Saturday, February 5, 2011

വേതാളം പറഞ്ഞ കഥ - ഉത്തരാധുനികം ..

വേതാളത്തെയും ചുമന്നുള്ള വിക്രമാദിത്യ മഹാരാജാവിന്‍റെ യാത്ര കുന്നും മലയും, കല്ലും മുള്ളും താണ്ടി ഏറെ ദൂരം പിന്നിട്ടിരുന്നു .അവസാനത്തെ കഥ പറഞ്ഞു തീര്‍ന്നിടത്ത് നിന്ന് തുടങ്ങിയ യാത്രയാണ്..ദാഹം തീര്‍ക്കാന്‍ കൂടി എങ്ങും നിന്നിട്ടില്ല.

" രാജാവേ.., അങ്ങു ക്ഷീണിതനായെന്കില്‍ ഇനി അല്‍പ നേരം വിശ്രമിച്ച്‌ ക്ഷീണം തീര്‍ത്തിട്ടാകം മുന്നോട്ടുള്ള യാത്ര ...യാത്രാ മദ്ധ്യേ ഞാനൊരു പുതിയ കഥ പറയുകയും ആവാം..."

"വേണ്ട വേതാളമേ ...നമുക്ക് പുതിയ കഥ കേള്‍ക്കാന്‍ തിടുക്കമായി ...അതിനു ശേഷമാവാം വിശ്രമം ..അങ്ങു കഥ തുടങ്ങിക്കോളൂ. "

" എല്ലാ കഥയുടെയും അവസാനം തന്നെ കുരുക്കുന്ന ചോദ്യമാണെന്നറിഞ്ഞിട്ടും താങ്കളുടെ ഈ ആവേശം എന്നെ അദ്ഭുദപ്പെടുത്തുന്നു ."

".വേതാളമേ ഓരോ കഥയും അറിവിന്‍റെ പുതിയ അദ്ധ്യായങ്ങളാണ് എനിക്ക് പകര്‍ന്നു തരുന്നത്..എന്‍റെ ബോധ മണ്ഡലത്തിന്‍റെ വെളിച്ചവും ഈ കഥകള്‍ തന്നെ ..അങ്ങു മടിക്കാതെ തുടങ്ങിക്കോളൂ .."
.
ഈ കഥ നടക്കുന്നത് കുറച്ചു തെക്കുള്ള വാമനപുരം എന്ന ഗ്രാമത്തിലാണ്...അവിടെയാണ് ബാങ്ക് ക്ലാര്‍ക്ക് ശശീന്ദ്രനും കുടുംബവും താമസിച്ചു പോന്നത് ...ശശീന്ദ്രന്റെ ഭാര്യ ശ്രീകല രണ്ടു വര്ഷം മുന്‍പ് കാന്‍സര്‍ പിടിപെട്ടു മരിച്ചിരുന്നു ...അതിനു ശേഷം അയാളും മൂത്ത മകള്‍ പതിനാലു വയസ്സുകാരി ശ്രീജയും ,അനിയന്‍ അഞ്ചാം തരംകാരന്‍ ശ്രീജിത്തും ആണ് അവിടെ താമസിച്ചു പോന്നത് ..ശ്രീകലയുടെ മരണ ശേഷം ശശീന്ദ്രന്‍ ജീവിക്കുന്നത് തന്നെ മക്കള്‍ക്ക്‌ വേണ്ടി മാത്രമാണെന്ന് നാട്ടില്‍ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്....

അമ്മയുടെ മരണ ശേഷം വീട്ടു കാര്യങ്ങള്‍ നന്നായി നോക്കി നടത്തി ശ്രീജ അമ്മയ്ക്ക് പകരക്കാരിയായി . പാചകവും , തുണി അലക്കലും,ഇസ്തിരി ഇടലും ഒന്നിലും സമയക്കുറവു ഒരു കാരണമായി അവള്‍ക്കു തോന്നിയിട്ടില്ല ...സ്വന്തം പഠിപ്പ് മുടങ്ങുമെന്ന അവസ്ഥയിലും അവള്‍ അനിയന്റെ ഭാവിയില്‍ ഉത്കണ്ഠപ്പെട്ടു ..കളി പറഞ്ഞു പൊട്ടിച്ചിരിച്ചു തുള്ളിച്ചാടി നടക്കേണ്ട പ്രായത്തില്‍ കാലം അവളെ പക്വമതിയായ ഒരു കുടുംബിനിയുടെ കുപ്പായമണിയിച്ചു.

