Saturday, February 5, 2011

പുതിയ സമവാക്യങ്ങള്‍ !!

അന്ന് ഞായറാഴ്ച ആയിരുന്നിട്ടു കൂടി അശ്വതി നേരത്തെ ഉണര്‍ന്നു. അവള്‍ കൈ എത്തി മൊബൈലെടുത്തു ..
"ഓ !..മണി ആറര ആയതേയുള്ളൂ ..."
അനന്തേട്ടന്‍ തിരിഞ്ഞു കിടന്നു നല്ല ഉറക്കത്തിലാണ് ... തൊട്ടിലില്‍ കിങ്ങിണിയും അച്ഛനെപ്പോലെ സുഖ സുഷുപ്തിയില്‍ ..
നേര് പറഞ്ഞാല്‍ ഇന്നിത്ര നേരത്തെ എഴുന്നെല്‍ക്കണ്ട ഒരു കാര്യവുമില്ല.
അനന്തേട്ടന് ഓഫീസ്സില്‍ പോകണ്ടാ. രാവിലെ പ്രത്യേകിച്ച് സര്‍ക്കീട്ടോ കാര്യങ്ങളോ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ലാ താനും ..

എന്നിട്ടും നേരത്തെ ഉണര്‍ന്നു ...
പഠിക്കുന്ന കാലം തൊട്ടേയുള്ള ശീലമാണ് അതിരാവിലെ കൃത്യമായിട്ടുള്ള ഈ ഉണര്‍ന്നെണീക്കല്‍.
അനന്തേട്ടനുമൊത്ത് ഈ നഗരത്തിലേക്ക് കുടിയേറിയപ്പോഴും ആ പതിവ് തെറ്റിയിട്ടില്ല.
"ശ്രീമതി നിദ്രയോട് വിടപറഞ്ഞ സ്ഥിതിക്ക് പതിവ് മുടക്കണ്ടാ ."..
അനന്തന്റെ തല ചരിച്ചുള്ള ചോദ്യം അശ്വതിയെ ചിന്തകളില്‍ നിന്നുണര്‍ത്തി..
"എന്ത് "..?
"പ്രഭാതത്തിന്റെ നവോന്മേഷം "......
"ഓ !...ചായ ...
ശ്രീമാന്‍ പതിവില്ലാതെ ആലങ്കാരിക ഭാഷ ഉപയോഗിച്ചത് കൊണ്ട് ചോദിച്ചതാണേ"..., അവള്‍ എണീറ്റ്‌ മുടി ഒതുക്കി കെട്ടുന്നതിനിടയില്‍ പറഞ്ഞു ..


"അതെന്താ ഇയാള്‍ക്ക് മാത്രമേ ..വിശ്വ സാഹിത്യോം ബ്ലോഗെഴുത്തും പറഞ്ഞിട്ടുള്ളൂ ... മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും ഈ പാവം ഭര്‍ത്താവും വല്ലപ്പോഴും ഇത്തിരി സൌരഭ്യം പൊഴിക്കട്ടെന്റെ ഭാര്യേ".

"ഞാന്‍ എതിരൊന്നും പറഞ്ഞില്ലേ ........ഒരു പത്തു മിനിട്ട് ....ചായ റെഡി .. മോളുണരുന്നോന്നു ശ്രദ്ധിച്ചോണേ "....

അശ്വതി അടുക്കളയിലേക്കു നടന്നു..
പാത്രം മോറുന്നതിനടയില്‍ വടക്കോട്ടുള്ള ജനല്‍പ്പാളി തുറന്നു ..
അതേ.., ആ സ്ത്രീ ഇന്നും മുറ്റത്ത്‌ തന്നെയുണ്ട്‌ ...
നല്ല വേഗത്തില്‍ മുറ്റമടിക്കുന്നു ....എഴുപതോടടുത്തു പ്രായം തോന്നിക്കും ...ഈ പ്രായത്തിലും അവര്‍ വീട്ടു പണിക്കു നില്‍ക്കുന്നതില്‍ അശ്വതി അത്ഭുതപ്പെട്ടു ..


