഷാര്‍പ്പ് ആയിരിക്കണം .."

"അല്ലെങ്കില്‍ ഒന്നൂടെ മാറ്റിപ്പിടിച്ചാല്‍ അവരുടെ ഓഫീസിലെ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവുമായോ ..അല്ലെങ്കില്‍ സഹപ്രവര്‍ത്തകനോ..അങ്ങനെ അവരുമായി ഇടപഴകുന്ന ആരുമാകാം ..
എന്തായാലും കാലം മാറി എന്നൊരു ക്ലിയര്‍ കട്ട് , ..അത് വേണം ..മരിച്ച ഓര്‍മ്മകള്‍ക്ക് ആരും തീ കൊടുക്കാറില്ല ...മരിക്കും വരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് നിമിഷ നേരമെങ്കില്‍ നിമിഷ നേരം ..അത് പകര്‍ന്നു തരുന്ന ആനന്ദം തന്നെ ..അത് വിഹിതമായാലും അവിഹിതമായാലും ..അതാണ്‌ ഇന്നത്തെ ലോകം ..അതായിരിക്കണം ഹൈ ലൈറ്റ് ...
അപ്പോഴേ ഇതൊരു ഒന്നാന്തരം ആണെഴുത്താകൂ..."

നന്ദന്‍ വിസ്മയത്തോടെ കഥ കേട്ടിരുന്നു ..
"ഇതിപ്പോ നീ എഴിതി തീര്‍ക്കുന്നതാ നല്ലത് ..ഞാന്‍ വെറുതേ ഉറക്കം കളയണ്ട കാര്യമില്ലാന്നു തോന്നുന്നു.
"അയ്യേ അപ്പോള്‍ അത് വീണ്ടും പെണ്ണെഴുത്താകില്ലെ ?"
പ്രശസ്തിയിലേക്ക് കുതിക്കുന്ന യുവ എഴുത്തുകാരന്‍ നന്ദന്‍ തന്റെ തൂലിക വിരുതു കൊണ്ട് തീര്‍ത്ത ഇദ്രജാലം എന്നൊക്കെ ആ പത്മജന്‍ എഡിറ്റര്‍ക്ക് എഴുതിപ്പിടിപ്പിക്കാനുള്ളതല്ലേ..അപ്പൊ സാറ് തനിയെ എഴുതിയാല്‍ മതി ..നേരം പാതിരയായി.... വന്നേ പരിസമാപ്തി നാളെ കുറിക്കാം ... "
മഞ്ജരി നന്ദനെ കൈയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് ബെഡ് റൂമിലേക്ക്‌ കൊണ്ട് പോയി ..

രാത്രിയിലെപ്പോഴോ നന്ദന്‍ ഞെട്ടിയുണര്‍ന്നു ....താന്‍ ചെറുതായി നിലവിളിച്ചോ എന്നയാള്‍ സംശയിച്ചു .
ഫാന്‍ ഫുള്‍ സ്പീഡില്‍ കറങ്ങുമ്പോഴും അയാള്‍ വിയര്‍ത്ത് കുളിക്കുന്നുണ്ടായിരുന്നു ..മഞ്ജരി തിരിഞ്ഞു കിടന്ന് നല്ല ഉറക്കമാണ് .ഒരു കൈ കൊണ്ട് മോനെ വളഞ്ഞു പിടിച്ചിരിക്കുന്നു ..
അയാള്‍ക്ക്‌ തൊണ്ട വരളുന്ന പോലെ തോന്നി ..നാക്ക് ഉണങ്ങി വരണ്ടു ചലിപ്പിക്കാന്‍ പറ്റാത്ത പോലെ .എങ്ങനെയോ എണീറ്റ്‌ നടന്നു മേശപ്പുറത്തിരുന്ന ജഗ്ഗിലെ വെള്ളം ആര്‍ത്തിയോടെ കുടിച്ചു....
അയാള്‍ ജനല്‍പ്പാളി തുറന്ന് പുറത്തേയ്ക്ക് നോക്കി നിന്നു..നേരിയ നിലാ വെളിച്ചമുണ്ട് ..ആകാശത്ത് അങ്ങിങ്ങ് ഓരോ നക്ഷത്രങ്ങള്‍ മിന്നാ മിനുങ്ങുകളെപ്പോലെ ..... നോക്കി നില്‍ക്കെ കണ്ട സ്വപ്നം കണ്‍ മുന്നിലെന്നപോലെ ....
'എന്താണ് താന്‍ കണ്ടത് ?? മുറ്റത്ത്‌ വെള്ള പുതപ്പിച്ചു മൂക്കില്‍ പഞ്ഞി തിരുകി തന്റെ നിശ്ചല ശരീരം ..
അതിനടുത്ത് അലറി വിളിക്കുന്ന മഞ്ജരി ..ആരൊക്കെയോ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് ..പക്ഷേ അവളുടെ നിലവിളി എല്ലാറ്റിനും മീതേ തളം കെട്ടി നിന്നു ...'

'പിന്നെ...പി..ന്നെ.. അയാള്‍ ഓര്‍മ്മയിലെ നിഴലനക്കങ്ങളില്‍ വിറയ്ക്കുന്നപോലെ കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്തു ...പിന്നെ എന്താണ് നടന്നത് ....സാമാന്യം വലിയ ഒരു മുറി ..അതേ ഇതു തന്നെ ..
ബെഡില്‍ പൂര്‍ണ നഗ്നയായി മഞ്ജരി ....അവളുടെ മാര്‍ത്തടത്തിലൂടെ ചുംബിച്ചുയരുന്ന ചുരുണ്ട മുടിയുള്ള ചെറുപ്പക്കാരന്‍ .....അത് .......അയാളുടെ മുഖം ....അത് ശരിക്കും ഗോ...പ..ന്‍ .....ത..ന്നെ. അതോ...... ??
ഹൊ! ..'
അയാള്‍ ശബ്ദത്തോടെ ഞെട്ടി പുറകോട്ടു മാറി ..തല ഭിത്തി യുടെ ചരിവില്‍ ഊക്കോടെ ഇടിച്ചു
തലയ്ക്കുള്ളിലൂടെ ഒരു മിന്നല്‍ പ്രവഹിക്കുന്നപോലെ അയാള്‍ക്ക്‌ തോന്നി ....
കുറേ നേരം ഭിത്തിയില്‍ ചാരി അതേ നില്‍പ്പ് നിന്നു ..

പിന്നെ പേപ്പര്‍ ബണ്ടിലുമായി ഹാളിലേക്ക് നടന്നു ലൈറ്റിട്ടു ..എഴുതി വെച്ചിരുന്ന അവസാന ഭാഗം തലങ്ങും വിലങ്ങും പേപ്പര്‍ കീറും വരെ വെട്ടി വരച്ചു ..
തുടര്‍ന്ന് പേനയെടുത്ത് തിടുക്കത്തില്‍ എഴുതി തുടങ്ങി ...എഴുത്തിന്റെ വേഗതയില്‍ അയാള്‍ ഒരോട്ടക്കാരനെപ്പോലെ കിതച്ചു വലിയ്ക്കുന്നുണ്ടായിരുന്നു ..
നിമിഷങ്ങള്‍ നീണ്ടു നിന്ന അക്ഷരങ്ങളുടെ കുത്തോഴുക്കിനൊടുവില്‍ അയാള്‍ അവസാന വരിയിലെ അവസാന വാക്കും എഴുതി തീര്‍ത്തു ;..........
"'തന്റെ ശരീരം കടിച്ച് കീറാന്‍ നിന്ന ആ കാമ ഭ്രാന്തന്റെ നെഞ്ചിലേക്ക് അവള്‍ പൊട്ടിയ കുപ്പി ആഴ്ന്നിറക്കി. മുഖത്തും മുടിയിലും പടര്‍ന്ന ചോര ചുവപ്പില്‍ അവള്‍ കാളിയെപ്പോലെ ജ്വലിച്ചു നിന്നു ...... ! "

വരികളിലേക്ക് വീണ്ടും വീണ്ടും കണ്ണോടിക്കെ നന്ദന് തന്റെ മുന്നിലാകെ ചുവപ്പ് പരക്കുന്നപോലെ തോന്നി ..മാര്‍ബിള്‍ തറയിലാകെ കട്ട പിടിച്ച ചോര ചുവന്നു പടര്‍ന്ന് അതിലൊരു ചുരുണ്ട മുടിക്കാരന്‍ വീണു പിടയുന്നു ........
കൈകള്‍ രണ്ടും മുടിയിഴകളില്‍ കോര്‍ത്ത്‌ വലിച്ച് ഒരുന്മാദ ഭാവത്തില്‍ നന്ദന്‍ സോഫയില്‍ നിന്നു പുറകോട്ടു മറിഞ്ഞു ..

