Saturday, February 5, 2011

ലാസ്റ്റ് ഷോ !!

"മോളേ...മേരീ "...ഫിലിപ്പോസ് മാഷ്‌ പുറത്തു നിന്ന് നീട്ടി വിളിച്ചു .
".അപ്പച്ചന്‍ വിളിച്ചോ "? ...മേരി പുറത്തേയ്ക്ക് വന്നു ചോദിച്ചു ...
"മ്മം ..നീ ഈ പുളിയെടുത്ത് അകത്തു വെച്ചേര്...ഇന്നിനി വെയില് കാണുമെന്നു തോന്നുന്നില്ല ....തെക്കേ കോണില് മഴക്കാറ് ഉരുണ്ടു കൂടീട്ടുണ്ട്.....പെയ്തേക്കും ..ഇപ്പൊ ഒന്നിനും നേരോം കലോമില്ലല്ലോ "....

മേരി ഉണക്കാനിട്ടിരുന്ന പുളി ചാക്കോടെ മടക്കി കുട്ടയിലാക്കി ...
"ആ ചന്ദ്രനോട് അടുക്കളേല് ഒരു ചേര് കെട്ടിത്തരണേന്ന് എത്ര ദിവസായി പറേന്നതാ ..അതുണ്ടാരുന്നെ ഇപ്പൊ പകുതീം ഉണങ്ങി കിട്ടിയേനെ ....അപ്പച്ചന്‍ അയാളെ പുറത്തെങ്ങും കണ്ടില്ലാരുന്നോ "?....
"രാവിലെ കണ്ടാരുന്നു...അവനാ വിശ്വംഭരന്റെ കൂടെയാ ഇപ്പൊ ...മില്ലിലേക്കു തടി വെട്ടുന്ന പണിയല്ലിയോ....ദിവസം നാനൂറും അഞ്ഞൂറും കൂലി കിട്ടുന്നിടത്താ നിന്‍റെ ചേനക്കാര്യം ...നാളെയോ മറ്റോ ആട്ടെ ...ഒരു ചെറുത്‌ തട്ടിക്കൂട്ടാന്‍ നോക്കാം ..കുറച്ചു എഴക്കയറു വാങ്ങണം ....കുറെ നേരം കുത്തിയിരിക്കാന്‍ വയ്യാ ...അപ്പൊ തുടങ്ങും പുറത്ത് വെട്ടിപ്പിടുത്തം"......

"ആ ...ഇനി അതിന്റെ കുറവൂടേയുള്ളൂ ...അത് രണ്ടു വെയിലൂടെ കിട്ടുമ്പോ അങ്ങുണങ്ങിക്കോളും...അപ്പച്ചന്‍ വെറുതെ ഓരോന്ന് വരുത്തി വെയ്ക്കാന്‍ നിക്കണ്ട്ടാ" .......അതും പറഞ്ഞ് മേരി അകത്തേയുക്ക് നടന്നു

"സിസിലി മോള് ഇത് വരെ വന്നില്ലല്ലോടീ..നേരം വൈകുന്നല്ലോ" .....
"അവക്കിന്നു എക്സ്ട്രാ ക്ലാസുന്ടെന്നു പറഞ്ഞാരുന്നു ..വരാറാകുന്നെയുള്ളൂ ...ഇക്കൊല്ലം പത്തിലല്ലിയോ....പഴേ പോലല്ല ഒരുപാട് പഠിക്കാന്‍ ഉണ്ടത്രേ ...ഇപ്പൊ പുതിയ സിലബസല്ലേ ....പ്രോജെക്ടും ..കാര്യങ്ങളും ..അങ്ങനെന്തോക്കെയോ അവള് പറേന്നെ കേള്‍ക്കാം "

"മ് .മം എന്തായാലും ഞാന്‍ കവലേലോട്ടു നിക്കാം ...മഴക്കോള് കാരണം ഇപ്പോഴേ ഇരുട്ടിയ പോലായി."....മാഷ്‌ കുടേം എടുത്തു പുറത്തേയ്ക്ക്നടന്നു .....