രണ്ടാഴ്ചയോളമായിക്കാണും അവിടെ പുതിയ താമസക്കാര്‍ എത്തിയിട്ട് .. ഭാര്യേം , ഭര്‍ത്താവും പിന്നെ പ്രായം ചെന്ന ആ ജോലിക്കാരി തള്ളയും ..
അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണെന്നത് ഊഹം മാത്രമാണ് ...
കാരണം ഇത്രേം നാളായിട്ട് ഒരിക്കല്‍പ്പോലും അവരെ പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ല ..
എന്തിനു അയലത്തുകാരുടെ പേരു കൂടി അറിയില്ല ...പിന്നല്ലേ അടുപ്പം കൂടല്‍ ..

കുറേ നാളായി അടച്ചു പൂട്ടി കിടന്ന ആ വീട്ടില്‍ പുതിയ താമസക്കാരെത്തിയപ്പോള്‍ ആശ്വാസം തോന്നിയിരുന്നു.. ഏറെക്കുറെ ഒറ്റപ്പെട്ട ഈ പ്രദേശത്ത് ഒന്നു വിളിച്ചാല്‍ക്കൂടി കേള്‍ക്കാന്‍ അടുത്തെങ്ങും ഒരു താമസം ഇല്ലെന്നു പറയാം...വീടെന്നു പറയാന്‍ ആ പാടത്തിനു നടുവിലായി രണ്ട് മൂന്നു ചെറിയ കൂരകള്‍ മാത്രം . നഗരത്തിന്റെ ഒച്ചപ്പാടില്‍ നിന്നും കുറച്ചെങ്കിലും അകന്നൊരു വീട് വേണമെന്നത് തന്റെ നിര്‍ബന്ധമായിരുന്നു ..

ഈ വീട് കാണാന്‍ വന്നപ്പോഴേ അനന്തേട്ടന്‍ എതിര്‍ത്തു,
"നോക്ക് അശ്വതി , ഇവിടുന്നു ഓഫീസിലേക്ക് മിനിമം മുക്കാല്‍ മണിക്കൂറെങ്കിലും ഡെയിലി വണ്ടി ഓടിക്കണം. ആര്‍ക്കെങ്കിലും ചെറിയൊരു കോള്‍ഡ് വന്നാല്‍ക്കൂടി കാണിക്കാന്‍ നല്ലൊരു ക്ലിനിക് ഉണ്ടോ ഇവിടെ ? ...എന്തിന് ചുറ്റുവട്ടത്തെങ്ങും
ഒരു ചെറിയ കട കൂടിയില്ല ...ആകെപ്പാടെ ഒറ്റപ്പെട്ടു കിടക്കുന്ന ഈ ഭാര്‍ഗ്ഗവീ നിലയം എന്തായാലും നമുക്ക് വേണ്ട" .

കാര്യകാരണങ്ങള്‍ അക്കമിട്ടു നിരത്തി പുള്ളിക്കാരന്‍ കുറേ എതിര്‍ത്തെങ്കിലും ഒടുവില്‍ തന്റെ നിര്‍ബന്ധത്തിനു വഴങ്ങുകയായിരുന്നു.