Sunday, February 27, 2011

ഭൂതം വര്‍ത്തമാനം ഭാവി !!

വിമന്‍സ് ക്ലബിന്റെ പടികളിറങ്ങുമ്പോള്‍ ആരതീ വര്‍മ്മ പല തവണ വേച്ചു വീഴാന്‍ പോയീ ..നേരം അപ്പോള്‍ രാവിന്റെ പകുതിയും കൊഴിഞ്ഞ് വീഴാറായിരുന്നു..മഞ്ഞു മാസത്തിന്റെ വരവറിയിച്ചു കൊണ്ട് ഭൂമിക്കു മേല്‍ തണുത്ത രാത്രി കട്ട പിടിച്ച് കിടന്നു..മദ്യത്തിന്റെ ലഹരിയ്ക്കൊപ്പം ഹൈ ഹീല്‍ട് ചെരുപ്പും കൂടിയായപ്പോള്‍ ആരതിയുടെ ഇടറിയ പ്രയാണം പല മാനങ്ങള്‍ തേടി ..ഒരു വിധം ഒഴുകിയൊഴുകി അവര്‍ കാറിന്റെയടുത്തെത്തി ..ഡ്രൈവര്‍ സീറ്റിന്റെ ഗ്ലാസ്സില്‍ തട്ടി അവര്‍ എന്തോ പറയാന്‍ ശ്രമിച്ചു ..ശബ്ദം കേട്ട് സതീശന്‍ ഞെട്ടിയുണര്‍ന്നു തിടുക്കത്തില്‍ പുറത്തിറങ്ങി ..
"നമുക്ക്.... പോണ്ടേ......"?
"അതേ മാഡം .."
കുഴഞ്ഞ നാവിന്റെ പതറിയ ശബ്ദത്തിനു മറുപടിയെന്നോണം ബാക്ക് ഡോര്‍ തുറന്ന് കൊണ്ട് സതീശന്‍ പറഞ്ഞു ..
ആരതി കാറിനുള്ളിലേക്ക് ഇരിക്കുകയായിരുന്നില്ല, മറിച്ച് ഇരുത്തപ്പെടുകയായിരുന്നു ...ഒരു തവണ സീറ്റിലേക്ക് മറിഞ്ഞു വീണ അവരെ അയാള്‍ ആയാസപ്പെട്ട്‌ നേരെയിരുത്തി.
വീട്ടിലെ കാര്‍പോര്‍ച്ചിലെത്തുമ്പോള്‍ ആരതി ബാക്ക് സീറ്റില്‍ വീണ് കിടക്കുകയായിരുന്നു ..
ഡോര്‍ തുറന്ന് പലതവണ വിളിച്ചതിനു ശേഷമാണ് അവര്‍ വിറച്ച്‌ വിറച്ച്‌ ‌ കണ്ണുതുറന്നത് ..
അവരെ തോളില്‍ താങ്ങി അകത്തേയ്ക്ക് നടത്തുന്നതിനിടയില്‍ സതീശന്റെ കണ്ണുകള്‍ ‌ സിറ്റൌട്ടിലേക്ക് പാളി നോക്കി..
കാലിന്മേല്‍ കാലു വെച്ച്‌ നീണ്ട ചൂരല്‍ കസേരയില്‍ ഏതോ ഇംഗ്ലീഷ് മാഗസിന്‍ വായിച്ചു നിവര്‍ന്നു കിടക്കുകയായിരുന്ന മോഹന വര്‍മ്മ തല ചരിച്ച് ചിറി കോട്ടി പുച്ഛത്തില്‍ ചിരിച്ചു.. പിന്നെ ഇടത്തേ കയ്യിലെ വിസ്കി ഗ്ലാസ്സ് പതുക്കെ ചുണ്ടോടടുപ്പിച്ചു ...

ആരതീ വര്‍മ്മയെ ബെഡ് റൂമിലാക്കി പുറത്തിറങ്ങിയ സതീശന്‍ മോഹന വര്‍മ്മയെ നോക്കി ഒരു നിമിഷം നിന്നു ..അയാള്‍ അപ്പോഴും അതേ മട്ടില്‍ തന്നെ ..നേരത്തേ പാതി നിറഞ്ഞിരുന്ന ഗ്ലാസ്‌ ഇപ്പോള്‍ കാലിയായിരുന്നു ..
"സാ..ര്‍... ഞാന്‍ അങ്ങോട്ട്‌ ..."
സതീശന്‍ മുഴുവന്‍ പറഞ്ഞപോലെ പാതിയില്‍ നിര്‍ത്തി ....
"മം.........."
മദ്യക്കുപ്പിയുടെ തല തിരിച്ചു തുറക്കുന്നതിനിടയില്‍ അയാള്‍ അമര്‍ത്തി മൂളി..
"നാളെ നേരത്തേ വരണോ? രജിസ്ട്രാരെ കാണാന്‍ അയാളുടെ വീട്ടില്‍ പോകുന്ന കാര്യം പറഞ്ഞിരുന്നു ..."
സതീശന്‍ ഇറങ്ങുന്നതിനിടയില്‍ ഓര്‍മ്മപ്പെടുത്തല്‍ പോലെ പറഞ്ഞു .
"നീ നിന്റെ കൊച്ചമ്മയുടെ കാര്യങ്ങള്‍ നേരം തെറ്റാതെ നോക്കിയാല്‍ മതി .എനിക്കാവിശ്യമുള്ളപ്പോള്‍ ഞാന്‍ പറയാം ."
അപ്പോഴും അയാള്‍ സതീശന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല ..നിറഞ്ഞ ഗ്ലാസിലെ കനത്ത നോട്ടം ഒരു വാശിപോലെ തുടര്‍ന്നു . സതീശന്‍ കൂടുതലൊന്നും പറയാതെ വണ്ടി ലോക്ക് ചെയ്ത് ചാവി അകത്തെ ടീപ്പോയില്‍ വെച്ച്‌ നടന്നകന്നു ..

മോഹന വര്‍മ്മ കാലുകള്‍ താഴ്‌ത്തി അടുത്ത ചെയറില്‍ കിടന്ന സിഗരറ്റ് പായ്ക്കറ്റു കയ്യെത്തിയെടുത്തു. ഒരു സിഗരറ്റ് ചുണ്ടില്‍ വെച്ച്‌ കത്തിച്ചുകൊണ്ട് കാലു നീട്ടി വീണ്ടും ഇരിപ്പ് തുടര്‍ന്നു . അപ്പോള്‍ അയാള്‍ ആലോചിച്ചത് മുഴുവന്‍ ഭാര്യ ആരതിയെക്കുറിച്ചായിരുന്നു..ഇരുപതു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നായിരുന്നു അത് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റൊന്നുമില്ലായിരുന്നു .പലപ്പോഴും മദ്യം തലയ്ക്കു പിടിക്കുന്ന ചില രാത്രികളില്‍ മനസ്സ് അസ്വസ്ഥമാകുമ്പോള്‍ മാത്രമാണ് അയാള്‍ ഭാര്യയെ ഓര്‍ത്തിരുന്നത് ..ആ സമയങ്ങളില്‍ വിദൂര സ്വപ്നങ്ങളില്‍ പോലും ഭര്‍ത്താവെന്ന കത്തി വേഷത്തെ അകറ്റി നിര്‍ത്തി ആരതി സുഖസുഷുപ്തിയുടെ തീരങ്ങള്‍ താണ്ടിയിരുന്നു ..