ഗേറ്റ് കടന്ന് ചെമ്മണ്‍ പാതയിലൂടെയുള്ള നടത്തത്തിനിടയില്‍ മാഷിന്റെ മനസ്സ് പുറകോട്ടു നടന്നു..മറിയയുമൊത്ത് ഈ മല പ്രദേശത്ത് താമസം തുടങ്ങിയ കാലം ..ഇവിടുത്തെ യു .പി സ്കൂളിലേക്ക് മാറ്റം കിട്ടിയപ്പോള്‍ മറിയയ്ക്കായിരുന്നു ഏറെ നിര്‍ബന്ധം ...ഇവിടെ തന്നെ സ്ഥിരതാമസമാക്കാന്‍..അവള്‍ക്കല്ലേലും നാട്ടിന്‍പുറം വിട്ടൊരു ജീവിതം ഒരു തരം ഏച്ചു കെട്ടലായിരുന്നു.ഇവിടെ പൊറുതി തുടങ്ങുമ്പോള്‍ മൂത്തവള്‍ സാലി മാത്രമേ ഉണ്ടായിരുന്നുള്ളൂ സന്താനമായിട്ട്. പിന്നീടും കര്‍ത്താവ്‌ വിധിച്ചത് രണ്ടും പെണ്ണ് തന്നെയായിരുന്നു ...മേരീം , സിസിലീം ..

അന്ന് തോട്ടം തൊഴിലാളികളായിരുന്നു ഈ പ്രദേശത്തധികവും.. പകലന്തിയോളം പണിയെടുത്ത് നാളത്തെ കൂലി മാത്രം സ്വപ്നം കണ്ടുറങ്ങുന്നവര്‍ ...പിന്നെ കുറെ നാട്ടു പ്രാമാണികളായിരുന്നു ന്യൂന പക്ഷം ...തോട്ടം ഉടമകളായ ജന്മി വര്‍ഗ്ഗം .....അവര്‍ക്കിടയില്‍ വിയര്‍പ്പിന്റെ ഉപ്പും വിളവിന്റെ മധുരവും തമ്മിലുള്ള ഏകതാനത ഒരു വിപ്ലവത്തിനും വഴി വെയ്ക്കാതെ ഒഴുകി ക്കൊണ്ടിരുന്നു ..അന്ന് കവലേല് ആകെ ഉണ്ടായിരുന്നത് മഞ്ഞപ്പിത്തം പിടിച്ചു മരിച്ച കുട്ടന്റെ ചായപ്പീടിക മാത്രം ...ചില മേല്‍വിലാസം തിരക്കി അപൂര്‍വമായി മാത്രം പട്ടണത്തീന്ന് വരുന്നവരായിരുന്നു ഈ പ്രദേശത്തിന് പുറം ലോകവുമായുള്ള ബന്ധം .അതൊഴിച്ചാല്‍ തികച്ചും ഒറ്റപ്പെട്ട തുരുത്ത് ...

താനും മറിയേം, മക്കളും വളരെ വേഗം തന്നെ ഈ നാടിന്റെ മക്കളായി മാറിയിരുന്നു.. ഒരു തരം മുന്‍ജന്മ ബന്ധം പോലെ ....അത് കൊണ്ടു തന്നെ നാട്ടുകാരാരും ഒരിക്കലും വരത്തരെന്ന കണ്ണാല്‍ തന്നേം കുടുംബത്തേം കണ്ടിട്ടുമില്ല.. മറിയയ്ക്കെപ്പോഴും പെണ്മക്കളെ ചൊല്ലിലുള്ള ആധി മാത്രമായിരുന്നു ...'കര്‍ത്താവ്‌ തന്നെ എല്ലാത്തിനും ഒരു വഴി തുറന്നു തരും ..തരാതിരിക്കില്ല '....അവളെ ആശ്വസിപ്പിക്കുന്ന തന്റെ സ്ഥിരം വേദ വാക്യം ഇത് തന്നെയായിരുന്നു ..പെട്ടെന്ന് വന്ന ഒരാലോചനയായിരുന്നു സാലിക്ക് .....പയ്യന്‍ ഒരു കോണ്‍ട്രാക്ടറാണ്...അച്ഛനും അമ്മയ്ക്കും രണ്ടാണ് മക്കളില്‍ മൂത്തവന്‍ ...പ്രത്യേകിച്ച് ബാധ്യതകളൊന്നുമില്ല .മറിയക്കും അതെങ്ങനെലുമോന്നു നടന്നു കിട്ടിയാല്‍ മതിയെന്നായിരുന്നു .....ഒടുവില്‍ അത് വരെ സ്വരുക്കൂട്ടി വെച്ചിരുന്നതും ..തിരിച്ചു മറിച്ചതുമെല്ലാം ചേര്‍ത്ത് തരക്കേടില്ലാതെ തന്നെകെട്ടു നടത്തി .....

