Saturday, February 5, 2011

ഒരു നൊമ്പരം പോലെ

"എടീ രമേ ..........നീ ഇതെവിടെ ചത്ത്‌ കിടക്കുവാ ?...നിന്റെ അസത്തു ചെക്കന്‍ ബക്കറ്റിലെ ചൂട് വെള്ളം ഇപ്പൊ തലവഴി കോരിയൊഴിക്കും..!
അങ്ങനേലും ഒന്നു തൊലഞ്ഞു കിട്ടിയാല്‍ മതീരുന്നു ....എന്നാലും നാട്ടുകാര് വെറുതേ വിടത്തില്ലല്ലോ... തന്തയില്ലാത്തോണ്ടു ശല്യമൊഴിക്കാന്‍ കൊന്നതാന്ന് പറയില്ലേ "..!
കാര്‍ത്തിയാനിയമ്മ രാവിലെ തന്നെ മകളോട് കയര്‍ത്തു തുടങ്ങി ..

രമയെ ഭര്‍ത്താവ് ശശാങ്കന്‍ അവളുടെ വീട്ടില്‍ കൊണ്ടാക്കി പോയിട്ട് മാസം നാല് കഴിഞ്ഞിരിക്കുന്നു ..ഇതിനിടയ്ക്ക് പേരിനു പോലും ഒന്നു തിരിഞ്ഞു നോക്കിയിട്ടില്ല ....ആദ്യമൊക്കെ ഇന്ന് വരും ..നാളെ വരും എന്നൊക്കെ പറഞ്ഞ് ഭര്‍ത്താവിനെക്കുറിച്ച് തിരക്കുന്നവരില്‍ നിന്ന് രമ ഒരു വിധം തടിതപ്പിയിരുന്നു ...വന്നു വന്നിപ്പോള്‍ തന്ത ഇട്ടേച്ചു പോയ കൊച്ചിനെ ചുമക്കുന്നവള്‍ എന്ന മട്ടിലായിരിക്കുന്നു നാട്ടുകാരുടെ നോട്ടവും സംസാരവും ....

മോളെ കെട്ടിയോനിട്ടേച്ചു പോയതിലല്ല കാര്‍ത്തിയാനിയമ്മയ്ക്ക് വേവലാതി ...നശിച്ചവനെ പറിച്ചു വെച്ചപോലെ ഒരു വിത്തിനെ കൊടുത്തിട്ട് പോയതിലാണ് ...ഈ ചെക്കന്‍ കാരണമാണ് പുറത്തിറങ്ങാന്‍ പറ്റാതായ തെന്നവര്‍ അവര്‍ കരുതിപ്പോരുന്നു .... ..

"ഇന്ന് വടക്കേല് തള്ള നേരത്തെ തന്നെ തുടങ്ങിയല്ലോ ..."
അടുക്കള ഭാഗത്തേയ്ക്ക് വന്ന അമ്മയോടായി പറഞ്ഞു..

വാര്യത്തെ വീടിന്റെ നേരെ വടക്കേതാണ് രമയുടെ വീട് .വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരം മാത്രം.

"അതേ ..അതെ..ആ കൊച്ചിന്റെ കാര്യം ഒന്നോര്‍ത്താല്‍ കഷ്ടം തന്യാ ....ഏതു നേരവും അതിനെ തെറി വിളിക്കലാ തള്ളയ്ക്കു പണി ..തരം കിട്ടിയാല്‍ മേല് നോവിക്കുകേം ചെയ്യും ..
തന്ത ഇട്ടേച്ചു പോയേന് അതെന്തു പിഴച്ചു . ഒന്നുവില്ലേല് അതൊരു പൊടിക്കുഞ്ഞാണെന്നോര്‍ക്കണം .
അയാള് ഇപ്പൊ വരാറേ ഇലേ അമ്മേ .? "
പല്ല് തേക്കുന്നതിനിടയില്‍ ഉമ ചോദിച്ചു .
"ആ ! ആര്‍ക്കറിയാം ...പെണ്ണ് വീട്ടീ വന്നു നിക്കാന്‍ തുടങ്ങിയതീപ്പിന്നെ നമ്മളുമായിട്ടു വലിയ സഹകരണമൊന്നുമില്ല അവിടാര്‍ക്കും ..നാണക്കേടോര്‍ത്തിട്ടാകും...ഒന്നു കിട്ടിയാല്‍ ഒമ്പതാക്കി പറേന്ന നാട്ടുകാരേം പേടിക്കണോല്ലോ..എങ്ങനെ നടത്തിയ കല്യാണമായിരുന്നു ആ കൊച്ചിന്റേത്..സ്വര്‍ണോം ..പണോം ഒട്ടും കുറവില്ലാതെ കൊടുത്തയച്ചതാ ..മാളിയേക്കല്‍ തറവാടിന്റെ നിലേംവെലേം നല്ലോണം കാത്തു തന്നാ ശ്രീധരന്‍ മോളെ പറഞ്ഞയച്ചത് ..എന്നിട്ടും ............"
അവര്‍ പകുതിയില്‍ നിര്‍ത്തി ..