സത്യത്തില്‍ ഒരു ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ മനസ് കൊണ്ടോ ശരീരം കൊണ്ടോ വേര് പിടിച്ച് പടരേണ്ട ഒരു ബന്ധവും തങ്ങള്‍ക്കിടയില്‍ ഇതേ വരെ ഉണ്ടായിട്ടില്ലെന്ന് ഒരു പുക വലിച്ചൂതുന്നതിനിടയില്‍ അയാളോര്‍ത്തു.എന്നിട്ടും പ്രകൃതി നിയമം തെറ്റിക്കാനാവില്ലയെന്ന പോലെ ഒരു കുട്ടിയുണ്ടായി ..അവള്‍ വളര്‍ന്നപ്പോള്‍ ബോര്‍ഡിങ്ങിലേക്കൊരു പറിച്ചുനടലിനു വാശി പിടിച്ചതും ആരതി തന്നെയായിരുന്നു . ഒരു പക്ഷേ അച്ഛനും അമ്മയ്ക്കും ഇടയിലെ അകല്‍ച്ചയുടെ നിഴല്‍ക്കുത്ത് മകളിലേക്ക് നീളരുത് എന്ന് കരുതിയിരിക്കണം. ചിന്തകള്‍ ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു തെന്നിയകന്നു കൊണ്ടിരുന്നു .. കുപ്പിയിലെ കത്തുന്ന വീര്യം ബോധത്തെ തഴുകി മയക്കുവോളം അയാള്‍ അതേ ഇരിപ്പ് തുടര്‍ന്നു ....

രാവിലെ വേലക്കാരി വിളിച്ചുണര്‍ത്തി കൊടുത്ത ചായക്കപ്പുമായി ആരതീ വര്‍മ പുറത്ത് വന്നപ്പോഴും മോഹനവര്‍മ്മ സിറ്റൌട്ടിലെ കസേരയില്‍ അതേ കിടപ്പില്‍ തന്നെയായിരുന്നു ..വാതില്‍ക്കല്‍ കിടന്ന ദിനപ്പത്രം കുനിഞ്ഞെടുക്കുന്നതിനിടയില്‍ അവര്‍ സാമാന്യം ഉച്ചത്തില്‍ മുരടനക്കി..പാതി മുറിഞ്ഞ ഉറക്കത്തിന്റെ അസ്വസ്ഥതയില്‍ അയാള്‍ നെറ്റി ചുളിച്ച് ഈര്‍ഷ്യയോടെ ഭാര്യയെ നോക്കി ..

"ബാറും വീടും ഒരുപോലെ കൊണ്ട് നടക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്‍മാര്‍ തന്നെ ..ചിലവും കുറയും സമയോം ലാഭിക്കാം .ഹും .."
അകത്തേയ്ക്ക് നടക്കുന്നതിനിടയില്‍ അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു .
കേട്ട പാതി കേള്‍ക്കാത്ത പാതി അയാള്‍ കസേര ചവുട്ടിത്തെറിപ്പിച്ചു ചാടിയെഴുന്നേറ്റു ..

"നിന്നെപ്പോലെ നാടു മുഴുവന്‍ കുടിച്ച് മറിഞ്ഞു വല്ലവന്റേം തോളേല്‍ കേറി പാതിരായ്ക്ക് വീട്ടില്‍ കേറി വരുന്ന സ്വഭാവം എനിക്കില്ല .."
അയാള്‍ ശരിക്കും അലറുകയായിരുന്നു ..

"അതേ വരാറില്ല ..പലപ്പോഴും വരേണ്ടി വരുന്നില്ല എന്നത് തന്നെ ....കുടിപ്പിച്ചു കിടത്തി ആനന്ദസാഗരത്തില്‍ ആറാടിക്കാന്‍ ഒരുപാടവളുമാരുള്ളപ്പോള്‍..അന്തിയുറങ്ങാന്‍ സ്വന്തം വീട്ടിലേക്ക്‌ തന്നെ വരണമെന്നുമില്ല .വെറുതേ രാവിലെ തന്നെ എന്നെക്കൊണ്ട് പറഞ്ഞു നാറ്റിക്കണ്ടാ .."
അവര്‍ നന്നായി കിതച്ചു കൊണ്ട് ചീറി ..

"ഞാന്‍ ആറാടി നടക്കുന്നെങ്കില്‍ അതെന്റെ കഴിവ് ..അല്ലെങ്കില്‍ നിന്റെ കഴിവുകേട് ...സ്വന്തം വീട്ടില്‍ കിട്ടാത്തത് തേടി പോകുന്ന ഏത് പുരുഷന്റെം പരിമിതികള്‍ തന്നെ .."
അയാള്‍ തിരിച്ചടിച്ചു .
"ഹ ഹ ..കൊള്ളാം ..നിങ്ങള്‍ക്കു നാണമില്ലേ ഇത് പറയാന്‍ ..നാല്പത്തെട്ടാം വയസ്സിലും സ്വന്തം മകളുടെ പ്രായമുള്ള കുട്ടികളുടെ കൂടെ .......ഛെ.."
അവര്‍ നീട്ടി കാറി ..
"അതേ ..എന്റെ വീട്ടില്‍ എന്റെ ചെലവില്‍ കുടിച്ച് മദിച്ച് എന്റെ നേരെ കുരയ്ക്കുന്ന ഒരു പട്ടിയെപ്പോലെ ഇനി നീ വേണ്ട ..എല്ലാത്തിനും ഒരു പരിധിയുണ്ട് ...ഇനി മതി .."
അയാള്‍ അവരെ രൂക്ഷമായി നോക്കി.
"ഓഹോ സാര്‍ ഉദ്ദേശിച്ചത് ഒരു ഡിവോഴ്സ് ആണെങ്കില്‍ എനിക്കിന്നലേ സമ്മതം ..പക്ഷേ കുറച്ചു മുന്‍പ് പറഞ്ഞല്ലോ ഞാന്‍ നിങ്ങടെ ചെലവില്‍ കുടിച്ച് മദിച്ച് കഴിയുന്ന കാര്യം ..അതോര്‍ക്കാതെ പറഞ്ഞതോ അതോ കുടിച്ച് മുടിഞ്ഞു മണ്ട ചീഞ്ഞതോ ? സാറിന്റെ കമ്പനിയും, റിയല്‍ എസ്റ്റെറ്റും അടക്കം എല്ലാത്തിലും ഞാന്‍ മുടക്കിയ ഷെയര്‍ ലാഭവിഹിതമടക്കം മടക്കി തന്നു അന്തസ്സായി നമുക്ക് കൈ കൊടുത്തു പിരിയാം ..പേടിക്കേണ്ട രേഖകളിലുള്ളത് മാത്രം മതി ...അല്ലാതെ ഭാര്യയുടെ അവകാശമെന്ന പേരില്‍ ജീവനാംശം ചോദിച്ചു ഈ പടി കേറി ..............അയ്യേ അതോര്‍ക്കുമ്പോള്‍ തന്നെ എനിക്ക് ച്ഛര്‍ദ്ദിക്കാന്‍ വരുന്നു ......."
അവര്‍ പുച്ഛത്തില്‍ അയാളെ നോക്കി.

"അതേ നിന്റെ ഒടുക്കത്തെ അവകാശോം പൊതിഞ്ഞു കെട്ടി ഇവിടുന്നിറങ്ങാന്‍ ഒരുങ്ങിക്കോ ..
അഞ്ജലിയും ഞാനും മാത്രം മതി ഇനിയിവിടെ .."
"ആഹാ ..അങ്ങയ്ക്ക് മോളേപ്പറ്റിയൊക്കെ കാര്യ വിചാരമുണ്ടോ ?
ഇനീപ്പോ അവകാശം സ്ഥാപിക്കാന്‍ ഓര്‍ക്കാതെ പറ്റില്ലല്ലോ
അഞ്ജലീ വര്‍മ്മ എന്ന് ചേര്‍ത്ത് പറഞ്ഞാല്‍ കുറച്ചു കൂടി ഉറപ്പ് കിട്ടും ..ഹും ഒരച്ഛന്‍..
അവള്‍ക്കു വയസ്സ് പതിനെട്ടു കഴിഞ്ഞു ..ആരേ വേണമെന്ന് അവള്‍ തീരുമാനിച്ചു കൊള്ളും..എന്നിട്ട് മതി അവകാശത്തിന്റെ പേരിലുള്ള ഊറ്റം കൊള്ളല്‍.."
അവര്‍ കയ്യിലെ ന്യൂസ്‌ പേപ്പര്‍ ടീപ്പോയിലേക്ക് വലിച്ചെറിഞ്ഞ് കൊണ്ട് പറഞ്ഞു ..

അതിന് മറുപടി പറയാതെ വെട്ടിത്തിരിഞ്ഞ് ചവിട്ടി കുലുക്കി മോഹന വര്‍മ അകത്തേയ്ക്ക് പോയി ..