മറിയക്ക് പകുതി സമാധാനം കിട്ടിയപോലായിരുന്നു ...പക്ഷെ അത് അധികമൊന്നും നീണ്ടു നിന്നില്ല ...മരുമോന്റെ തനി സ്വരൂപം ഏറെ വൈകാതെ തന്നെ വെളിപ്പെട്ടു തുടങ്ങി ...ആദ്യമൊന്നും സാലി ഒന്നും തുറന്നു പറഞ്ഞിരുന്നില്ല ...പക്ഷെ എപ്പോഴും അവളുടെ മുഖത്ത് ഒരു വിഷാദം നിഴലിച്ചു കിടന്നിരുന്നു. ഒരു പേരിനു വേണ്ടി മാത്രമായിരുന്നു അയാള്‍ക്ക്‌ വിവാഹമെന്ന് വൈകാതെ എല്ലാര്‍ക്കും മനസ്സിലായി

വീട്ടുകാരുമായി തെറ്റി ഇപ്പോള്‍ വാടക വീട്ടിലാക്കി താമസം ...അവരിറക്കി വിട്ടതാണെന്നും നാട്ടുകാര് പറഞ്ഞു കേള്‍ക്കാം ...സാലിയുടെ വിധിയെ ചൊല്ലി ആവലാതി പറയാന്‍ മാത്രമേ മറിയക്ക് പിന്നീട് നേരമുണ്ടാരുന്നുള്ളൂ ....ഒടുവില്‍ ആധി കൂടിയാവണം ....ഒരു ചെറിയ വിമ്മിഷ്ടോം ...വിറയലും.... വന്ന് ഒരു ദിവസം അവളെല്ലാം മതിയാക്കി പൊയ്ക്കളഞ്ഞു ..പുണ്യം ചെയ്തതവളാ....തന്നെ പ്പോലെ എല്ലാം കണ്ടു നെഞ്ച് പൊട്ടി കിടക്കേണ്ടി വന്നില്ലല്ലോ ......

ഓരോന്നാലോചിച്ച് നടന്നു നേരം പോയതറിഞ്ഞില്ല ...അപ്പച്ചാന്നുള്ള സിസിലിയുടെ വിളി കേട്ടാണ് മാഷ്‌ ഓര്‍മ്മകളില്‍ നിന്നുണര്‍ന്നത്‌ ....എതിരെ സിസിലിയും കൂടെ സാലിയും.....
"നീയെന്താ ഇവടെ കൂടെ "?.
"വല്യേച്ചി സ്കൂളില്‍ വന്നിരുന്നു ....പിന്നെ ഞങ്ങള്‍ ഒന്നിച്ചിങ്ങോട്ടു പോന്നു ...സിസിലി പറഞ്ഞു നിര്‍ത്തി..
"മ് മം ...മാഷ്‌ തിരിഞ്ഞു നടന്നു ...എങ്കിലും സാലിയുടെ മുഖ ഭാവം മാഷില്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍ ഉണ്ടാക്കി ..
മേരി പുറത്തേയ്ക്ക് നോക്കി ഉമ്മറത്ത്‌ തന്നെയുണ്ടായിരുന്നു ...സാലിയെ കണ്ട് അവള്‍ സന്തോഷത്തോടെ മുറ്റത്തേയ്ക്കിറങ്ങി വന്നു..