"അയാള്‍ക്ക്‌ ദുബായിലാ പണീന്ന് പറഞ്ഞല്ലേ കല്യാണം നടത്ത്യേ ..? "
ഉമ എന്തോ ഓര്‍ത്തിട്ടെന്നോണം ചോദിച്ചു..

"അതേ ..പക്ഷേങ്കീ ..കല്യാണം കഴിഞ്ഞു കൊല്ലം നാലായിട്ടും അവന്‍ പിന്നേ തിരിച്ചു പോയിട്ടില്ലാല്ലോ ..അവിടെന്തോ വശപ്പിശകായിട്ടു വന്നാ കല്യാണം കൂടീതെന്നാ ആള്‍ക്കാര് പറേന്നെ ..കള്ളും , കഞ്ചാവുമായിട്ട് ആ പെണ്ണിന് ഒരു സ്വൈര്യവും കൊടുക്കണില്ലായിരുന്നത്രേ !
നമ്മുടെ കളത്തിലെ ശ്രീദേവീടെ മോളെ അയച്ചിരിക്കുന്നത് അതിനടുത്തല്ലേ ..അവര് പറഞ്ഞുള്ള അറിവാ.........
ചക്കേം മങ്ങേം പോലെ മനുഷ്യന്റെ ഉള്ളു തുരന്ന് നോക്കാന്‍ പറ്റുമോ? ആ പെണ്ണിന്റെ ഒരു തലേ വര ..! അല്ലാതെന്തു പറയാന്‍ ! അല്ലങ്കീ എത്ര നല്ല ആലോചനകള് വന്നതാ ..
'പെണ്ണിന്റെ കഴുത്തേ താലി ച്ച രട് വീഴുന്നത് വിധി പോലെ ' എന്ന് പണ്ടുള്ളോര് പറേന്നെ എത്ര ശരിയാ ..."
അമ്മിണിയമ്മ പാത്രം മോറിക്കൊണ്ട്‌ പറഞ്ഞു ..

"അവളെക്കാള്‍ രണ്ടു കൊല്ലം മുന്പയച്ചതാ നിന്നേം ........................
അവര്‍ പറയേണ്ടിയിരുന്നില്ലാ എന്ന മട്ടില്‍ ഉമയെ നോക്കി ..പിന്നേ തല താഴ്ത്തി അകത്തേയ്ക്ക് നടന്നു..

ഉമയുടെ മുഖം പൊടുന്നനെ വിവര്‍ണ്ണമായി ..
ശരിയാണ് ..തന്റേം വിശ്വേട്ടന്റെം വിവാഹം കഴിഞ്ഞിട്ട് നാല് കൊല്ലം കഴിഞ്ഞിരിക്കുന്നു ...ഒരു കുഞ്ഞിന്റെ കളിക്കൊഞ്ചല്‍ കേള്‍ക്കാനുള്ള ഭാഗ്യം ദൈവം ഇത് വരെ തന്നില്ല ..രണ്ടു പേര്‍ക്കും ഒരു കുഴപ്പവുമില്ലെന്നു കണ്ട ഡോക്ടര്‍മാരൊക്കെ മാറി മാറിപ്പറഞ്ഞു ....
പൂജയും മന്ത്രങ്ങളും മുറ തെറ്റാതെ മറ്റൊരു വഴിക്കൂടെയും ...
എന്നിട്ടും മനസ്സ് നീറ്റാന്‍ മാത്രമായിരുന്നു വിധി..
'"നമ്മുടെ മാവും ഒരു നാള്‍ പൂക്കും ഉമേ ...നീയിങ്ങനെ മനസ്സ് വിഷമിപ്പിക്കാതെ" .......
വിശ്വേട്ടന്റെ ഒരി സ്ഥിരം പല്ലവിയായിട്ടു മാറിയിട്ടുണ്ട് ഇത് ....
തന്നെ ആശ്വസിപ്പിക്കാന്‍ പറെന്നതോ ..അതോ സ്വയം ആശ്വസിക്കുന്നതോ ? അറീല്ല ...പാവം ..