ചൂട് ചായ കപ്പില്‍ പകര്‍ന്നു അവള്‍ അനന്തന്റെ അടുക്കലേക്കു നടന്നു .
"അനന്തേട്ടാ.."
"മം .."
അയാള്‍ മൂളിക്കേട്ടുകൊണ്ട് ചായക്കപ്പു വാങ്ങി.
"ബ്രേക്ക്ഫാസ്റ്റിനു ശേഷം നമ്മള്‍ അപ്പുറത്തെ വീട്ടിലേക്കു പോകുന്നു ...പുതിയ അയല്‍ക്കാരെ അങ്ങോട്ട്‌ ചെന്ന് പരിചയപ്പെടുന്നതാണ് മര്യാദ."
"അത് വേണോ? അയലത്തുകാരന്റെ സ്വസ്ഥതയിലേക്ക് ആവിശ്യമില്ലാതെ കല്ലെറിയാന്‍ ചെല്ലെരുതെന്നാണ് അണ്‌ കുടുംബ വ്യവസ്ഥിതിയുടെ ആപ്തവാക്യം ..അത് കൊണ്ട് പ്രത്യേകിച്ചൊരു അജന്തയുമില്ലാത്ത ഈ സന്ദര്‍ശന പരിപാടി റദ്ദു ചെയ്യുന്നതല്ലേ ഉചിതം" ,
അയാള്‍ പത്രം നിവര്‍ത്തി സിറ്റ്ഔട്ടിലെ പടിക്കെട്ടിലെക്കിരുന്നു കൊണ്ട് പറഞ്ഞു ..

"അതിനിപ്പം അവിടെ ബന്ദും ഹര്‍ത്താലുമൊന്നും പ്രഖ്യാപിക്കാന്‍ പോകുവല്ലല്ലോ കല്ലെറിയാനായിട്ട്‌...പ്ലീസ് അനന്തേട്ടാ ..ഏറിയാലൊരു പതിനഞ്ചു മിനിട്ട് ..അതില്‍ കൂടുതല്‍ വേണ്ട ... എനിക്കെന്തോ അവരെപ്പറ്റി കൂടുതല്‍ അറിയാന്‍ ഒരാകാംക്ഷ ..
അവിടെ എന്തോ അസാധാരണമായി .................എന്താ പറയുക ....അങ്ങനെ ഒരു തരം ഫീല്‍ ..."

അശ്വതി പകുതിക്ക് നിര്‍ത്തി ...

"ഓ ...രോഗം ഇപ്പൊ പിടികിട്ടി ...ഭവതിയുടെ കഥാ സരിത് സാഗരം കുറേ നാളായി വരണ്ടുണങ്ങി കിടക്കുകയാണല്ലോ ...വേനലിലെ മഴത്തുള്ളി തേടിയുള്ള യാത്രയാണ് ഉദ്ദേശം ....എന്തായാലും അതിരാവിലെ തന്നെ ഞാനില്ല ..വൈകിട്ടോ മറ്റോ നോക്കാം ...."

"അതല്ലേട്ടാ കാര്യം.. അവരവിടെ താമസം തുടങ്ങീട്ടു ഏതാണ്ട് രണ്ടാഴ്ച ആയില്ലേ ....ആ ജോലിക്കാരി തള്ളെ മാത്രമേ പുറത്തങ്ങനെ കാണാറുള്ളൂ ...ഒരു തവണയോ മറ്റോ ആ ചെറുപ്പക്കാരി പെണ്ണ് മുടിയിലെ ഉടക്ക് കളഞ്ഞ് മുറ്റത്ത്‌ നില്‍ക്കുന്നുണ്ടായിരുന്നു. .സാധാരണ ഒരു പുതിയ സ്ഥലത്ത് താമസം തുടങ്ങുന്നവര്‍ അങ്ങനെയാണോ ? ഒന്നുമില്ലെങ്കിലും വീടും പരിസരവും ഒന്നു ചുറ്റക്കാണുകയെങ്കിലും ചെയ്യില്ലേ ...
ഇത് , അയാളെ വന്നന്ന് കണ്ടേന് ശേഷം പിന്നെ ഇത് വരെ വീട്ടു മുറ്റത്ത്‌ പോലും കണ്ടിട്ടില്ലാ....ഞാന്‍ പറഞ്ഞില്ലേ എന്തൊക്കെയോ നിഗൂഡതകള്‍ ..........ഒരു പക്ഷേ എന്റെ തോന്നലാവാം....... എന്നാലും............."