അന്ന് പകല്‍ മുഴുവന്‍ അയാള്‍ പലയിടങ്ങളില്‍ അലഞ്ഞു നടന്നു..ഓഫീസില്‍ ഉള്ളതിനും ഇല്ലാത്തതിനും കണ്ണില്‍ കണ്ടവരെയൊക്കെ തെറി വിളിച്ച് മടുത്തപ്പോള്‍ ഉച്ചയ്ക്ക് ശേഷം ബാറിലെ മങ്ങിയ വെളിച്ചത്തില്‍ മനസ്സ് തണുപ്പിച്ചിരുന്നു..രാത്രി റീത്തയുമൊരുമിച്ചു ഹോട്ടലില്‍ മുറിയെടുക്കുമ്പോഴും മോഹന വര്‍മയുടെ നെഞ്ചില്‍ പെരുമ്പറ കൊട്ടിയത് വാശിയുടെ വന്യതാളമായിരുന്നു.

"എന്താണ് സര്‍ അകെ ഒരു അസ്വസ്ഥത പോലെ "
റീത്ത അയാളുടെ മാറില്‍ കൈ വെച്ച്‌ കൊണ്ട് ചോദിച്ചു ..
"ഒന്നുമില്ല വെറുതേ ..നീ കിടക്ക്‌.."
"അല്ല ..ഇന്ന് കിടന്നിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല .."
അവള്‍ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു ..
"അത് നീയാണോ തീരുമാനിക്കുന്നത് ..പിന്നെന്തിനാ നിന്നെ കെട്ടിയെടുത്തത് ? "
പൊടുന്നനെ അയാള്‍ പൊട്ടിത്തെറിച്ചു..
"ഞാന്‍ ചോദിക്കുന്നതില്‍ സര്‍ തെറ്റിദ്ധരിക്കരുത് ..വൈഫുമായി ..? അല്ല ...ഒരു സെക്രട്ടറി പെണ്ണിന്റെ അല്ലെങ്കില്‍ രഹസ്യമായി ശരീരം പകുത്തു തരുന്നവളുടെ സ്വാതന്ത്ര്യത്തിനു പുറത്താണ് മറുപടി എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ചോദിച്ചത് .."
"അവിടെയും വിദഗ്ധമായി സ്വയം ന്യായീകരിച്ചൊരു വര്‍ണ്ണന ..എല്ലാ പെണ്ണും ഒരുപോലെ തന്നെ .."
അയാള്‍ അലോസരത്തോടെ മുഖം വക്രിച്ചു പറഞ്ഞു ..
"ഹ ഹ അത് തെറ്റിധാരണ മാത്രമാണ് സര്‍ ..എല്ലാ ആണുങ്ങളുടെയും വിചാരം അവിഹിതങ്ങളിലെ രഹസ്യ സുഖങ്ങള്‍ അവര്‍ക്ക് മാത്രം വൈദഗ്ധ്യമുള്ള കണ്ണുകെട്ടി കളിയെന്നാണ് .. അവരെ വെല്ലുന്ന സ്ത്രീകളെ എനിക്കറിയാം ..അതില്‍ ഭൂരിഭാഗവും പേരിനൊരു ഭര്‍ത്താവ് സ്വന്തമായുള്ളവരും.......ഞാനുള്‍പ്പടെ

അല്‍പ നേരത്തേ നിശബ്ദതയ്ക്കു ശേഷം അവള്‍ തുടര്‍ന്നു............
"എന്തിന് സാറിന്റെ വൈഫ് പോലും ...............
"നീ കൂടുതല്‍ കാട് കയറണ്ടാ ... "
അവളെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ അയാള്‍ അലറി .
"സാര്‍ ആരെ ബോദ്ധ്യപ്പെടുത്താനാണ് ഇങ്ങനെ അലറുന്നത് .നിങ്ങള്‍ക്കിത് എത്രയോ മുന്‍പേ അറിയാവുന്ന കാര്യ മാണെന്നെനിക്കറിയാം ..ഡ്രൈവര്‍ സതീശന്‍ ഇതു പോലെ ചില അവസരങ്ങളില്‍ എന്റടുത്തു മനസ് തുറന്നിട്ടുണ്ട് ...ഇവിടെയാണ്‌ ഞാന്‍ നേരത്തേ പറഞ്ഞ കണ്ണുകെട്ടി കളിക്ക് വേദിയൊരുങ്ങുന്നത് ..ആരും അവരവരുടെസുഖങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന വിളിച്ച് പറയല്‍ .അത്ര മാത്രം.."
മോഹന വര്‍മ്മ മറുപടിയൊന്നും പറയാതെ സിഗരറ്റ് വലിച്ചൂതി ചുമരിലേക്കു നോക്കിയിരുന്നു ..


ദൂരെ ഊട്ടിയിലെ കോടമഞ്ഞ്‌ വെള്ളപ്പുതപ്പ് വിരിച്ചലങ്കരിച്ച ടൂറിസ്റ്റ് ഹോമിലെ മുറിക്കുള്ളില്‍ കൂട്ടുകാരന്റെ മാറൊട്ടി കിടന്ന് അഞ്ജലി വര്‍മ്മ ശബ്ദമില്ലാതെ ചിരിച്ചു.
"അഞ്ജലീ നീ ഇന്ന് വരുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും വിശ്വസിച്ചിരുന്നില്ല ".
അജയ് അവളുടെ മുടി തഴുകി കൊണ്ട് പറഞ്ഞു.
"അത് നിന്റെ കുഴപ്പം .."
അഞ്ജലി ഒറ്റ വാചകത്തില്‍ മറുപടി ഒതുക്കി .
"അപ്പോള്‍ ഇതും മാരേജിനു മുന്‍പുള്ള ഒരു പരീക്ഷണം മാത്രം .."
അവന്‍ വീണ്ടും ചോദിച്ചു .
"യെസ് ഒഫ്കോഴ്സു. സെക്സിനെന്താ ദാമ്പത്യത്തില്‍ വലിയ പങ്കില്ലേ ? എല്ലാ അര്‍ത്ഥത്തിലും ഒരു വിലയിരുത്തല്‍ .എനിക്ക് നീയും നിനക്ക് ഞാനും ഒരു രസം കൊല്ലിയാണെങ്കില്‍ ....ജസ്റ്റ്‌ വീ കാന്‍ സേ ഗുഡ് ബൈ. മീന്‍സ് നോ കോംപ്രമൈസ് അറ്റ്‌ ഓള്‍ ..."
അവള്‍ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.
"ഒരു തരം പ്രാക്ടിക്കല്‍ എക്സാം ..അല്ലേ ..ഓക്കേ രണ്ട് പേരും വിജയിച്ചാല്‍ ..എന്നിട്ടും എനിക്കിത് തുടരാന്‍ താല്പര്യമില്ലെന്ന് പറഞ്ഞാല്‍ ..
അജയ് ഒരു കള്ളച്ചിരിയോടെ ചോദിച്ചു .
"ഐ ഡോണ്ട് മൈന്ട്. ഇതിലും ചുള്ളന്‍ ചെക്കന്മാര്‍ വേറെയുണ്ട് . ഒന്നു മിനക്കെട്ടിറങ്ങിയാല്‍ , ഐ കാന്‍ ക്യാച്ച് വണ്ണ്‍ ടു നൈറ്റ് ഇറ്റ്‌ സെല്‍ഫ് .. "
അതിന് മറുപടി പറയാതെ അജയ് അവളെ പൊടുന്നനെ മറിച്ചിട്ട് അവള്‍ക്കു മുകളില്‍ സ്ഥാനം പിടിച്ചു.
ആര്‍ത്തിയോടെ ചുണ്ട് താഴ്ത്തുമ്പോള്‍ അവള്‍ കൈ തട്ടിക്കൊണ്ടു ചോദിച്ചു ;
"ഹേയ് വെയര്‍ ഈസ്‌ യുവര്‍ കോണ്ടം" ?
"എന്തിനാ അഞ്ജലീ അതിന്റെയൊക്കെ ആവിശ്യം ?"
അജയ് വിരസമായ് ചോദിച്ചു .
"അതിനുത്തരം ഞാന്‍ നേരത്തേ പറഞ്ഞതല്ലേ ?"
"എങ്കില്‍ പിന്നെ ടാബ് ലറ്റ്സ് പോരേ അതല്ലേ കൂടുതല്‍ സേഫ് ?"
അജയ് അവളെ പിന്തിരിപ്പിക്കാന്‍ ഒരു ശ്രമം കൂടി നടത്തി നോക്കി .
"അത് സേഫ് തന്നെ .പക്ഷേ ഇതില്‍ സേഫ് അല്ലാത്ത മറ്റ് പലതും ഉണ്ട് ."
അവള്‍ പിടി കൊടുക്കാന്‍ ഭാവമില്ലാത്ത മട്ടില്‍ പറഞ്ഞു.
"എന്ന് വെച്ചാല്‍.... എനിക്ക് എയിഡ്സ് ഒന്നുമില്ല .ഇനി അതിന് സര്‍ട്ടിഫിക്കേ റ്റ് ചോദിച്ചാല്‍ ഈ രാത്രി വളരെ ബുദ്ധിമുട്ടാണ് .എന്തായാലും ഞാന്‍ കോണ്ടം ഒന്നും കരുതിയിട്ടില്ല .."
അജയ് നീരസത്തോടെ പറഞ്ഞു ..
അഞ്ജലി കയ്യെത്തി ബാഗിന്റെ ഉറയില്‍ നിന്ന് ഒരു കോണ്ടം പായ്ക്കറ്റ് അവനു നേരെ നീട്ടി .
അജയ് ചോദ്യ ഭാവത്തില്‍ അവളെ നോക്കി
അഞ്ജലി ചിരിച്ചു കൊണ്ട് അവനെ തന്നിലേക്ക് വലിച്ചടുപ്പിച്ചു .
അവളുടെ പിന്‍ കഴുത്തിന്‌ കുറുകെ ചുറ്റിയ കൈകളിലെ കോണ്ടം പായ്ക്കറ്റിലെ കറുത്ത അക്ഷരങ്ങളില്‍ അജയ് യുടെ കണ്ണുകളുടക്കി ;
"ക്രോസ് ദി ബാരിയേഴ്സ് സേഫ്‌ലി " !!

