Saturday, February 5, 2011

ആത്മാവിന്‍റെ ഭാഷണം !!

ജീവിതാവസാനം വരെ അയാള്‍ 'ഒരു നല്ല മനുഷ്യന്‍' എന്ന പേര് നിലനിര്‍ത്തി ..
ഒന്നോര്‍ത്താല്‍ ഒരു മനുഷ്യ ജീവിതത്തില്‍ അധികമാര്‍ക്കും സാധിക്കാത്തത് തന്നെ.

അച്ഛനും, അമ്മയ്ക്കും താങ്ങും തണലുമായ മകന്‍ ...

ഭാര്യയ്ക്ക് സ്നേഹനിധിയായ ഭര്‍ത്താവ്...

മക്കളെ നെഞ്ചോടു ചേര്‍ത്ത്‌ ഇരുള്‍ വഴിയില്‍ സ്വയം എരിഞ്ഞു നേര്‍ വഴി നടത്തി ..

തനിക്കു ചുറ്റും നിലവിളിക്കുന്നവന്‍റെ ശബ്ദത്തിലെ മാറ്റൊലി തന്റേതു തന്നെ എന്ന തിരിച്ചറിവില്‍ , മനസ്സ് ജീര്‍ണിച്ച ഒരു സമൂഹത്തിന് അയാള്‍ മുന്‍പേ നടക്കുന്നവനായി .

ഒടുവില്‍ ഭൂമി കറങ്ങുന്നു എന്ന സത്യത്തിനു അടിവരയിട്ടു കൊണ്ട് അയാളും ആറടി മണ്ണിന്‍റെ അടിത്തട്ടിലേക്ക് വിട വാങ്ങി ...
.......................................................................................................................................

മരണാനന്തരം അയാളുടെ ആത്മാവ് സൃഷ്ടികര്‍ത്താവിനെ തേടിയെത്തി ..ദൈവം സ്വപുത്രനെ സ്നേഹത്തോടെ ആശ്ലേഷിച്ചു ....

"മകനെ ഏതൊരു പിതാവിനും തെല്ല് അഹങ്കാരത്തോടെ അഭിമാനിക്കാന്‍ നിന്നെപ്പോലൊരു പുത്രനെ കിട്ടുന്നത് മഹാഭാഗ്യം തന്നെ !!.ഒരു പക്ഷെ പതിനായിരം സൃഷ്ടികളില്‍ ഒന്ന് മാത്രം .. എന്‍റെ കല്‍പ്പനകള്‍ അണുവിട തെറ്റാതെ ഭൂമിയില്‍ ഒരു ജീവചക്രം പൂര്‍ത്തിയാക്കിയ നിനക്ക് അടുത്ത ജന്മം ശാന്തസുന്ദരമായ ഒരു വെള്ളരിപ്രാവിന്‍റെതാകും ...."

"വേണ്ട പിതാവേ !..പൊടുന്നനെ ആത്മാവ് സംസാരിച്ചു തുടങ്ങി ..

എനിക്ക് വെള്ളരി പ്രാവിന്‍റെ ശാന്തത വേണ്ട ..പകരം എതിരാളിയെ കീഴടക്കാന്‍ ,

ഏതു പാറക്കല്ലിലും ആഴ്ന്നിറങ്ങാന്‍ ശേഷിയുള്ള മൂര്‍ച്ചയേറിയ ചുണ്ടുകള് ‍വേണം ..

ഏതു കൊടുങ്കാറ്റിലും ഉലയാതെ നില്‍ക്കാന്‍ ഉറച്ച ചിറകുകള്‍ വേണം ..

ഒറ്റക്കുതുപ്പില്‍ ഇരയെ റാഞ്ചി പറക്കാന്‍ കൂര്‍ത്തു വളഞ്ഞ നഖങ്ങള് ‍വേണം..

എല്ലാം ഒത്തിണങ്ങിയ ഒരു ശവംതീനി പക്ഷിയായാല്‍ ഏറെ നന്ന്" ...

"എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല കുഞ്ഞേ നിന്‍റെ വാക്കുകള്‍ ! ..ഒരു ജന്മം മുഴുവന്‍ ‍നന്മയുടെ.. ,സ്നേഹത്തിന്‍റെ...,കരുണയുടെ.. പ്രതിരൂപമായിരുന്ന നീ.....പകയുടെയും ,പ്രതികാരത്തിന്റെയും, മാംസ ദാഹത്തിന്റെയും മറു ജന്മം കൊതിക്കുന്നുവെന്നോ "?..

"എന്നോട് പൊറുക്കണം പ്രഭോ..എന്തെന്നാല്‍ ...................................................

അവര്‍ക്കിടയില്‍ തളം കെട്ടിയ മൌനത്തിലേക്ക്‌ കാറ്റ് ചൂളം വിളിക്കുന്നുണ്ടായിരുന്നു....

No comments:

Post a Comment