"എന്റെ പൊന്നു ഭാര്യേ ...ഭാവന നല്ലതാ .....അതിനെ ജീവിതവുമായി കൂട്ടിക്കുഴയ്‌ക്കുന്നത് ശുദ്ധ വിവരക്കേടെന്നു മാത്രമേ പറയാനാകൂ ...ഇപ്പൊ ഈ പറഞ്ഞു വെച്ചതിന്‌ എന്ത് ലോജിക്കാ ഉള്ളെ ...അവര് വീടിനു പുറത്തിറങ്ങുന്നതും,അകത്തു കേറുന്നതുമെല്ലാം നിന്നേ ഫോണ്‍ ചെയ്തറിയിച്ചിട്ടാ...ഇരുപത്തി നാല് മണിക്കൂറും നീ അവരെ ഫോക്കസ് ചെയ്തിരിക്കുവാണോ ? അല്ലല്ലോ ...... അവരെ അവരുടെ പാട്ടിനു വിട്ടേക്ക് ....."
അയാള്‍ പത്രത്തിലേക്ക് മുഖം താഴ്ത്തി .... അശ്വതി കുറച്ചു നേരം കൂടി അതേ നില്‍പ്പ് തുടര്‍ന്നു .....പിന്നെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അകത്തേയ്ക്ക് തിരിഞ്ഞു നടന്നു ...


ഉച്ചയ്ക്കൊരു പന്ത്രണ്ടര കഴിഞ്ഞു കാണും...അശ്വതി ചോറും കറികളും പാത്രത്തിലേക്ക് പകര്‍ന്നു കൊണ്ട് നില്‍ക്കുകയായിരുന്നു . പെട്ടെന്ന് അപ്പുറത്ത് നിന്നും ഉച്ചത്തിലുള്ള സംസാരോം ബഹളോം കേട്ടു...അവള്‍ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി ..അതേ, ആ വീട്ടില്‍ നിന്നു തന്നെയാണ് ...ഭാര്യേം ഭര്‍ത്താവും കൂടി വേലക്കാരി തള്ളയോട് കയര്‍ക്കുകയാണ്‌ ... അവള്‍ക്കു കാര്യം മനസ്സിലായില്ല....


"മൂന്നു നേരം വെട്ടി വിഴുങ്ങിയാപ്പോരാ ...മേലനങ്ങി എന്തേലും പണിയെടുക്കണം ..." അയാളുടെ ശബ്ദമാണ് ..

"നിങ്ങളോട് ഞാന്‍ അന്നേ പറഞ്ഞതാ, മുതുക്കി തള്ള ഭാരമാകത്തേയുള്ളന്ന് ..ഇപ്പൊഴോ ? "..
അതയാളുടെ ഭാര്യയാണ് ...
അതിനു മറുപടിയായി പ്രായം ചെന്ന സ്ത്രീ പതിഞ്ഞ ശബ്ദത്തില്‍ എന്തോ പറഞ്ഞു ... പിന്നെ കണ്ടത് യുവതി കാലുയര്‍ത്തി മുന്നോട്ടാഞ്ഞ്‌ തള്ളയെ ഒറ്റ തൊഴിക്കലാണ്...

അയ്യോ! അവര്‍ക്കൊപ്പം അശ്വതിയും നിലവിളിച്ചു പോയി .
"അനന്തേട്ടാ.... അവള്‍ നീട്ടി വിളിച്ചു ... ഒന്നിങ്ങോട്ടു വന്നേ വേഗം ...."

വിളിച്ചു തീരും മുന്‍പേ അയാള്‍ ഓടിയെത്തിയിരുന്നു ...
"എന്താ ...എന്ത് പറ്റി ..."
അയാള്‍ സംഭ്രമത്തോടെ ചോദിച്ചു ..
"അതാ ...അവിടെ..." അവള്‍ അപ്പുറത്തേയ്ക്ക് കൈ ചൂണ്ടി..
"എന്താ വഴക്കാണോ ?"
ആ സ്ത്രീ ഇപ്പോള്‍ കുത്തിയിരുന്നു കരയുകയാണ് ... അയാളേം, ഭാര്യേം കാണുന്നില്ല .....
"എന്താ കാര്യം" ..?