Tuesday, February 15, 2011

സീമന്തരേഖയില്‍ ചുവപ്പ് കൊതിച്ചവള്‍ !

"ശാലിനീ നീ കിടക്കുന്നില്ലേ "?
അയനയുടെ ചോദ്യം ശാലിനിയുടെ പുസ്തക വായന മുറിച്ചു .
"ഇല്ല കുറച്ചു കൂടി വായിച്ചിട്ട് ......"
"അപ്പോള്‍ ഇന്ന് വൈകിട്ട് പോകണ്ടേ" ?
"അറിയില്ല ..മുന്‍കൂട്ടി അറിയിക്കുന്ന ജോലിയാണോ നമ്മുടേത്‌ ? അല്ലെങ്കില്‍ തന്നെ എന്തറിയാന്‍ ..ആളും സ്ഥലവും മാറുന്നൂന്നു മാത്രം..മാറ്റമില്ലാത്തത് നമുക്ക് മാത്രം .."
സംസാരം പകുതിക്ക് നിര്‍ത്തി ശാലിനി കട്ടില്‍ പടികളില്‍ മിഴിയൂന്നി എന്തോ ആലോചിച്ചെന്ന പോലെ ഇരുന്നു..
"ഒരു കണക്കിന് നീ പറേന്നതാ ശരി ..നമ്മളെന്തിനു ആളും തരോം നോക്കണം..പോകാന്‍ പറയുന്നു .പോണു ..അത്ര മാത്രം" .
അയന ശാലിനി പറഞ്ഞത് ശരി വെച്ചു.
"എന്റെ ശാലിനീ ഇന്നലെ ഒരു ഹിന്ദിക്കാരനായിരുന്നു കൂട്ട് . ഹൊ! അവന്റെ നാറിയ മണം ..പല തവണ എനിക്ക് ഛര്‍ദ്ദിക്കാന്‍ വന്നു.അവനാണെങ്കില്‍ ഒടുക്കത്തെ പരാക്രമോം..പെണ്ണിനെ കാണാത്ത പോലെ ..വൃത്തികെട്ട പന്നി ..ഒന്നു കുളിച്ചിട്ടും എനിക്കറപ്പു മാറിയിട്ടില്ല ".
അയനയുടെ മുഖത്ത് ഇപ്പോഴും വിട്ടു മാറാത്ത അറപ്പു തെളിഞ്ഞു നില്‍ക്കുന്ന പോലെ .

"നിനക്ക് ലീലാമ്മയോട്‌ അനുഭവിച്ചതിന്റെ കണക്ക് പറഞ്ഞു കാശ് വാങ്ങിച്ചൂടാരുന്നോ?"
ശാലിനി നീരസത്തോടെ ചോദിച്ചു.
"ഹും ..നല്ല ചേലായി മുഖമടച്ചോരാട്ടും, പുളിച്ച തെറീം , പിന്നെയീ സുഖവാസത്തിന്റെ കണക്കും എണ്ണം പറഞ്ഞു ബോധിപ്പിച്ചു തരും .നീയൊക്കെ വെറും തേവിടിശ്ശികളാണെന്ന കാര്യം മറക്കണ്ടാന്നൊരുപദേശവും കിട്ടും .കേട്ട് മടുത്തത് കൊണ്ട് അതിന് മെനക്കെട്ടില്ല.."
ശാലിനി അതിന് മറുപടി ഒന്നും പറഞ്ഞില്ല ..അവള്‍ വീണ്ടും പുസ്തക താളുകളിലേക്ക് മുഖം തിരിച്ചു.
അയന സീലിംഗ് ഫാനിന്റെ കറക്കത്തിനൊപ്പം കണ്ണുകളെ വട്ടം ചുറ്റിച്ചു വെറുതേ കിടന്നു ..

"നീ ഇന്നലെ എവിടെയായിരുന്നു ?"
അയന വീണ്ടും ശാലിനിയുടെ നേര്‍ക്ക്‌ തിരിഞ്ഞു ചോദിച്ചു .
"ഇവിടെ.... സിറ്റിയില്‍ തന്നെ .."
ശാലിനി ഒഴുക്കന്‍ മട്ടില്‍ മറുപടി നല്‍കി ..
"ഹോട്ടലിലോ" ?
"ഹേയ് അല്ല ..കൊട്ടാരം പോലെ എന്ന് പറയാവുന്ന ഒരു വീട്ടില്‍ "..
അവള്‍ ബുക്ക് മടക്കി പിടിച്ച് കൊണ്ട് പറഞ്ഞു ..
"അത് പറഞ്ഞാല്‍ വളരെ രസമാണ് . ആ വലിയ വീട്ടില്‍ അയാള്‍ മാത്രം .തടിച്ചു കുടവയറു ചാടി ഉണ്ട കണ്ണുകളുള്ള കുംഭകര്‍ണ്ണനെപ്പോലെ ഒരു തടിമാടന്‍ .അന്‍പതിനു മുകളില്‍ പ്രായം തോന്നിക്കും .എല്ലാം കഴിഞ്ഞപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു..അവിടെ നിന്നോളാന്‍ ..അയാളുടെ ഭാര്യയും മകളും മരിച്ചതാണത്രെ.. എന്നെ മകളെപ്പോലെ നിര്‍ത്തിക്കോളാമെന്ന്.....എനിക്ക് പെട്ടെന്ന് 'ലോത്തിന്റെ' പെണ്മക്കളെ ഓര്‍മ്മ വന്നു.."
"ലോത്തോ..അതാരാ ?"
അയന ഇടയ്ക്ക് കയറി ചോദിച്ചു ..
"ഹേയ് ..അതൊരു കഥയാ ..അച്ഛനെ പ്രാപിച്ച പെണ്മക്കളുടെ കഥ .."
"ഓ.! അങ്ങനെ" ..
അയന നിസ്സാരമട്ടില്‍ പറഞ്ഞു..
"എന്നിട്ട് നീയെന്തു പറഞ്ഞു?"
"ഇന്നനുഭവിച്ച പുരുഷന്റെ മണം നാളെ എനിക്കലര്‍ജ്ജിയാണെന്നു പറഞ്ഞു ..മാത്രമല്ല ഇതുവരെയുള്ള എന്റെ അനുഭവ സമ്പത്ത് വെച്ചു നോക്കുമ്പോള്‍ രണ്ടാമതൊന്നു കൂടി ആസ്വദിച്ചു രമിക്കാനുള്ള സംഗതികളൊന്നും നിങ്ങള്‍ക്കുണ്ടെന്നു തോന്നുന്നില്ലാന്നും ..."
"ങ്ങാ ഹാ ....എന്നിട്ട് "!
അയന ഉത്സാഹത്തോടെ കൈകുത്തി കിടന്നു ചോദിച്ചു ..
"എന്നിട്ടെന്താ ഉടന്‍ തന്നെ പുള്ളി പരിപാടി അവസാനിപ്പിച്ചു ..പുറത്ത് വണ്ടിയുണ്ട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു.."
"നന്നായി ..മോളാക്കിക്കോളാന്ന് ..... അവന്റെ കുടില ബുദ്ധിയേ ! ചെറ്റ .."
അയന ശബ്ദത്തില്‍ പല്ല് കടിച്ച് നിവര്‍ന്നു കിടന്നു ..