സാലി ചിരിക്കാന്‍ ഒരു പാഴ് ശ്രമം നടത്തി നോക്കി ..
"ചേച്ചി ഇരിക്ക് ഞാന്‍ ചായയെടുക്കാം" ..
അവള്‍ വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല ....
"അല്ലെങ്കില്‍ ചേച്ചി ഒന്ന് കുളിച്ചിട്ടു വന്നേര്...അപ്പോഴേക്കും ഞാന്‍ കഴിക്കാന്‍ എന്തേലും എടുക്കാം" ...


രാത്രി ...ചീവീടിന്റെ മൂളല്‍ നിര്‍ത്താതെ കേള്‍ക്കുന്നുണ്ട് ....പുറത്തിപ്പോഴും മഴ ചാറുന്നുന്ടെന്നു തോന്നുന്നു ..സാലി വന്നപ്പോള്‍ മുതല്‍ ഒരക്ഷരം മിണ്ടാതെ ഒരേ ഇരിപ്പാണ് ...മേരി ഒന്ന് രണ്ടു തവണ വാതില്‍ക്കല്‍ വന്നു നോക്കിയതാണ് ...പിന്നെ തിരിച്ചു പോന്നു ...ഇത്തവണ അവള്‍ അടുത്ത് ചെന്ന് തോളത്തു കൈ വെച്ച് വിളിച്ചു ..
"ചേച്ചീ ..."
സാലി ഞെട്ടിയുണര്‍ന്നു മേരിയെ നോക്കി ...പിന്നെ പതുക്കെ അവളിളില്‍ നിന്നും കണ്ണു കളടര്‍ത്തി മാറ്റി.

എന്താ ചേച്ചീ വല്ലാണ്ടിരിക്കുന്നെ ..വന്നപ്പോ മുതല് ശ്രദ്ധിക്കുന്നു ..
ഒന്നുമില്ലാ ..വെറുതെ ..സാലി പറഞ്ഞൊപ്പിച്ചു ...

ഇനിയെന്ത് ചോദിക്കുമെന്നോര്‍ത്തു മേരി വാക്കുകള്‍ക്കു പരതി.
"അയാളിപ്പോഴും ചേച്ചിയെ ഉപദ്രവിക്കാറു ണ്ടോ"?...
സാലിയില്‍ നിന്നും അതിനുത്തരമൊന്നുമുണ്ടായില്ല..
"കണ്ണും മുഖവുമെല്ലാം വീങ്ങിയിരിക്കുവാണല്ലോ...ഇങ്ങനാണേല്‍ ഇനി തിരിച്ചു പോകണ്ടാ ...ഞാന്‍ അപ്പച്ചനോട് പറയാന്‍ പോകുവാ "...

"വേണ്ടാ ..ഇനി പ്രശ്നമൊന്നുമുണ്ടാകില്ല .അയാള്‍ക്കെന്നെ മടുത്തു തുടങ്ങിയെന്നു പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടക്കച്ചോടമാരുന്നത്രേ ഈ ബന്ധം ... ഇതെല്ലാം കേടു ശീലമായതു കൊണ്ടു ഇപ്പൊ ഒരു മരവിപ്പ് മാത്രമായിരിക്കുന്നു ..

ഇന്നയാള് പറേവാ സിസിലിയെ അവിടെ നിര്‍ത്തി പഠിപ്പിക്കാമെന്നു ....അത് പറയുമ്പം അയാള്‍ടെ കഴുകന്‍ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടതാ ....പറ്റില്ലാന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു ...അവള്‍ക്കു സ്കൂള്‍ അവിടുന്ന് അടുത്തല്ലേന്ന് ...പുതിയ കണ്ടു പിടുത്തം ..അവളെ അവടെ വീട്ടുകാര് നോക്കിക്കോളും നിങ്ങള് ബുദ്ധിമുട്ടണ്ടാന്നു പറഞ്ഞു ഞാന്‍ ...അപ്പൊ ആ ദ്രോഹി പറേവാ അവളെക്കൂടി ഇവിടെ നിറുത്തിയാലെ അയാടെ നഷ്ടം തീരൂന്നു ......എനിക്ക് സഹിക്കാവുന്നെനപ്പുറമായിരുന്നത് ..ഞാനയാളുടെ മുഖത്ത് കാറിത്തുപ്പി. എന്റെ മുടിക്ക് ചുറ്റി വട്ടം കറക്കി ഭിത്തിയിലടിച്ചു ..കുറെ നേരത്തേയ്ക്ക് എനിക്ക് ബോധമുണ്ടായിരുന്നില്ല ......ഞാ...ന്‍......" ..വിതുമ്പ ലുക്ള്‍ക്കും കണ്ണീരിനുമിടയില്‍ വാക്കുകള്‍ വിറച്ചു മരിച്ചു..