അനന്തന്‍ വീണ്ടും ചോദിച്ചു ..
"അവര്‍ ആ സ്ത്രീയെ തൊഴിച്ചു വീഴ്ത്തി ....ഒരു പാട് ചീത്തേം വിളിച്ചു ....മനുഷ്യത്വമില്ലാത്ത ദ്രോഹികള്‍ .. ഒന്നുമില്ലേലും അവരുടെ പ്രായമെങ്കിലും നോക്കണ്ടേ.. വേലക്കാരിയാണെന്ന്‍ വെച്ച്‌ ഇങ്ങനെ ചെയ്യാമോ ?
അവരായിട്ടാ ..അല്ലെങ്കില്‍ ഇന്നത്തെക്കാലത്ത് .".....

അശ്വതി പിന്നെയും എന്തൊക്കെയോ പിറ് പിറുത്തു കൊണ്ട് പ്ലേറ്റിലേക്ക് ചോറ് വിളമ്പി ...
"എന്തെങ്കിലും ആകട്ടെ ..നീ ശ്രദ്ധിക്കാന്‍ നില്ക്കണ്ടാ ....അതവരുടെ കാര്യം .. ബെസ്റ്റ് ടീം തന്നെ ...എന്തായാലും രാവിലെ പോകാതിരുന്നത് നന്നായി .."

അതും പറഞ്ഞു അനന്തന്‍ ഡൈനിംഗ് റൂമിലേക്ക്‌ നടന്നു..


രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും അശ്വതിയുടെ മനസ്സ് നിറയെ ഉച്ചയ്ക്കലത്തെ സംഭവമായിരുന്നു..അത് കണ്ടത് മുതല്‍ ഒരു തരം അസ്വസ്ഥത മനസ്സിനെ വീര്‍പ്പു മുട്ടിക്കുന്നു..
"അനന്തേട്ടന്‍ ഉറങ്ങിയോ ?
അവള്‍ അയാള്‍ക്ക്‌ നേര്‍ക്ക്‌ തിരിഞ്ഞു കിടന്നു ചോദിച്ചു.
"ഇല്ലാ ..എന്തേ " ?
"അല്ലാ, ഞാനിപ്പോഴും അവരെക്കുറിച്ചാലോചിക്കുവാരുന്നു...."
"ആരെക്കുറിച്ച് .." ?
"അപ്പുറത്തെ വീട്ടിലെ" ......
"നീ ഇത് വരെ അത് കളഞ്ഞില്ലേ ?....?
"ഇല്ല ഏട്ടാ ... അത് മനസ്സീന്നു പോകുന്നില്ലാ" ..

"അശ്വതീ..., ചെറിയ കാര്യങ്ങളോട് പോലും നിനക്ക് വല്ലാത്ത സോഫ്റ്റ് കോര്‍ണറാ .. ഒരു പക്ഷേ നിന്റെ എഴുത്തിന്റേം വായനേടെം ഒക്കെ ഒരു റിഫ്ലെകഷന്‍ ആകാം ...ഒരു ദിവസം പുലര്‍ന്നു അസ്തമിക്കുന്ന വരെ നമ്മള്‍ എന്തെല്ലാം കാണുന്നു .....ഗുഡ് ആന്‍ഡ്‌ ബാഡ് ..അതില്‍ പലതിനും നമ്മളുമായി നേരിട്ടോ അല്ലാതെയോ ഒരു ബന്ധവും കാണില്ല ... അതെല്ലാം മനസ്സില്‍ കൊണ്ട് നടക്കാന്‍ പറ്റുമോ? അത് ആവിശ്യമില്ലാത്ത സ്‌ട്രെസ് വരുത്തി വെയ്ക്കും..സൊ ,യു ജെസ്റ്റ് ലീവ് ഇറ്റ് ..ദാറ്റ്സ്‌ ബെറ്റര്‍ ".