ഉമ പെട്ടെന്ന് രമേയെയും കുഞ്ഞിനേം കുറിച്ചാലോചിച്ചു ....
അവരാണെങ്കില്‍ ആ കുഞ്ഞിനെ ക്കൊണ്ട്‌ പൊറുതി മുട്ടിയിരിക്കുന്നു ...
നാട്ടുകാരുടെ ചോദ്യം ചെയ്യല്‍ പോലെയുള്ള അന്വേഷണങ്ങള്‍ അവരെ പൊറുതി മുട്ടിച്ചിരിക്കുന്നു......
ആളുകളെ പേടിച്ചെന്നോണം അവള്‍ അമ്പലത്തില്‍ പോലും പോകാറില്ലെന്ന് തോന്നുന്നു ... ..
അല്ലെങ്കില്‍ സഹതാപവും ..പരിഹാസവും കലര്‍ന്ന ആശ്വസിപ്പിക്കലുകളെ അവള്‍ വെറുത്തു തുടങ്ങിയിട്ടുണ്ടാവും .....

ഒരു തരത്തില്‍ ഇത് തന്നെയല്ലേ തന്റെയും അവസ്ഥ ....ഇവിടെ വന്നപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്‌ വരുന്നവരുടെം പോകുന്നവരുടെം ചോദ്യശരങ്ങള്‍ ..
ഇത് വരേം ഒന്നുമായില്ല അല്ലേ ...?..ഇപ്പഴും ട്രീട്മെന്റിലാണോ ? വിശ്വന്‍ പിന്നെ ജോലി സ്ഥലത്തേയ്ക്ക് തിരിച്ചു പോയില്ലേ ?
എല്ലാ ചോദ്യങ്ങള്‍ക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്നത് ഒരുത്തരത്തിലേക്കുള്ള വഴി മാത്രം ..
ദൈന്യതയുടെ കരുവാളിപ്പുള്ള ആ ഉത്തരം ..അത് കേള്‍വിക്കാരന് പകര്‍ന്നു നല്‍കുന്ന ഒരുതരം സംതൃപ്തി ..!
"അം ...മ്മേ .."
വിറച്ചു ..വിറച്ചുള്ള ആ വിളികേട്ടാണ് ഉമ തിരിഞ്ഞു നോക്കിയത് ...
തൊട്ടു പിന്നില്‍ ആ കൊച്ചു മിടുക്കന്‍ ..രമയുടെ നാല് വയസുകാരന്‍ അപ്പു ..
ഒരു നിമിഷം ഉമ തരിച്ചു നിന്നുപോയി ............
"എന്താ മോന്‍ വിളിച്ചേ ...കേക്കട്ടെ ..ഒന്നൂടെ വിളിച്ചേ !..."
വര്‍ഷങ്ങളുടെ പ്രാര്‍ഥനയില്‍ കേള്‍ക്കാന്‍ കൊതിച്ച വാക്ക് കേട്ട് ഉമയുടെ ശബ്ദം ഇടറിയിരുന്നു .........
ആ കുസൃതിക്കുരുന്നിനെ എടുത്തുയര്‍ത്തി നെഞ്ചോട്‌ ചേര്‍ക്കുമ്പോള്‍ പ്രസവിക്കാത്ത ഒരമ്മയുടെ നെഞ്ചു ചുരന്ന വാത്സല്യം തേന്‍മഴയായ് പെയ്തിറങ്ങി ................

No comments:

Post a Comment