"ഞാന്‍ അപ്പച്ചനെ വിളിക്കാം" ..മേരി തിരിഞ്ഞു നോക്കുമ്പോള്‍ ഫിലിപ്പോസ് മാഷ്‌ തൊട്ടു പുറകില്‍ തന്നെയുണ്ടായിരുന്നു ..അയാള്‍ നനഞ്ഞ കണ്ണുകളൊപ്പിക്കൊണ്ട് പറഞ്ഞു ....

"മതി മോളേ ഇത് ഇനി മുന്നോട്ടു കൊണ്ടുപോകുന്നതിലര്‍ത്ഥമില്ല ..നാളെ തന്നെ ഞാന്‍ വക്കീലിനെ കാണുന്നുണ്ട് ....അതിനു മുന്‍പ് ഞാനവനെ ശെരിക്കുമൊന്നു കാണുന്നുണ്ട് ..തനിച്ചല്ല ..നാലാളെക്കൂട്ടി തന്നെ ...ഇത്ര നാള്‍ കഷമിച്ചു .....അതിലേറെ സഹിച്ചു എന്റെ മോള് ....അത് അവനെ ഞാനറിയിക്കും ...ആ ദ്രോഹി കാരണമാ നിന്റമ്മച്ചി ചങ്ക് പൊട്ടി മരിച്ചത് ...എന്നിട്ടും ഞാന്‍ ഇത്ര നാളും പൊറുത്തു...നിന്റെ ജീവിതമോര്‍ത്ത് ....."

"വേണ്ടപ്പച്ചാ ..അയാളെ ശല്യപ്പെടുത്തണ്ടാ ..അയാളവിടെ കിടന്നു സ്വസ്ഥമായുറങ്ങിക്കോട്ടേ ...ആരെടെം ശല്യമില്ലാണ്ട് ...."
"അങ്ങനെ നിന്റെ സ്വസ്ഥത നശിപ്പിച്ചിട്ടു അവന്‍ സുഖമായുറങ്ങണ്ട......"
"വേണ്ടെന്നു പറഞ്ഞില്ലേ അപ്പച്ചാ ..ഞാനയാളെ ആര് വിളിച്ചാലും ഉണരാത്ത പോലെ ഉറക്കി കെടത്തീട്ടാ വന്നിരിക്കുന്നെ ...."
ഫിലിപ്പോസ് മാഷ്‌ ആയിരം ചോദ്യങ്ങള്‍ നിറഞ്ഞ മുഖമുയര്‍ത്തി സാലിയെ നോക്കി...

അവള്‍ പ്രത്യേകിച്ചൊരു ഭാവ ഭേദവുമില്ലാതെ തുടര്‍ന്നു..

"അതെ തെക്കേ ചരിപ്പിലുണ്ട് ...

കുഴിച്ചിട്ടിരിക്കുവാ....."!!

"അയാള്‍ ......ഉ..റ..ങ്ങ ട്ടെ.......എല്ലാ.... നഷ്ട ..ങ്ങ ളും മറന്നു റങ്ങ ട്ടെ ."........അവള്‍ അവ്യക്തമായി പുലമ്പി ക്കൊണ്ടിരുന്നു

അകത്തെ മുറിയില്‍ നിന്നും സിസിലിയുടെ പുസ്തകവായന ഇപ്പോള്‍ കുറച്ചുകൂടി വ്യക്തമായി കേള്‍ക്കാം :
"ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അയാളുടെ കുടുംബത്തില്‍ നിന്ന് തന്നെ തുടങ്ങുന്നു ...
വ്യക്തിയും കുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധം ....വ്യക്തിയും സമൂഹവും.........................................................

No comments:

Post a Comment