"അതല്ലാ ..ഞാന്‍ ആ തള്ളയെക്കുറിച്ചാ ആലോചിക്കുന്നെ .....ഇത്രേം പ്രായം ചെന്ന സ്ത്രീയെ ആരെങ്കിലും വീട്ടു ജോലിക്ക് വിടുമോ ? അതും സ്ഥിരമായി അവിടെ തന്നെ .....അവര്‍ക്ക് വീടും വീട്ടുകാരും ഒന്നും കാണില്ലേ ....ഭര്‍ത്താവും ..മക്കളുമൊക്കെ ഉണ്ടെങ്കില്‍ , അവര്‍ അവരെ ഇങ്ങനെ കഷ്ടപ്പെടാന്‍ വിടുമോ ? ഒരു പക്ഷേ അവര്‍ ഇവരെ ഉപേക്ഷിച്ചതാകുമോ ? അതോ ഇനി അവര്‍ ആരുമില്ലാത്തവരാകുമോ? ജീവിക്കാന്‍ വേറെ ഗതിയില്ലാത്തത് കൊണ്ട് ഇവരോടൊപ്പം" .....
അശ്വതി ആ വാചകം പൂരിപ്പിച്ചില്ല.

"എന്റശ്വതീ , നിന്നേക്കൊണ്ടു ഞാന്‍ തോറ്റു....അവരാരെങ്കിലും ആകട്ടെ ....എങ്ങനേലും ജീവിക്കട്ടെ ... അതല്ല വിടാന്‍ ഉദ്ദേശമില്ലെങ്കില്‍ നല്ലൊരു കഥയ്ക്കുള്ള സ്കോപ്പുണ്ട്...."അയല്‍ വീട്ടിലെ നിഗൂഡതകള്‍" എന്നോ മറ്റോ കിടിലന്‍ ഒരു പേരും കൊടുക്കാം ...കുത്തിയിരുന്നു നേരം വെളുപ്പിച്ചോ ...എനിക്കുറങ്ങണം ....നാളെ ഓഡിറ്റിംഗ് ഉള്ളതാ ..നേരത്തെ പോണം .....ഗുഡ് നൈറ്റ് ."...
അവള്‍ പിന്നെയും ഓരോന്നാലോചിച്ച് അങ്ങനെ കിടന്നു ...ഇടയ്ക്ക് കുഞ്ഞുണര്‍ന്നത്‌ ഉറക്കത്തേയും ചിന്തകളേം ഒരു പോലെ മുറിച്ചു ..


രാവിലെ അനന്തന് കൊണ്ട് പോകാനുള്ള ടിഫിന്‍ ബോക്സ് പായ്ക്ക് ചെയ്തു ടേബിളില് വെച്ചിട്ട് കിച്ചണിലേക്ക് വന്നതാരുന്നു അശ്വതി ... അപ്പുറത്തെ വീട്ടീന്ന് ഒരു കരച്ചില്‍ കേള്‍ക്കുന്ന പോലെ ..അതോ തോന്നുന്നതാണോ ......അല്ലാ ശരിക്കും ...അതെ.., അതവരുടെ ശബ്ദം തന്നെ ...മുറ്റത്തെങ്ങും ആരേം കാണുന്നില്ല.. അപ്പോള്‍ അകത്തു നിന്നു തന്നെ... അവര്‍ വീണ്ടും ആ സ്ത്രീയെ ഉപദ്രവിക്കുകയായിരിക്കുമോ? അവളുടെ മനസ്സില്‍ ഒരു പാട് ചോദ്യങ്ങള്‍ ഓടി മറഞ്ഞു.