അവളുടെ വീട്ടു മുറ്റത്തു ഇന്ന് പതിവില്ലാത്ത ആള്‍ക്കൂട്ടം.. .മനസ്സില്‍ നന്മ മാത്രം കൊണ്ട് നടന്ന ആ മാലാഖയും കളങ്കിതയാക്കപ്പെട്ടിരിക്കുന്നു...ആ നിഷ്കളങ്കത കടിച്ചു കീറിയ കാട്ടാളന്‍ നാട്ടുകാരാല്‍ ബന്ധനസ്ഥനാക്കപ്പെട്ടിരിക്കുന്നു. അവര്‍ അവനെ നന്നായി ഭേദ്യം ചെയ്യുന്നുണ്ട് ...ചിലര്‍ കാതു പൊട്ടുന്ന തെറികള്‍ വിളിക്കുന്നു ...എല്ലാം കണ്ടും കേട്ടും നിസ്സംഗത സ്ഫുരിക്കുന്ന കണ്ണുകളുമായി ഒരു നരാധമന്‍ ബന്ധനത്തില്‍ !...

എവിടുന്നൊക്കെയോ പത്രക്കാരും , സത്യത്തിന്‍റെ നേര്‍ കാഴ്ചയ്ക്കായി ചാനല്‍ കണ്ണുകളും മഴപ്പാറ്റകളേപ്പോലെ അവിടെ കുതിച്ചെത്തി. മുറിയുടെ മൂലയില്‍ ചവ്ട്ടിയരയ്ക്കപ്പെട്ട്, വാടിക്കരിഞ്ഞു കിടന്ന ചെമ്പനീര്‍ പൂവിലെയ്ക്ക് ഒരുപാട് ഫ്ലാഷുകള്‍ മിന്നി മറഞ്ഞു ..

ഇതിനിടെ ചില നാട്ടു പ്രമാണിമാര്‍ വിഷയത്തിന്‍റെ ഗൌരവം ഉള്‍ക്കൊണ്ടു ചാനലുകളുമായി അഭിമുഖ സംഭാഷണത്തിലേര്‍പ്പെട്ടു..ആള്‍ക്കൂട്ടത്തില്‍ നിന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നു പൊങ്ങി ..

'ഇവനെ പരസ്യമായി തൂക്കിലേറ്റണം...ഇനിയൊരിക്കലും ഇതാവര്ത്തിക്കപ്പെടരുത്' ..എന്നായി ചിലര്‍ ...

'ഇവന്‍റെ ലിംഗം മുറിക്കണം !... പാപികള്‍ക്കൊരു പാഠമാകണം ഇവന്‍..എന്ന് മറ്റു ചിലര്‍ ..

.ഒടുവില്‍ മണം പിടിച്ചു കാക്കിവേഷക്കാരുമെത്തി ...
"ജനങ്ങള്‍ നിയമം കൈയ്യിലെടുക്കരുത് ..ഇവനെ നിയമത്തിനു വിട്ടു തരിക " ...അവര്‍ അലറി വിളിച്ചു .....

"ഇല്ലാ..കോടതി മുറികളിലെ നീതിയുടെ തുലാസ്സില്‍ ഞങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു ...പൊതു ജനം മറു കൂവല്‍ കൂവി... ഇവന്‍റെ ശിക്ഷ ഇവിടെ തന്നെ നടപ്പാക്കപ്പെടും ...അപമാനിക്കപ്പെട്ടവള്‍ തന്നെ ഇവന്‍റെ തലയെടുക്കും ....അങ്ങനെ ഈ കപട ലോകത്തിനു ഇവള്‍ പഴുതില്ലാത്ത പുതിയ നിയമം കാട്ടിക്കൊടുക്കും "...