"അയനേ...നീ എന്നെങ്കിലും ഒരു കല്യാണ മണ്ഡപം സ്വപ്നം കണ്ടിട്ടുണ്ടോ ?"
തികച്ചും അവിചാരിതമായ ശാലിനിയുടെ ചോദ്യം അയനയെ തെല്ലോന്നമ്പരപ്പിച്ചു.അവള്‍ ചോദ്യഭാവത്തില്‍ കൂട്ടുകാരിയെ നോക്കി .
ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം ശാലിനി അയനയുടെ മറു പടി കാക്കാതെ തുടര്‍ന്നു..
"ഞാന്‍ ഒരുപാട് തവണ ആ സ്വപ്നം കണ്ടിട്ടുണ്ട് .. അമ്പല മുറ്റത്ത്‌ ഒരു വലിയ കതിര്‍ മണ്ഡപം ..ഒരു മണവാട്ടി പെണ്ണിന്റെ എല്ലാ അലങ്കാരങ്ങളിലും മുങ്ങിക്കുളിച്ച് ഞാന്‍ ..ചുറ്റിനും അഛന്‍, അമ്മ , മറ്റ് ബന്ധുക്കള്‍ ,നാട്ടുകാര്‍...
പിന്നെ ..പിന്നെ...കല്യാണ കച്ചേരിയുടെ
അരോഹണ .... അവരോഹണത്തില്‍ ഒരു താലി കെട്ട്...."

"ഹ ഹ ...കേമമായിട്ടുണ്ട് ..വെറുതയല്ല ലീലാമ്മ ഇടയ്ക്ക് ഓര്‍മ്മിപ്പിക്കുന്നത് .. 'നീയൊക്കെ വെറും തേവിടിശ്ശികളാണെന്ന കാര്യം മറക്കണ്ടാന്ന്‍.."
അയന പരിസരം മറന്നു പൊട്ടിച്ചിരിച്ചു..
"ആട്ടെ ആരാണ് വരന്‍ ...ആ കോമളരൂപനെ വര്‍ണ്ണിച്ച് കേട്ടില്ലല്ലോ ?"
"ഓ ..അവനെ പ്പറ്റി ഞാന്‍ പറഞ്ഞില്ല അല്ലേ.. വെളുത്ത് മെലിഞ്ഞു ഒത്ത നീളമുള്ള ഒരു സുന്ദരക്കുട്ടന്‍ ..ഇന്നലെക്കൂടി ഞാന്‍ കണ്ടു ...ഒരു ചുവന്ന സിന്ദൂര ഡബ്ബയില്‍ വിരല്‍ തൊട്ട് അവനെന്റെ സീമന്ത രേഖയില്‍ സിന്ദൂരം ചാര്‍ത്തുന്നു ..."
"നിനക്ക് ശരിക്കും ഭ്രാന്താണ് "...
അയന പതിഞ്ഞ ശബ്ദത്തില്‍ തുടര്‍ന്നു ..
"തെരുവു വേശ്യകള്‍ക്ക് എന്നോ നഷ്ടപ്പെട്ട കന്യകാത്വത്തിന്റെ അടയാളം പോലെയാണ് ചുവപ്പ് അനാഥമായ സീമന്തരേഖ ..
ഓ ഹ് ..എന്റെ കൂടെക്കൂടി പെണ്ണിന് ലേശം സാഹിത്യ പൊടി മണം ഏറ്റിട്ടുണ്ട്..ഭാഗ്യം .."
ശാലിനി ചിരിച്ച് കൊണ്ട് പറഞ്ഞു ..
"സ്വപ്നങ്ങളില്‍ ശരീരം നഷ്ടമാകത്ത ഒരു പാവം പെണ്ണിന്റെ നിറക്കൂട്ടുകളില്‍ ഇത്രയെങ്കിലും പാടുള്ളതല്ലേ.... വര്‍ണ്ണ തുമ്പികളായ് പാറിപ്പറന്ന്‍ , ശിശിരങ്ങളില്‍ ഇല പൊഴിക്കുന്ന മരങ്ങളെ പുല്‍കി ..ആര്‍ത്തു പെയ്യുന്ന മഴത്തുള്ളികളില്‍ ഉടലൊട്ടി....മഞ്ഞു മൂടിയ കൂടാരങ്ങളില്‍ മെയ്യോടു മെയ്യ്‌ പുണര്‍ന്നുരാവുറങ്ങി ........................"
ശാലിനി പാതിയടഞ്ഞ മിഴികളോടെ അവ്യക്തമായ്‌ പുലമ്പിക്കൊണ്ടേയിരുന്നു ...



കുശിനിക്കാരന്‍ പയ്യന്‍ ജനലിലൂടെ ഒരു കുറിപ്പ് അയനയ്ക്ക് നീട്ടി ...
അവള്‍ യാതൊരു ഭാവഭേദവുമില്ലാതെ അത് നിവര്‍ത്തി നോക്കി ..വൈകിട്ട് രണ്ട് പേര്‍ക്കും പറന്നിറങ്ങേണ്ട തീരവും, നേരവും അതില്‍ കൃത്യമായി കുറിച്ചിരുന്നു ...
അവള്‍ തല ചരിച്ച് ശാലിനിയെ നോക്കി ..
അവളുടെ പിറുപിറുക്കല്‍ നേര്‍ത്തു തുടങ്ങിയിരുന്നു ....വെളുത്ത് സുന്ദരനായ ഒരു യുവാവിന്റെ അടക്കിപ്പിടിച്ചുള്ള ചുടുചുംബനത്തില്‍ സിന്ധൂരരേഖയില്‍ പൊടിഞ്ഞ വിയര്‍പ്പു തുള്ളികള്‍ ചുവപ്പാര്‍ന്നു ചാലുകീറി നാസിക തുമ്പിലൂടെ ഒഴുകിയിറങ്ങിയപ്പോള്‍ ആകെ കുളിരുകോരി ശാലിനിയുടെ ചെഞ്ചുണ്ടില്‍ ഒരു മൃദു പുഞ്ചിരി പൊട്ടി വിടര്‍ന്നു .........

Saturday, February 5, 2011

ഒരു സല്ലാപ ചരിത്രം

ഗേറ്റു തുറന്ന് കാര്‍പ്പോര്‍ച്ചു ലക്ഷ്യമാക്കി സൈക്കിളുന്തുമ്പോള്‍ അവള്‍ക്കു പതിവിലും കൂടുതല്‍ തിടുക്കമുണ്ടായിരുന്നു .. സാധാരണ ഈ വരവ് ഇങ്ങനെയായിരിക്കില്ല ..തോളിലെ ബാഗിന്റെ കനം, ഭാരം വലിച്ചു തളര്‍ന്ന മാടിന്റെ വൈക്ലബ്യം പ്രകടമാക്കുന്ന മുഖഭാവം അവള്‍ക്കു പകര്‍ന്നു നല്‍കിയിരുന്നു. മുറിയിലെത്തി വിജ്ഞാനത്തിന്റെ ഭാണ്ടക്കെട്ട്
എങ്ങോട്ടെങ്കിലും വലിച്ചെറിഞ്ഞ് നേരെ കട്ടിലിലേക്കൊരു തളര്‍ന്നു വീഴല്‍ . സന്ധ്യ മയങ്ങിയാലും ആ വാടിത്തളര്‍ച്ചയുടെ ആലസ്യം വിട്ടൊഴിയാറില്ല ചിലപ്പോള്‍ അത് അമ്മയുടെ തട്ടിവിളിയില്‍ ചരട് പൊട്ടിപ്പോകുന്ന ഒന്നായി പരിണമിക്കാറുമുണ്ട്.

"രെഞ്ചൂ ..ഈ പാല് കുടിച്ചേച്ചു പോകു കുട്ടീ ...ഇനി ഏത് നേരത്താ അതിന്റെ മുന്നീന്ന് എണീക്കുന്നെ ?"
സ്കൂള്‍ ബാഗ് ആയത്തില്‍ വീശി അകത്തേക്കോടുമ്പോള്‍ അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം മത്സരിച്ചു പുറകേയെത്തി .