ഇപ്പോള്‍ വൃദ്ധയുടെ തേങ്ങിക്കരച്ചില്‍ കുറച്ചു കൂടി ഉച്ചത്തിലായ പോലെ ...അശ്വതി പുറത്തേയ്ക്കിറങ്ങി ..ആരോ പിടിച്ച് വലിക്കുന്ന പോലെ അവള്‍ മുന്നോട്ടു നടന്നു ...മതിലിനും ..ഗേറ്റിനും ഇടയിലുള്ള ചെറിയ വിടവിലൂടെ അകത്തേയ്ക്ക് കടന്നു ....തെക്ക് വശത്തെ മുറിയില്‍ നിന്നാണ് സംസാരം .... ജനാല തുറന്നു കിടക്കുകയാണ് ...അവള്‍ പതുക്കെ ശബ്ദമുണ്ടാക്കാതെ അവിടേക്ക് നടന്നു ...ജനല്‍ കര്‍ട്ടന്‍ താഴേന്നു പതുക്കെ മാറ്റി നോക്കി ...ജനലിനോട്‌ ചേര്‍ന്ന് അലമാര വെച്ചിരിക്കുന്നതിനാല്‍ കാഴ്ച വ്യക്തമല്ല ...അവള്‍ കഴിയാവുന്നത്ര തല എത്തിച്ചു നോക്കി ..തള്ള നിലത്തു കുനിഞ്ഞിരുന്ന് അയാളുടെ കാലില്‍ കെട്ടിപ്പിടിച്ചു തേങ്ങുകയാണ് ...അവരുടെ സംസാരം ഇപ്പോള്‍ വളരെ വ്യക്തമാണ് ....

"അശ്വതീ ".....അനന്തന്റെ നീട്ടിയുള്ള വിളി കേട്ട് അവള്‍ ഞെട്ടി മാറി .. വല്ലാതെ കിതച്ചു കൊണ്ട് വീണ്ടും അകത്തേയ്ക്ക് നോക്കി ...അവളെ വിറയ്ക്കാന്‍ തുടങ്ങിയിരുന്നു ....
"അശ്വതീ ..നീ എവിടെയാ "?.....അനന്തന്‍ അടുക്കള വശത്തുനിന്നു നിന്നു ഉച്ചത്തില്‍ വിളിക്കുന്നു....അശ്വതി തിരിഞ്ഞോടി ...... അയാളുടെ മുന്നില്‍ എത്തിയ ശേഷമാണ് ഓട്ടം നിര്‍ത്തിയത് ....

...

"കുഞ്ഞു തൊട്ടിലില്‍ ഉണര്‍ന്നു കിടക്കുവാ .."
"നീ രാവിലെ തന്നെ എന്തിന് പോയതാ അവിടെ? ഓക്കേ ഞാനിറങ്ങുന്നു ..ഇപ്പൊ തന്നെ ലേറ്റ് ആയി ."..

"അനന്തേട്ടാ ....അ..വിടെ .....ആ സ്ത്രീ ...അ..വ..ര്‍ ...." അശ്വതി കിതപ്പിനും വെപ്രാളത്തിനുമിടയില്‍ പറഞ്ഞൊപ്പിക്കാന്‍ പാട് പെട്ടു...


"ഓക്കേ ..ഓക്കേ ...നീ കുഞ്ഞിന്റടുത്തോട്ടു ചെന്നേ ... വൈകിട്ട് പറയാം" അയാള്‍ ഏതോ നമ്പര്‍ ഡയല്‍ ചെയ്തു മൊബൈല്‍ ചെവിയോടു ചേര്‍ത്ത് കാറിനുള്ളിലേക്ക് കയറിക്കഴിഞ്ഞിരുന്നു.. ..

അശ്വതി അത് നോക്കി അവിടെ തന്നെ അനങ്ങാതെ നിന്നു.. കാര്‍ മുന്നോട്ടെടുക്കുമ്പോള്‍ ഒരിക്കല്‍ക്കൂടി അയാള്‍ അശ്വതിയെ നോക്കി ....അവള്‍ ഇപ്പോഴും അതെ നില്‍പ്പാണ് ...ഷോക്കടിച്ച പോലെ .......

അകന്നു പോകുന്ന വാഹനം നോക്കി , അശ്വതി സ്ഥലകാല ബോധമില്ലാതെ അപ്പോഴും പിറ്പിറുക്കുന്നുണ്ടായിരുന്നു....
"ആ ...സ്ത്രീ..... അയാളുടെ .....അമ്മ..യാണ് ..
അയാ....ളുടെ....സ്വന്തം................

No comments:

Post a Comment