പെട്ടെന്ന് അവള്‍ അലമുറയിട്ടുകൊണ്ട് അവിടെയ്ക്കൊടി വന്നു പറഞ്ഞു ...
"അയ്യോ ! എന്നെക്കൊണ്ടാവില്ല ..നിങ്ങള്‍ അയാളെ ഉപദ്രവിക്കരുത് ...ദയവു ചെയ്തു അയാളെ അഴിച്ചു വിട്ടേക്കൂ.."

ഒരു നിമിഷം ആ മറുപടി എല്ലാവരെയും അന്ധാളിപ്പിച്ചു....പിന്നെ നാല് ചുറ്റും നിന്ന് ആക്രോശങ്ങള്‍ ഉയര്‍ന്നു .....'.രണ്ടിനേം ബാക്കി വെച്ചേക്കരുത്' !! ....നീതി ദേവതയുടെ മാനം കാക്കണം.. കൊല്ലവരെ !!....

ഹേ രാജാവേ ! ഞാന്‍ കഥയിവിടെ നിര്‍ത്തുകയാണ് ..ഇനി അങ്ങാണ് മറുപടി പറയേണ്ടത് ....ഇതില്‍ ആരാണ്‌ ശരി ...?

തെറ്റ്കാരനെ നിയമത്തിനു വിട്ടു തരണമെന്നു വാദിക്കുന്ന നിയമപാലകരോ ..?

അതോ പരസ്യമായി പൊതുജനമദ്ധ്യത്തില്‍ കടുത്ത ശിക്ഷ നടപ്പാക്കണം എന്ന് വാദിക്കുന്ന ജനങ്ങളോ?

അതുമല്ല..തന്‍റെ ജീവിതം നശിപ്പിച്ചവനെ വെറുതെ വിടണം എന്ന് യാചിക്കുന്ന പെണ്‍കുട്ടിയോ ?

'ശരിക്കും ആലോചിച്ചോളൂ ..ഉത്തരം ശരിയെങ്കില്‍ നമുക്ക് യാത്ര തുടരാം ...അതല്ല അങ്ങയ്ക്ക് തെറ്റുന്നുവെങ്കില്‍...........അതു ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ ..ഹ ഹ '...വേതാളം ഉറക്കെ ചിരിച്ചു ..

തെല്ലും അമാന്തിക്കാതെ തന്നെ വിക്രമാദിത്യന്‍ ഉത്തരം പറഞ്ഞു തുടങ്ങി ..

"തീര്‍ച്ചയായും ആ പെണ്‍കുട്ടി തന്നെയാണ് നൂറു ശതമാനം ശരി ..കാരണം പ്രായത്തില്‍ കവിഞ്ഞ അറിവും വിവേകവുമുള്ള അവള്‍ക്കു നന്നായി അറിയാം ...ഒരു മനുഷ്യ ജന്മത്തില്‍ ഏറ്റവും കൊടിയ പാപമാണ് പിതൃഹത്യയെന്ന്..".!!

"അല്ല രാജാവേ ..കഥയിലെ പ്രതി പിതാവാണെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞില്ല ..എന്നിട്ടും അങ്ങു ........?

"കഥകളെത്ര കേട്ടിരിക്കുന്നു വേതാളമേ .....ഇത് കേട്ടപ്പോഴേ മനസ്സിലായി ഉത്തരാധുനികമെന്ന് ...പിന്നെ ഉത്തരത്തിനായി അധികം തപ്പേണ്ടി വന്നില്ല...." !!

മറുപടി കേട്ട വേതാളം വിക്രമാദിത്യന്റെ കഴുത്തില്‍ നിന്ന് പിടി വിട്ടു മരക്കൊമ്പില്‍ തല കീഴായി കിടന്നു പൊട്ടിച്ചിരിച്ചു ......

No comments:

Post a Comment