"വിനു ഐ കാണട് ഹിയര്‍ യു ...സം തിംഗ് റോങ്ങ് ..മേ ബി കണക്ഷന്‍ എറര്‍ ..."
പാലുമായി അവള്‍ക്കു പുറകില്‍ നിന്ന മിസ്സിസ് മേനോന്‍, സ്ഥലകാല ബോധമില്ലാതെ കീ ബോര്‍ഡില്‍ താളം പിടിക്കുന്ന മകളെ നോക്കി അമ്പരന്നു നിന്നു.
"ഇതീയിടെയായി കുറച്ചു കൂടുന്നുണ്ട് ..ഡാഡി വിളിക്കട്ടെ ഞാന്‍ പറയുന്നുണ്ട്."
ഞെട്ടി തിരിഞ്ഞ അവള്‍ ഞൊടിയിടയില്‍ കുഞ്ഞ് മൌസിനെ മുകളിലേക്ക് വലിച്ച് ഇട നെറ്റിയില്‍ ഒന്നു ക്ലിക്കി .
"എന്താ നീ മിനിമൈസ് ചെയ്തേ ? ആരോടാ ചാറ്റ് ചെയ്യുന്നേ ?"
"അത്... അത് എന്റെ ഒരു ഫ്രണ്ടാ മമ്മി "
"അതാരാന്നാ ചോദിച്ചേ ? ഫ്രണ്ടിനു പേരില്ലേ ?"
"പേര്‌.....വിനു .."
പാതിയില്‍ മുറിഞ്ഞ മധുര സല്ലാപത്തിന്റെ പൊരുള്‍ തേടി വിനുക്കുട്ടന്റെ അന്തരംഗം
സന്ദേശ തരംഗങ്ങളായി മോണിറ്ററിന്റെ മൂലയില്‍ കുഞ്ഞ് ബലൂണുകള്‍ തീര്‍ത്തുകൊണ്ടിരുന്നു ..അവളുടെ കടമിഷികള്‍ വീര്‍പ്പുമുട്ടലില്‍ വിറച്ചു പിടഞ്ഞു ..

"അവനെ നിനക്കെങ്ങനെയാ പരിചയം ....?"
മകളുടെ പ്രായം പന്തിയല്ലെന്ന തിരിച്ചറിവില്‍ അവര്‍ കൂടുതല്‍ നെറ്റി ചുളിച്ച് ഉത്തരവാദിത്വമുള്ള മാതാവയി മാറി .
"ഞങ്ങള്‍ ചാറ്റിങ്ങിലൂടെ ഫ്രാണ്ട്സായതാ .... ഇടയ്ക്ക് ഓണ്‍ലൈനില്‍ വരുമ്പോള്‍ കുറേ നേരം ചാറ്റ് ചെയ്യും ..ദാറ്റ്സ് ഓള്‍ .."
വാക്കുകള്‍ക്കൊടുവില്‍ അവളുടെ മുഖത്തെ അസ്വസ്തത, 'എന്താ പറഞ്ഞാല്‍ മനസ്സിലാകില്ലേ ' എന്നൊരു ശബ്ദമില്ലാത്ത മറുചോദ്യം ചോദിച്ചു.
"അതിനപ്പുറത്തെയ്ക്കൊന്നും വേണ്ട ..ഇത് സ്ഥിരമാക്കുകേം വേണ്ട .. .പറഞ്ഞത് മനസ്സിലായല്ലോ ?"
"മമ്മി എന്തോ മീന്‍ ചെയ്തു സംസാരിക്കുവാണ്..വീ ആര്‍ ഗുഡ് ഫ്രണ്ട്സ് ..അത്രേ ഉള്ളൂന്ന് ഞാന്‍ പറഞ്ഞല്ലോ ?"
"വിനു ബാന്ഗ്ലൂരില്‍ ഐറ്റി ഫീല്ടിലാ ..ഇത്തവണ നാട്ടില്‍ വരുമ്പോള്‍ വീട്ടില്‍ വരാന്നു പറഞ്ഞിട്ടുണ്ട് .അവനെ കണ്ട് കഴീമ്പോള്‍ മമ്മീടെ ഡൌട്ട്സൊക്കെ ക്ലിയറായിക്കോളും ..ഷുവര്‍ ..."
"മം ....."
അശ്വതി മേനോന്‍ മകളെ രൂക്ഷമായി നോക്കിയിട്ട് ഒട്ടും തൃപ്തി വരാതെ തിരിഞ്ഞു നടന്നു..



അതിനടുത്ത ഞായറാഴ്ച രെഞ്ചിനിയുടെ വാക്ക് അണുവിട തെറ്റിക്കാതെ വിനു അശ്വതിക്ക്
മുന്നില്‍ ഹാജരായി .വെളുത്ത് നീണ്ടു മെലിഞ്ഞ പൊടിമീശക്കാരന്‍ പയ്യന്‍.
.ഇരുപത്തിരണ്ടിന് മുകളില്‍ പ്രായം പറയില്ല ..യാതൊരു
അപരിചിതത്തവുമില്ലാതെയുള്ള അവന്റെ നിര്‍ത്തില്ലാത്ത സംസാരം അശ്വതിയില്‍
ആശ്ചര്യമുളവാക്കിയെന്നു മാത്രമല്ല അതവനൊരു നിര്‍ദോഷ നിഷ്കളങ്കന്റെ പരിവേഷം ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു.
'വെറുതെയല്ല രെഞ്ചു ഇവനുമായി ഇത്രവേഗം അടുത്തത് '
അശ്വതി മനസ്സിലോര്‍ത്തു .

വിനു യാത്ര പറഞ്ഞിറങ്ങിയ ശേഷം രഞ്ചിനി അമ്മയുടെ തോളില്‍ ചുറ്റിപ്പിടിച്ചു കൊഞ്ചിക്കുറുകി..
"ഇപ്പോള്‍ മമ്മി എന്തു പറയുന്നു .ഹൌ ഈസ് മൈ ഫ്രെണ്ട് ? പേടിക്കേണ്ട ചെക്കനാണോ ?പാവമല്ലേ അവന്‍?"
"മം .."
അവര്‍ അപ്പോഴും മൂളുക മാത്രം ചെയ്തു.
"ഹും..എന്തു പറഞ്ഞാലും മിസ്സിസ് മേനോന് ഒരു മൂളല്‍ മാത്രം .ഒന്നുമില്ലെങ്കിലും നേരിട്ട് കണ്ട കാര്യം ഒന്നു അക്സപ്റ്റ് ചെയ്തൂടെ ?"
"നിനക്ക് പതിനാറു കഴിഞ്ഞതേയുള്ളൂ ..അതും മറക്കണ്ടാ .."
"ഹ ഹ ..സോ വാട്ട് ? ആകാശമിടിഞ്ഞു വീഴാന്‍ പോണോ?"
"ങാ..പിന്നെ അതുമവന്‍ പറഞ്ഞൂട്ടോ ?"
"എന്ത് "
"മിസ്സിസ് മേനോനെ കണ്ടാല്‍ എന്റെ മമ്മിയാണെന്ന് പറയില്ല പോലും .ഏറിയാല്‍ ഒരു മുപ്പതു
വയസ്സ്, അതിനപ്പുറം ആരും പറയില്ലെന്ന് .എന്ന് വെച്ചാല്‍ നിത്യ യൌവ്വനം കാത്തു സൂക്ഷിക്കുന്ന ഒരു അപ്സരസാണെന്ന്...ചെക്കന്റെ നോട്ടം പോയ പോക്കേ?"
വന്നു വന്ന് പെണ്ണിന്റെ നാവിന് അരം കൂടിയിരിക്കുന്നു...അതും പറഞ്ഞ് അവര്‍ അലസമായി അവള്‍ക്കു നേരെ കൈയ്യോങ്ങി ..
"ഇത് കൊള്ളാം ഉള്ളത് പറഞ്ഞാല്‍ അതും കുറ്റം ..പിന്നെങ്ങനെ ശരിയാകും .."
അവള്‍ കളിയായി ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറി ..
"പിന്നെ മമ്മി ..ഞാനിന്നലെ ഒരുകൂട്ടം വാങ്ങിയിട്ടുണ്ട് .വഴക്ക് പറയരുത്.."
അവള്‍ നിന്ന നില്പില്‍ റൂമിലേക്കോടി ..തിരിച്ചു വരുമ്പോള്‍ പുറകില്‍ മറച്ചു പിടിച്ചിരുന്ന ഒരു പ്ലാസ്റ്റിക് കവര്‍ മടിച്ചു മടിച്ച് അവള്‍ അശ്വതിക്ക് നേരെ നീട്ടി .
"ഇതെന്താ ?"
വാങ്ങുന്നതിനിടയില്‍ അവര്‍ ചോദിച്ചു.
"ഒരു വെബ് ക്യാം..എന്റെ എല്ലാ ഫ്രണ്ട്സിനും ഇപ്പൊ ഇതുണ്ട് ..മൊബൈലോ തിരുച്ചു
വാങ്ങി പൂട്ടിവെച്ചിരിക്കുവാ..ഇതിപ്പോ ഒന്നുമില്ലേലും നേരീ കാണാന്‍ പറ്റാത്ത ഫ്രണ്ട്സിനെ മുഖം കണ്ട് സംസാരിക്കാല്ലോ .പിന്നെ മമ്മിക്കു പ്രാണനാഥന്റെ തിരുമുഖം എന്നും ദര്‍ശിച്ചു സായൂജ്യമടയുകയും ആവാം ."
"ഡാഡീടെ മുഖം കാണാനോ അതോ ഫ്രണ്ട്സിനെ കാണാനോ നീയിതു വാങ്ങിയെ ?"
അവര്‍ ചോദ്യ ഭാവത്തില്‍ മകളെ നോക്കി ..
അവള്‍ ചിറികോട്ടി തിരിഞ്ഞു നടന്നു.


പിന്നീടുള്ള വൈകുന്നേരങ്ങളില്‍ സമയസൂചിയുടെ കറക്കങ്ങളറിയാതെ അവള്‍ വെബ് ക്യാമിന് മുന്നില്‍ കുടിയിരുന്നു . കണ്മുന്നില്‍, അകലങ്ങളിലിരുന്നു കുസൃതി കാട്ടുന്ന വിനുവിന്റെ ചിരിക്കുന്ന മുഖം എത്ര കണ്ടിട്ടും മതിയായിരുന്നില്ല.പലപ്പോഴും എങ്ങനേലും നാല് മണിയാക്കി വീട്ടിലേക്കൊരു പറക്കല്‍ തന്നെയായിരുന്നു .

അന്ന്, പതിനൊന്നു മണിയായിക്കാണും ..രഞ്ചു വാച്ചില്‍ നോക്കി ഇനിയും മണിക്കൂറുകള്‍ ബാക്കി .സമയം മുടന്തനെപ്പോലെ ആയാസപ്പെട്ട്‌ ഇഴഞ്ഞു നീങ്ങുന്നു ..മനസ്സ് മുഴുവന്‍ രാവിലെ പാതിയില്‍ മുറിഞ്ഞ വിനുവിന്റെ വാക്കുകളായിരുന്നു.
.....കഷ്ടകാലത്തിനു നേരം നോക്കി ഹെഡ് ഫോണ്‍ പണിമുടക്കി ,...അതോ കണക്ഷന്‍ ഏററൊ? എന്തായാലും എട്ടിന്റെ പണി കിട്ടീന്നു പറഞ്ഞാല്‍ മതീല്ലോ . മണി പത്തായെന്ന മമ്മിയുടെ അന്ത്യശാസനം മറികടക്കാന്‍ വയ്യാഞ്ഞതുകൊണ്ട് മാത്രം ബാഗുമെടുത്ത്‌ ഇറങ്ങിയതാണ് ..ടൈം ടേബിള്‍ പോലും നോക്കിയിരുന്നില്ല
..കയ്യില്‍ കിട്ടിയ ബുക്ക്സോക്കെ വാരി നിറച്ച് ഓടുകയായിരുന്നു ..

'ദൈവം കാത്തു ..വയറു വേദന നന്നായി ഫലിച്ചു .അല്ലാ ഫലിപ്പിച്ചു .ഇനീപ്പോ അവന്‍ ഓണ്‍ലൈനില്‍ കാണുമോ എന്തോ? ഇല്ലെങ്കില്‍ മമ്മീടെ ഫോണ്‍ തന്നെ ശരണം ....'
വീട്ടിലേക്ക്‌ തിടുക്കത്തില്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ അവള്‍ പിറുപിറുത്തു ..

കാരിയറില്‍ നിന്നു ബാഗ് വലിച്ചെടുത്തു അകത്തേയ്ക്ക് പായാന്‍ തുടങ്ങുമ്പോള്‍ തന്റെ റൂമിന്റെ ജനാലയ്ക്കല്‍ അടക്കിപ്പിടിച്ച സംസാരം കേട്ട് അവള്‍ ബ്രേക്കിട്ട പോലെ നിന്നു. കൊളുത്ത് മാറിക്കിടന്ന വാതില്‍ പതുക്കെ അകത്തേയ്ക്ക് തള്ളി . കര്‍ട്ടന്‍ ഒതുക്കി മാറ്റി അകത്തേയ്ക്ക്
നോക്കി . തന്റെ സിസ്റ്റത്തിന് മുന്നില്‍ ഹെഡ് ഫോണ്‍ വെച്ച്‌ അലസമായ് ചിരിച്ച് മമ്മി. വിന്‍ഡോയില്‍ എന്തോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന വിനുവിന്റെ മുഖം . അവന്റെ ചുണ്ടുകള്‍ 'ആന്റീ പ്ലീസ് ' എന്ന് കൊഞ്ചുന്ന പോലെ തോന്നി ..പിന്നീടു കണ്ട കാഴ്ചയില്‍ രഞ്ചിനിയുടെ കാലിലൂടെ ഉച്ചിവരെ ഒരു മിന്നല്‍ പിണര്‍പ്പ് പടര്‍ന്നു കയറി . ക്യാമറയ്ക്ക് പോസ് ചെയ്ത് ഗൌണിന്റെ കുടുക്കുകള്‍ അഴിച്ചു മാറ്റുന്ന മമ്മി ...സ്ക്രീനില്‍ തേനൂറാന്‍ നാവ് നീട്ടും പോലെ വിനു ......

ഛെ !
അവള്‍ ശക്തിയില്‍ ചിനച്ചിട്ടും ശബ്ദം പുറത്ത് വന്നില്ല ..മണ്ണിലുറച്ചു പോയ കാല്‍പ്പാദങ്ങള്‍ വല്ലവിധേനയും വലിച്ചെടുത്തു തിരിഞ്ഞു നടന്നു കാര്‍പ്പോര്‍ച്ചിന്റെ തൂണില്‍ ചാരി അവള്‍ വല്ലാതെ കിതച്ചു .
കണ്‍മുന്നില്‍ രാവിലെ പാതി വഴിയില്‍ മുറിഞ്ഞ ചാറ്റ് ഹിസ്റ്ററിയിലെ അവസാന വരികള്‍..
"രഞ്ചൂ ..അയാം ഗോയിംഗ് ടു ടോക് ടു യുവര്‍ മം... എനിക്ക് ഈ കൊച്ചു സുന്ദരിയില്ലാതെ പറ്റില്ലെന്ന് .."
കാണെക്കാണേ അത് വളഞ്ഞു പുളയുന്നപോലെ പോലെ അവള്‍ക്കു തോന്നി .അക്ഷരങ്ങള്‍ ചുരുണ്ട് കൂടി അട്ടയേപ്പോലെ പുളയ്ക്കുന്നു .ഇപ്പോള്‍ അത് തന്റെ മുഖത്ത് കൂടി ഇഴഞ്ഞ്‌,ഇഴഞ്ഞ്‌ ചുണ്ടിലേക്ക്‌ ..
മേലാകെ വിറച്ചു തുള്ളുന്ന പോലെ ..വല്ലാത്തൊരു വീര്‍പ്പുമുട്ടലില്‍ അവള്‍ക്കു ച്ഛര്‍ദ്ദിക്കാന്‍ തോന്നി..

അകത്ത് വികാരനിര്‍വൃതിയുടെ പരിസമാപ്തിയില്‍ അശ്വതീ മേനോന്‍ ഹെഡ് ഫോണ്‍ ഊരി വെച്ച്‌ ഗൌണിന്റെ കുടുക്കുകള്‍ ക്ഷമയോടെ പഴേപടിയാക്കി എഴുന്നേറ്റു